സ്‌റ്റോക്ക്ഹോം (സ്വീഡന്‍) : 2023 ലെ രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്നുപേർക്ക്. നാനോ ടെക്‌നോളജിയിൽ ഗവേഷണം നടത്തുന്ന മൗംഗി ബവെന്ദി (Moungi Bawendi), ലൂയിസ് ബ്രസ് (Louis Brus), അലെക്‌സി എകിമോവ് (Alexei Ekimov) എന്നിവരാണ് കെമിസ്ട്രി നൊബേൽ പുരസ്‌കാരം പങ്കിട്ടത്. അർധ ചാലക നാനോ ക്രിസ്റ്റലുകളായ ക്വാണ്ടം ഡോട്ടുകള്‍ കണ്ടുപിടിച്ച് വികസിപ്പിച്ചതാണ് ഇവരെ നൊബേലിന് അര്‍ഹരാക്കിയത് (Chemistry Nobel Announced- Three Scientists Discovered Quantum Dots Will Share Award).
യുഎസിലെ മസ്സാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യിലെ ലെസ്‌റ്റര്‍ വോള്‍ഫി പ്രൊഫസറാണ് മൗംഗി ബവെന്ദി. കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസറാണ് ലൂയിസ് ബ്രസ്. റഷ്യന്‍ ശാസ്ത്രജ്ഞനാണ് അലെക്‌സി എകിമോവ്. റഷ്യയിലെ വാവിലോവ് സ്‌റ്റേറ്റ് ഒപ്‌ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്യുകയാണ് അദ്ദേഹം.
നാനോടെക്‌നോളജി രംഗത്തെ വൻ മുന്നേറ്റമായാണ് ഇവര്‍ കണ്ടെത്തിയ ക്വാണ്ടം ഡോട്ടുകള്‍ വിലയിരുത്തപ്പെടുന്നത്. ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലോടെ ഈ ശാസ്ത്രജ്ഞർ നാനോ ടെക്‌നോളജിയിൽ പുതിയ വിത്തുവിതയ്ക്കുകയാണ് ചെയ്‌തതെന്ന് പുരസ്‌കാരം പ്രഖ്യാപിച്ച സ്വീഡിഷ് അക്കാദമി ചൂണ്ടിക്കാട്ടി. ടെലിവിഷനിലും എൽഇഡി വിളക്കുകളിലും മുതൽ മെഡിക്കല്‍ രംഗത്തുവരെ ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തൽ പ്രയോജനപ്പെടുത്തുന്നു.
രസതന്ത്രം, ഭൗതികശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവയ്ക്കുള്ള നൊബേലുകള്‍ പ്രഖ്യാപിക്കുന്നത് സ്‌റ്റോക്ക്ഹോമിലുള്ള റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സാണ്. പുരസ്‌കാര പ്രഖ്യാപനത്തിന് ഒരു വര്‍ഷം മുന്‍പുതന്നെ അക്കാദമി നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുതുടങ്ങും. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സര്‍വകലാശാലകളിലുള്ള പ്രൊഫസര്‍മാരില്‍ നിന്നും പണ്ഡിതരില്‍ നിന്നുമാണ് നാമനിര്‍ദ്ദേശങ്ങള്‍ തേടുക.