ബെയ്‌ജിംഗ്: തായ്‌വാനെ ചൈനയുമായി ഏകോപിപ്പിക്കാനുള്ള ശ്രമം തുടരുമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ്. മൂന്നാം തവണയും ചൈനയുടെ ഭരണം പിടിച്ചെടുക്കാൻ ഒരുങ്ങുകയാണ് ഷി. ദേശീയ പരമാധികാരം, സുരക്ഷ, വികസന താത്‌പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി രാജ്യത്തിന്‍റെ സൈന്യത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നും ചൈനയിൽ നടന്ന ഒരാഴ്‌ച നീണ്ടു നിൽക്കുന്ന 20-ാമത് കമ്മ്യൂണിസ്‌റ്റ് പാർട്ടി കോൺഗ്രസ് ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് ഷി ജിൻപിംഗ് പറഞ്ഞു. തായ്‌വാൻ സ്വയം ഒരു പരമാധികാര രാഷ്‌ട്രമായാണ് കണക്കാക്കുന്നത്.
ചൈനയിൽ നടന്ന ഒരാഴ്‌ച നീണ്ടു നിൽക്കുന്ന 20-ാമത് കമ്മ്യൂണിസ്‌റ്റ് പാർട്ടി കോൺഗ്രസിന് തുടക്കം എന്നാൽ ചൈന ഇത്തരത്തിൽ സ്വയം ഭരിക്കുന്ന ദ്വീപിനെ ഒരു വേർപിരിഞ്ഞ പ്രവിശ്യയായി മാത്രമാണ് കാണുന്നത്. തായ്‌വാനിലെ എല്ലാ വിഘടനവാദ പ്രസ്ഥാനങ്ങളും തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഷി പറഞ്ഞു. 69 കാരനായ ഷിയുടെ നേതൃത്വത്തിലുള്ള ഭരണം 10 വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിനാൽ പാർട്ടിയിലെ അടുത്ത പ്രമുഖ നേതാവായ പ്രീമിയർ ലീ കെകിയാങ് ഉൾപ്പെടെയുള്ള പല മുൻ നിര നേതാക്കന്മാർക്കും സ്ഥാനചലനമുണ്ടാകാം.
പല നേതാക്കളും പാർട്ടി സ്ഥാനങ്ങളിൽ നിന്നും പുറത്താക്കപ്പെടാം. പ്രായപരിധി, രണ്ട് തവണത്തെ ഭരണം എന്നിവ മുൻനിർത്തിയാണ് പാർട്ടി സ്ഥാനങ്ങളിൽ വ്യത്യാസം കൊണ്ടുവരിക. എന്നാൽ പാർട്ടിയുടെ സ്ഥാപകൻ മാവോ സേതുങ്ങിന് ശേഷം രാജ്യത്തെ ഏറ്റവും ശക്തനായ നേതാവായി പാർട്ടിയുടെ ജനറൽ സെക്രട്ടറിയും പ്രസിഡന്‍റും സിഎംസിയുടെ ചെയർമാനുമായ ഷിയെ കാണുന്നതിനാൽ നേതൃസ്ഥാനത്തേയ്‌ക്ക് ഷി ജിൻപിംഗ് തന്നെ തെരഞ്ഞെടുക്കപ്പെടും.
2,300 ലധികം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഞായറാഴ്‌ച നടന്ന കോൺഗ്രസിൽ പങ്കെടുത്തിരുന്നു. തായ്‌വാൻ ചൈനയുമായി ബന്ധിപ്പിച്ചുകൊണ്ട് ചൈനയുടെ പുനരേകീകരണം പൂർത്തിയാക്കുമെന്ന് ഷി കോൺഗ്രസിൽ പ്രഖ്യാപിച്ചു. ഏറ്റവും ആത്മാര്‍ഥതയോടെയും സമാധാനപരമായും ഈ ഏകീകരണത്തിനായി തങ്ങൾ ശ്രമിക്കുമെന്നും എന്നാൽ ബലപ്രയോഗം ഉപേക്ഷിക്കും എന്ന വാഗ്‌ദാനം നൽകാൻ ആവില്ലെന്നും ഷി വ്യക്തമാക്കി.
തായ്‌വാൻ സ്വദേശികളോട് ബഹുമാനവും കരുതലും കാണിക്കുകയും അവർക്ക് ആനുകൂല്യങ്ങൾ എത്തിക്കാൻ പ്രവർത്തിക്കുകയും ചെയ്യും. 2027ലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നൂറാം വാർഷികത്തിനായുള്ള ലക്ഷ്യങ്ങൾ കൈവരിക്കുക, ജനകീയ സായുധ സേനയെ ലോകോത്തര നിലവാരത്തിലേക്ക് വേഗത്തിൽ ഉയർത്തുക എന്നിവ എല്ലാ അർത്ഥത്തിലും ആധുനിക സോഷ്യലിസ്റ്റ് രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള കടമകൾ ആണെന്നും ഷി പറഞ്ഞു. സെൻട്രൽ മിലിട്ടറി കമ്മിഷൻ (സിഎംസി) ചെയർമാനിൽ നിക്ഷിപ്‌തമായ ആത്യന്തിക ഉത്തരവാദിത്ത സംവിധാനം നടപ്പിലാക്കുന്നതിനുള്ള സ്ഥാപനങ്ങളും സംവിധാനങ്ങളും പാർട്ടി മെച്ചപ്പെടുത്തും.
ഭക്ഷണം, ഊർജം, പ്രധാന വ്യാവസായിക, വിതരണ ശൃംഖലകൾ, വിദേശത്തുള്ള ചൈനീസ് പൗരന്മാരുടെ നിയമപരമായ അവകാശങ്ങൾ എന്നിവ ഉറപ്പാക്കാൻ ശേഷിയും സ്ഥാപനങ്ങളും ചൈന കൊണ്ടുവരേണ്ടതുണ്ട്. പ്രസംഗത്തിൽ ആഭ്യന്തര പ്രശ്‌നങ്ങളിലും തന്‍റെ നേതൃത്വത്തിന് കീഴിലുള്ള പാർട്ടിയുടെ വികസനത്തിലും ഷി ജിൻപിംഗ് ശ്രദ്ധ കേന്ദ്രീകരിച്ചു. ചൈന തങ്ങളുടെ ദേശീയ സുരക്ഷാ സംവിധാനം നവീകരിക്കണമെന്നും സാമൂഹിക സ്ഥിരത സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.