കേരളം

kerala

ETV Bharat / international

തായ്‌വാന്‍റെ വ്യോമ പ്രതിരോധ മേഖല കടന്ന് ചൈനീസ് യുദ്ധവിമാനങ്ങള്‍ - തായ്‌വാന്‍റെ വ്യോമ പ്രതിരോധ മേഖല

തായ്‌വാന്‍ കടലിടുക്കില്‍ ഉയര്‍ന്ന സംഘര്‍ഷ സാധ്യത

China Taiwan conflict  aftermath of Nancy Pelosi visit to Taiwan  crisis in Taiwan strait  തായ്‌വാന്‍റെ വ്യോമ പ്രതിരോധ മേഖല  ചൈന തായ്‌വാന്‍ സംഘര്‍ഷം  തായ്‌വാന്‍ കടലിടുക്കില്‍ ഉയര്‍ന്ന സംഘര്‍ഷ സാധ്യത  തായ്‌വാന്‍റെ വ്യോമ പ്രതിരോധ മേഖല  തായ്‌വാന്‍റെ ADIZ
തായ്‌വാന്‍റെ വ്യോമ പ്രതിരോധ മേഖല കടന്ന് ചൈനീസ് യുദ്ധവിമാനങ്ങള്‍

By

Published : Aug 3, 2022, 10:59 PM IST

തായ്‌പി : തായ്‌വാന്‍റെ വ്യോമ പ്രതിരോധത്തെ വെല്ലുവിളിച്ച് ചൈന. തായ്‌വാന്‍റെ ADIZ (വ്യോമ പ്രതിരോധ നിര്‍ണയ മേഖല- air defense identification zone) ലേക്ക് ചൈന യുദ്ധവിമാനങ്ങള്‍ അയച്ചു. സുരക്ഷയ്‌ക്കായി രാജ്യങ്ങള്‍ പ്രഖ്യാപിക്കുന്ന ആകാശ മേഖലയാണ് ADIZ. ഈ മേഖലയിലേക്ക് എത്തുന്ന വിമാനങ്ങളെ ആ രാജ്യം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

27 യുദ്ധവിമാനങ്ങളാണ് തങ്ങളുടെ ADIZലേക്ക് ഇന്ന് (3.08.2022) ചൈന അയച്ചതെന്ന് തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ തായ്‌വാന്‍ വിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ചൈനയുടെ നടപടി. ആറ് J-11 ഫൈറ്റര്‍ ജെറ്റുകള്‍, അഞ്ച് J-16 മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍, 16 SU-30 യുദ്ധ വിമാനങ്ങള്‍ എന്നിവയാണ് തായ്‌വാന്‍റെ ADIZലേക്ക് കടന്നത്.

21 ചൈനീസ് യുദ്ധ വിമാനങ്ങള്‍ തായ്‌വാന്‍റെ തെക്ക് വടക്ക് ഭാഗത്തെ വ്യോമ പ്രതിരോധ മേഖലയില്‍ തിങ്കളാഴ്‌ച(1.08.2022) കടന്നിരുന്നു. ചൈനയുടെ കടന്നുകയറ്റത്തിന് പ്രതികരണമായി വ്യോമ നിരീക്ഷണ വിമാനങ്ങള്‍ അയച്ചെന്നും വിമാനവേധ മിസൈലുകള്‍ സജ്ജമാക്കിയെന്നും തായ്‌വാന്‍ അറിയിച്ചു. യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം തായ്‌വാന്‍ കടലിടുക്കില്‍ സംഘര്‍ഷത്തിന്‍റ കാര്‍മേഖങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

തായ്‌വാന്‍ കടലിടുക്കില്‍ നാളെ(04.08.2022)മുതല്‍ മൂന്ന് ദിവസം നീളുന്ന സൈനിക അഭ്യാസം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈനയുടെ പിഎല്‍എ(പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി). തായ്‌വാനെ വളഞ്ഞ് കടലിടുക്കിലെ ആറ് മേഖലകളിലാണ് നാവികസേനയും വ്യോമസേനയും സംയുക്തമായി സൈനിക അഭ്യാസം നടത്തുന്നത്. ഡമ്മി തിരകളല്ല മറിച്ച് യഥാര്‍ഥത്തിലുള്ള തിരകളായിരിക്കും സൈനിക അഭ്യാസത്തില്‍ ഉപയോഗിക്കുക.

ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരം അനുസരിച്ച് അഭ്യാസത്തിനായി നിശ്ചയിച്ച ആറ് മേഖലകളില്‍ മൂന്ന് മേഖലകള്‍ തായ്‌വാന്‍ തങ്ങളുടെ അതിര്‍ത്തിയില്‍പ്പെടുന്നതെന്ന് അവകാശപ്പെടുന്ന കടലിലാണ്. തായ്‌വാന്‍ കടലിടുക്ക് പൂര്‍ണമായും തങ്ങളുടെ പരമാധികാരത്തില്‍പ്പെടുന്നതാണെന്ന് ഈ വര്‍ഷം ചൈന പ്രഖ്യാപിച്ചിരുന്നു. ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര കപ്പല്‍ പാതകളില്‍ ഒന്നാണ് തായ്‌വാന്‍ കടലിടുക്ക്.

സൈനിക അഭ്യാസം നടക്കുന്ന സമയത്ത് പ്രസ്‌തുത മേഖലകളിലൂടെ കപ്പലുകളോ വിമാനങ്ങളോ പോകാന്‍ പാടില്ലെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തായ്‌വാനും യുഎസും ഈ മുന്നറിയിപ്പ് പാലിക്കുമോ എന്നാണ് നയതന്ത്ര വിദഗ്‌ധര്‍ ഉറ്റുനോക്കുന്നത്. ഈ മുന്നറിയിപ്പ് പാലിച്ചില്ലെങ്കില്‍ ചൈന-യുഎസ് സംഘര്‍ഷത്തിലേക്ക് അത് നയിച്ചേക്കാം.

യുഎസില്‍ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമാണ് ജനപ്രതിനിധി സഭ സ്പീക്കര്‍ക്കുള്ളത്. അത്രയും ഉയര്‍ന്ന സ്ഥാനമുള്ള വ്യക്തി തായ്‌വാന്‍ സന്ദര്‍ശിച്ചത് ചൈന നയത്തിന്‍റെ(one China policy) ലംഘനമാണെന്നാണ് അവര്‍ പറയുന്നത്. 1979മുതല്‍ യുഎസ് ചൈന നയമാണ് സ്വീകരിക്കുന്നത്. തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്ന് സമ്മതിച്ച് കൊടുക്കുന്നതാണ് ഇത്. അതുകൊണ്ട് തന്നെ തായ്‌വാനുമായി നയതന്ത്രബന്ധം അമേരിക്ക വച്ച് പുലര്‍ത്തുന്നില്ല. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിലൂടെ യുഎസ് ആണ് പ്രകോപനം സൃഷ്‌ടിച്ചതെന്നും സൈനിക അഭ്യാസം തങ്ങളുടെ പരമാധികാരം ഊട്ടി ഉറപ്പിക്കാന്‍ ആവശ്യമാണെന്നുമാണ് ചൈന പ്രതികരിച്ചത്.

ABOUT THE AUTHOR

...view details