ടൊറന്‍റോ : ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് അച്ചടിക്കണമെന്ന് ആവശ്യപ്പെടുന്ന ലോകത്തെ ആദ്യ രാജ്യമായി കാനഡ. പുകയില ഉത്പന്നങ്ങളുടെ പായ്ക്കുകളിലെ ഗ്രാഫിക് ഫോട്ടോ മുന്നറിയിപ്പുകളുടെ സ്വാധീനം നഷ്‌ടപ്പെട്ടെന്ന ആശങ്കയാണ് ഇത്തരം ഒരു നീക്കത്തിലേക്ക് നയിച്ചതെന്ന് മാനസികാരോഗ്യ മന്ത്രി കരോലിൻ ബെന്നറ്റ് പറഞ്ഞു.
പായ്ക്കറ്റുകളിലെ സന്ദേശങ്ങൾക്ക് അവയുടെ പുതുമയും സ്വാധീനവും നഷ്‌ടമാകുന്നുവെന്ന ആശങ്ക പരിഹരിക്കേണ്ടതുണ്ട്. ഓരോ പുകയില ഉത്പന്നങ്ങളിലും ആരോഗ്യ മുന്നറിയിപ്പുകൾ ചേർക്കുന്നത്, വളരെ പ്രാധാന്യം അര്‍ഹിക്കുന്ന സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും കരോലിൻ ബെന്നറ്റ് പറഞ്ഞു.
മുന്നറിയിപ്പ് പട്ടിക വിപുലീകരിക്കും :സിഗരറ്റില്‍ അച്ചടിക്കുന്ന സന്ദേശങ്ങള്‍ മാറാമെങ്കിലും ' ഓരോ വലിയിലും വിഷം' എന്നതാണ് നിലവിലെ നിര്‍ദേശമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുകവലി മൂലം വയറ്റിലെ കാൻസർ, വൻകുടൽ കാൻസർ, പ്രമേഹം, പെരിഫറൽ വാസ്കുലർ രോഗം എന്നിവയുൾപ്പടെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന വിപുലമായ മുന്നറിയിപ്പുകള്‍ പായ്ക്കറ്റില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടായിരത്തിന്‍റെ തുടക്കം മുതല്‍ സിഗരറ്റ് പായ്ക്കറ്റുകളില്‍ ഫോട്ടോ പതിച്ചുള്ള മുന്നറിയിപ്പ് നല്‍കണമെന്ന കാനഡയുടെ നിര്‍ദേശമാണ് തുടര്‍ന്ന് ലോകത്ത് വന്‍ സ്വീകാര്യത നേടിയത്. എന്നാല്‍ രണ്ട് പതിറ്റാണ്ടിലേറെയായിട്ടും ഈ ഫോട്ടോ നവീകരിച്ചിട്ടില്ല.