ബീജിങ് :അനിതരസാധാരണമായ, രാജ്യത്തെ വലിയ പ്രതിഷേധങ്ങള്‍ക്കിടയിലും സീറോ കൊവിഡ് നയത്തിനെതിരെ പ്രകടിപ്പിക്കപ്പെടുന്ന ആശങ്കകള്‍ തള്ളി ചൈനീസ് സര്‍ക്കാര്‍. സീറോ കൊവിഡ് നയത്തിനെതിരായ പ്രതിഷേധം തലസ്ഥാനമായ ബീജിങ്ങിലടക്കം വ്യാപിച്ചിരിക്കുകയാണ്. നാല്‍പ്പതിനായിരത്തിനടുത്തായിരിക്കുകയാണ് ചൈനയിലെ പ്രതിദിന കൊവിഡ് കേസുകള്‍. ബീജിങ്ങില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും 4,000ത്തിനടുത്ത് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.
പുതിയ വ്യാപനം തടയാന്‍ അധികൃതര്‍ പാടുപെടുന്നതിനിടെയാണ് ഷി ജിന്‍ പിങ് ഭരണകൂടത്തിനെതിരായുള്ള പ്രതിഷേധം ശക്തമായത്. ഷി ജിന്‍ പിങ് പാര്‍ട്ടിയുടേയും ഭരണത്തിന്‍റേയും തലപ്പത്ത് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഒരു മാസം കഴിയുമ്പോഴാണ് ശക്തമായ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് നേരെ ചൈനയില്‍ ഷാങ്‌ഹായിലും ബീജിങ്ങിലുമടക്കമുള്ള നഗരങ്ങളില്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധം ഉണ്ടാകുന്നത്. പല നഗരങ്ങളിലും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ലോക്‌ഡൗണുകളാണ് അധികൃതര്‍ ഏര്‍പ്പെടുത്തുന്നത്.
ഷാങ്‌ഹായില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന ബിബിസി ലേഖകന്‍ എഡ് ലോറന്‍സിനെ അറസ്റ്റ് ചെയ്‌തത് ചൈനീസ് വിദേശകാര്യ മന്ത്രാലയം ന്യായീകരിച്ചു. മാധ്യമപ്രവര്‍ത്തകനാണ് എന്ന് ബോധ്യപ്പെടുത്താന്‍ ലേഖകന് കഴിഞ്ഞില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറയുന്നത്. വിദേശ മാധ്യമപ്രവര്‍ത്തകര്‍ ചൈനയുടെ നിയമങ്ങള്‍ പാലിക്കണം.
ചൈന സീറോ കൊവിഡ് നയം തുടര്‍ന്ന് വരികയാണെന്നും രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി അതില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിപിസിയുടെ(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന) നേതൃത്വത്തില്‍ ചൈനീസ് ജനങ്ങളുടെ പിന്തുണയോടെ കൊവിഡിനെതിരെയുള്ള പോരാട്ടം തങ്ങള്‍ ജയിക്കുമെന്ന് ഷാവോ ലിജിയാന്‍ പറഞ്ഞു. സീറോ കൊവിഡ് നയം അവസാനിപ്പിക്കണമെന്നും ഷി ജിന്‍ പിങ് രാജിവയ്ക്കണമെന്നുമുള്ള ചില പ്രതിഷേധക്കാരുടെ ആവശ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് തനിക്ക് അറിയില്ല എന്നാണ് ഷാവോ ലിജിയാന്‍ പ്രതികരിച്ചത്.
സിൻജിയാങ് പ്രവിശ്യയിലെ ഉറുംചിയിലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട ഒരു അപ്പാര്‍ട്ട്മെന്‍റില്‍ ഉണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരണപ്പെട്ടതോടെയാണ് സീറോ കൊവിഡ് നയത്തിനെതിരെ വലിയ പ്രതിഷേധം രാജ്യവ്യാപകമായി ചൈനയില്‍ ഉടലെടുത്തത്. സാമൂഹ്യ മാധ്യമങ്ങളില്‍ സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധത്തിന് പിന്നില്‍ ചില നിക്ഷിപ്‌ത താല്‍പ്പര്യക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്.