ന്യൂഡല്‍ഹി : ആരോഗ്യപരിരക്ഷാ രംഗത്ത് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയ്‌ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. ലക്ഷണമൊത്ത ഗദ്യമെഴുതാനും മാനുഷികമായ ഒഴുക്കോടെ ചാറ്റ് ചെയ്യാനുമാകുമെന്ന സവിശേഷതകള്‍ക്ക് അപ്പുറം ചാറ്റ് ജിപിടിയ്‌ക്ക് ആരോഗ്യരംഗത്ത് മികച്ച മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല ഈ രംഗത്തെ ഭൂരിഭാഗം ആളുകളും തിരിച്ചറിയുന്നതിനേക്കാൾ വേഗത്തിലാണ് വിപ്ലവകരമായ സാങ്കേതികവിദ്യ വരുന്നതെന്ന് ഡാറ്റ ആന്‍റ് അനലറ്റിക്‌സ് കമ്പനിയായ ഗ്ലോബല്‍ ഡാറ്റ അറിയിച്ചു.
സവിശേഷതകള്‍ എന്തെല്ലാം :2022 മുതൽ 2030 വരെയുള്ള കോമ്പൗണ്ട് വാർഷിക വളർച്ച നിരക്കില്‍ (സിഎജിആര്‍) 21 ശതമാനം വളര്‍ച്ചയോടെ, 2030 ല്‍ മൊത്തം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) വിപണി 383 ബില്യണ്‍ ഡോളറാകുമെന്നാണ് കണക്കാക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. രോഗികള്‍ക്ക് കുറിപ്പടി എഴുതുന്നതുള്‍പ്പടെയുള്ള ബ്യൂറോക്രാറ്റിക് ജോലികളില്‍ ചാറ്റ് ജിപിടി ഡോക്‌ടര്‍മാരെ സഹായിക്കുമെന്നും ഗ്ലോബല്‍ ഡാറ്റ പ്രസ്‌താവനയില്‍ അറിയിച്ചു. ഇതുമുഖേന രോഗികള്‍ക്കായി ഡോക്‌ടര്‍മാര്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കാനാകുമെന്നും രോഗപ്രതിരോധ പരിചരണം, രോഗലക്ഷണ തിരിച്ചറിയൽ, രോഗമുക്തിക്ക് ശേഷമുള്ള പരിചരണം എന്നീ പ്രക്രിയകളുടെ ഫലപ്രാപ്‌തിയും കൃത്യതയും വർധിപ്പിക്കാൻ ചാറ്റ്ബോട്ടുകൾക്ക് കഴിവുണ്ടെന്നും ഗ്ലോബല്‍ ഡാറ്റയുടെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഡിവൈസസ് അനലിസ്‌റ്റ് ടിന ഡെങ് വ്യക്തമാക്കി.
'ആരോഗ്യം' വികസിക്കും:ചാറ്റ്ബോട്ടുകളിലേക്കും വെർച്വൽ അസിസ്‌റ്റന്‍റുകളിലേക്കും എഐ സംയോജനത്തിലൂടെ രോഗികളുമായി സംവദിക്കാനും അവരെ പ്രചോദിപ്പിക്കാനും കഴിയും. കൂടാതെ രോഗിയുടെ ലക്ഷണങ്ങൾ അവലോകനം ചെയ്യുക, അതിനുള്ള ഉപദേശങ്ങളും വെർച്വൽ ചെക്ക്-ഇന്നുകളും നടത്തുക, ഹെൽത്ത് കെയർ പ്രൊഫഷണലുമായി മുഖാമുഖ സന്ദര്‍ശനം പോലുള്ള വ്യത്യസ്‌ത ഒപ്‌ഷനുകള്‍ ശുപാർശ ചെയ്യുക തുടങ്ങിയവയും ചാറ്റ് ജിപിടി വഴി കഴിയും. മാത്രമല്ല ഇത് ആശുപത്രി ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും രോഗികളുടെ ഒഴുക്കിന്‍റെ കാര്യക്ഷമത വർധിപ്പിക്കാനും ആരോഗ്യ സംരക്ഷണ ചെലവുകൾ ലാഭിക്കാനും സഹായകമാവും.