തായ്‌പേയ് :തങ്ങളുടെ വ്യോമ, കടല്‍ അതിര്‍ത്തി പ്രദേശത്തുകൂടി ചൈനീസ് വിമാനങ്ങളും കപ്പലുകളും സഞ്ചരിച്ചതായി തായ്‌വാന്‍. ഞായറാഴ്‌ചയാണ് വിമാനങ്ങളും കപ്പലുകളും സഞ്ചരിച്ചതായി അധികൃതര്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച വിവരം തായ്‌വാൻ പ്രതിരോധ മന്ത്രാലയമാണ് പുറത്തുവിട്ടത്.
തായ്‌വാന്‍ അതിര്‍ത്തിയില്‍ 46 ചൈനീസ് വിമാനങ്ങളും നാല് കപ്പലുകളും ; പട്രോളിങ് ശക്തമാക്കി മറുപടി - പീപ്പിൾസ് ലിബറേഷൻ ആർമി
അതിര്‍ത്തി പ്രദേശത്തുകൂടി 46 ചൈനീസ് വിമാനങ്ങളും നാല് കപ്പലുകളും സഞ്ചരിച്ചതായി തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം
46 ചൈനീസ് വിമാനങ്ങളും നാല് കപ്പലുകളുമാണ് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം വ്യോമ, നാവിക പട്രോളിങ് ശക്തമാക്കിയാണ് തായ്‌വാന്‍ ചൈനയ്‌ക്ക് മറുപടി നല്‍കിയത്. പ്രതിരോധ വകുപ്പ് സ്ഥിതിഗതികൾ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്‌തിട്ടുണ്ട്. തായ്‌വാൻ കടലിടുക്കിന്‍റെ മധ്യരേഖയുടെ കിഴക്കുഭാഗത്തും തെക്കുപടിഞ്ഞാറൻ വ്യോമ പ്രതിരോധ മേഖലയിലുമാണ് കപ്പലുകളും വിമാനങ്ങളും സഞ്ചരിച്ചത്.
ചൈനയുടെ ഭാഗത്തുനിന്നും സമാനമായ നീക്കങ്ങള്‍ പലപ്പോഴായി തുടരുന്നുണ്ടെന്നും ഇത് ഒറ്റപ്പെട്ടതല്ലെന്നുമാണ് തായ്‌വാന്‍റെ അവകാശവാദം. ശനിയാഴ്‌ച, പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) ഒന്‍പത് വിമാനങ്ങളും രണ്ട് കപ്പലുകളും തായ്‌വാൻ അതിര്‍ത്തി പ്രദേശത്ത് കണ്ടെത്തിയെന്നും അധികൃതര്‍ പറയുന്നു.