വാഷിങ്ടൺ : വർധിച്ചുവരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിന്റെ അപകട സാധ്യതകൾ നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ നിർണായകമാണെന്ന് ചാറ്റ്ജിപിടി നിർമിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺഎഐയുടെ മേധാവി സാം ആൾട്ട്മാൻ പറഞ്ഞു. ഈ സാങ്കേതിക വിദ്യയുടെ വളർച്ച ഓരോ വ്യക്തിയുടെയും ജീവിതത്തിൽ എത്രമാത്രം സ്വാധീനം ഉണ്ടാക്കും എന്ന് ജനങ്ങൾക്കുള്ള അത്രതന്നെ ആശങ്ക തങ്ങൾക്കുമുണ്ടെന്ന് സാം വാഷിങ്ടണിൽ നടന്ന സെനറ്റ് ഹിയറിംഗിൽ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റങ്ങൾക്ക് ലൈസൻസ് നൽകുന്ന ഒരു യുഎസ് അല്ലെങ്കിൽ ആഗോള ഏജൻസി രൂപീകരിക്കണം. കൂടാതെ ലൈസൻസ് ലഭിച്ചാൽ പോലും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഏജൻസികൾ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കഴിഞ്ഞ വർഷം ചാറ്റ്ജിപിടി പുറത്തിറക്കിയതിന് ശേഷമാണ് സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഓപ്പൺഎഐ ശ്രദ്ധ നേടിയത്. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും മനുഷ്യനെ പോലെ ഉത്തരം നൽകുന്ന ഈ സംവിധാനം വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികൾ ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക അധ്യാപകർ പ്രകടമാക്കിയിരുന്നു.
നിയമങ്ങൾ ലംഘിച്ചാൽ നടപടി :ആയതിനാൽ സാമൂഹിക ആശങ്കകൾ പരിഗണിച്ച് സാം ആൾട്ട്മാൻ ഉൾപ്പടെയുള്ള ടെക് സിഇഒമാരെ ഈ മാസം ആദ്യം വൈറ്റ് ഹൗസിലേക്ക് വിളിപ്പിക്കുകയും നിലവിലുള്ള പൗരാവകാശങ്ങളും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും ലംഘിക്കുന്ന എഐ ഉത്പന്നങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സെനറ്റ് ഹിയറിംഗിൽ ഡാറ്റാ സ്വകാര്യത കൈകാര്യം ചെയ്യൽ, ദോഷകരമായ തെറ്റായ വിവരങ്ങൾ തടയുന്നതിലുള്ള പരാജയം എന്നീ കാരണങ്ങളിൽ ടെക്, സോഷ്യൽ മീഡിയ എക്സിക്യൂട്ടീവുകൾ കടുത്ത വിമർശനങ്ങൾ നേരിട്ടു.