തായ്‌പേയ്: തായ്‌വാന്‍ കടലിടുക്കില്‍ ചൈനയുടെ സൈനിക അഭ്യാസ പ്രകടനം. ഇന്ന് പ്രാദേശിക സമയം രാവിലെ ആറ് മണിയോടെ തായ്‌വാന് ചുറ്റും ചൈനീസ് വിമാനങ്ങളും യുദ്ധക്കപ്പലുകളും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. തായ്‌വാന്‍ പ്രതിരോധ മന്ത്രാലയമാണ് വിവരം ട്വിറ്ററില്‍ അറിയിച്ചത്.
13 പിഎല്‍എ വിമാനങ്ങളും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ മൂന്ന് കപ്പലുകളുമാണ് തായ്‌വാന് ചുറ്റും അഭ്യാസ പ്രകടനം നടത്തുന്നത്. തായ്‌വാന്‍ പ്രസിഡന്‍റ് സായ് ഇങ് വെന്‍ തന്‍റെ യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ചൈനീസ് നടപടി. ചൈനീസ് സൈനിക അഭ്യാസത്തെ തങ്ങളുടെ സായുധ സേന നിരീക്ഷിച്ചിട്ടുണ്ടെന്നും ഈ പ്രവർത്തനങ്ങളോട് പ്രതികരിക്കാൻ കോംബാറ്റ് എയർ പട്രോൾ (സിഎപി) വിമാനങ്ങൾ, നാവികസേനയുടെ കപ്പലുകൾ, കര അധിഷ്‌ഠിത മിസൈൽ സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്നും തായ്‌വാന്‍ വ്യക്തമാക്കി.
കണ്ടെത്തിയ വിമാനങ്ങളില്‍ ചിലത് തായ്‌വാൻ കടലിടുക്കിന്‍റെ മധ്യരേഖ കടന്ന് തായ്‌വാന്‍റെ തെക്കുപടിഞ്ഞാറൻ എയർ ഡിഫൻസ് ഐഡന്‍റിഫിക്കേഷൻ സോണിൽ പ്രവേശിച്ചു. പിഎല്‍എ ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡ് കോംബാറ്റ് അലര്‍ട്ട് പട്രോളിങ്ങും സംയുക്ത സൈനിക അഭ്യാസവും ആരംഭിച്ചതായി ചൈനീസ് സ്റ്റേറ്റ് അഫിലിയേറ്റഡ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. തായ്‌വാനിലെ വിഘടനവാദ ശക്തികള്‍ക്കും ബാഹ്യ ശക്തികളുമായുള്ള അവരുടെ കൂട്ടുകെട്ടിനുമുള്ള കര്‍ശനമായ മുന്നറിയിപ്പാണ് ഇതെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു. ദേശീയ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തത്.