ബെയ്‌ജിംഗ് : ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ (Israel - Hamas War) മൗനം വെടിഞ്ഞ് ചൈന. നീതിപരവും ശാശ്വതവുമായ പരിഹാരം രണ്ട് സ്വതന്ത്ര രാഷ്‌ട്രങ്ങൾ (two-state solution) എന്നതാണെന്ന് ചൈനീസ് തലസ്ഥാനമായ ബെയ്‌ജിംഗിൽ നടത്തിയ പത്രസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു (Chinese Foreign Ministry spokesperson Mao Ning). ഇസ്രയേൽ - പലസ്‌തീൻ യുദ്ധത്തിൽ അറബ് രാജ്യങ്ങൾ എടുത്ത നിലപാട് തന്നെയാണ് ചൈനയും എടുത്തിരിക്കുന്നത്.
' ദ്വിരാഷ്‌ട്ര പരിഹാരത്തിലൂടെ പലസ്‌തീൻ പ്രശ്‌നം സമഗ്രവും നീതിയുക്തവും ശാശ്വതവുമായ രീതിയിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്'. ഇരുവശത്തേയും സാധാരണക്കാർക്കെതിരായ അതിക്രമങ്ങളെ അപലപിച്ച മാവോ അന്താരാഷ്‌ട്ര നിയമങ്ങളുടെ ഏത് ലംഘനത്തേയും തന്‍റെ രാജ്യം എതിർക്കുമെന്നും കൂട്ടിച്ചേർത്തു. ഗാസയ്‌ക്ക് മാനുഷിക സഹായം നൽകി ഒരു ദുരന്തം തടയേണ്ടത് നിർണായകമാണ്.
സ്ഥിതിഗതികൾ മോശമാകും മുൻപ് യുദ്ധം എത്രയും വേഗം നിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാരെ ആക്രമിക്കുന്നതിനെ എതിർക്കുന്നതായും ദ്വിരാഷ്‌ട്ര പരിഹാരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മാവോ പറഞ്ഞു. പലസ്‌തീൻ ജനതയുടെ അതിജീവനത്തിനും അവകാശങ്ങൾ നേടിയെടുക്കുന്നതിനും സാക്ഷാത്‌കരിക്കുന്നതിനുമുള്ള ഒരേ ഒരു മാർഗമാണ് സ്വതന്ത്ര രാഷ്‌ട്രമെന്നത്.
വിഷയത്തിൽ, കൂടുതൽ വിശാലവും അടിസ്ഥാനത്തിലുള്ളതുമായ ഒരു അന്താരാഷ്‌ട്ര സമാധാന സമ്മേളനം എത്രയും വേഗം നടത്തേണ്ടതുണ്ട്. കൂടാതെ സമാധാന ചർച്ചകൾ പുനരാരംഭിക്കണമെന്നും മാവോ ആവശ്യപ്പെട്ടു. യുദ്ധത്തിന്‍റെ തുടക്കം മുതൽ തന്നെ ചൈന പ്രസക്തമായ കക്ഷികളുമായി ആശയവിനിമയം നടത്തുകയും യുഎൻ രക്ഷാസമിതിയിലെ കൂടിയാലോചനകളിൽ സജീവമായി പങ്കെടുക്കുകയും സമാധാന ചർച്ചകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ചർച്ചകൾക്കും വെടിനിർത്തലിനും ഉതകുന്ന എല്ലാ ശ്രമങ്ങളേയും ചൈന പിന്തുണയ്‌ക്കുമെന്നും അതിനായി പരിശ്രമിക്കുമെന്നും മാവോ മാധ്യമങ്ങളോട് പറഞ്ഞു.
യുദ്ധം ഇതുവരെ :ഒക്‌ടോബർ ഏഴിനാണ് യുദ്ധം ആരംഭിച്ചത്. 17 ദിവസം കൊണ്ട് ഇസ്രയേൽ - പലസ്‌തീൻ യുദ്ധത്തിൽ ഏഴായിരത്തിലധികം പേർ കൊല്ലപ്പെട്ടതാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. ഗാസ നഗരത്തിൽ ഇപ്പോഴും ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കികൊണ്ടിരിക്കുകയാണ്. അയ്യായിരത്തിലധികം പേരും ഗാസയിലാണ് കൊല്ലപ്പെട്ടത്. 1400 ഓളം പേർക്കാണ് ഇസ്രയേലിൽ ജീവൻ നഷ്‌ടമായത്. ഇതിൽ ആയിരക്കണക്കിന് കുട്ടികളും വൃദ്ധരും ഉൾപ്പെടുന്നുണ്ട്.
ഇരുരാജ്യങ്ങൾക്കും പിന്തുണ നൽകി പല ലോക രാജ്യങ്ങളിലും മുന്നോട്ട് വന്നിരുന്നു. ഇത് നിലവിലെ യുദ്ധ സാഹചര്യത്തിൽ കൂടുതൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. അതിനിടെ ബന്ദികളാക്കപ്പെട്ട രണ്ട് അമേരിക്കൻ പൗരന്മാരേയും രണ്ട് ഇസ്രയേലി വയോധികരേയും മാനുഷിക പരിഗണനയുടെ പേരിൽ ഹമാസ് മോചിപ്പിച്ചിരുന്നു.
Also Read :Freed Israeli Hostages About Hamas Attack ഞങ്ങൾ ഗവൺമെന്‍റിന്‍റെ ബലിയാടായിരുന്നു: മോചിതരായ ഇസ്രായേലി ബന്ദികൾ ഹമാസ് ആക്രമണത്തിന്‍റെ തീവ്രത വിവരിക്കുന്നു