ഒട്ടാവ (കാനഡ): 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയര്‍ ട്രൂഡോയും വേര്‍പിരിയുന്നു. കനേഡിയന്‍ ബ്രോഡ്‌കാസ്റ്റര്‍ - സിടിവി ഇന്നലെ (ഓഗസ്റ്റ് 02) വേര്‍പിരിയല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ജസ്റ്റിനും സോഫിയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലുകളിലും വിവരം പങ്കുവച്ചിട്ടുണ്ട്.
'അര്‍ഥവത്തായതും ബുദ്ധിമുട്ടുള്ളതുമായ നിരവധി സംഭാഷണങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു' -ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പ്രസ്‌താവനയില്‍ ജസ്റ്റിന്‍ വ്യക്തമാക്കി. 'ഇത്രനാള്‍ ഉണ്ടാക്കിയെടുത്തതിനും ഇനിയങ്ങോട്ടുള്ളതിനും വേണ്ടി, എല്ലായ്‌പ്പോഴും എന്ന പോലെ ഞങ്ങള്‍ പരസ്‌പരം ആഴത്തിലുള്ള സ്‌നേഹവും ബഹുമാനവും കാത്തുസൂക്ഷിച്ച് അടുത്ത കുടുംബമായി തന്നെ തുടരും' -പ്രസ്‌താവനയില്‍ പറയുന്നു. ജസ്റ്റിന്‍റെ പ്രസ്‌താവന സോഫിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും പങ്കിട്ടിട്ടുണ്ട്. ഈ സമയം തങ്ങളുടെ കുടുംബത്തിന്‍റെ സ്വകാര്യതയും കുട്ടികളുടെ വികാരവും മാനിക്കണമെന്ന് ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടു.
ജസ്റ്റിന്‍-സോഫി ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഇരുവരും നിയമപരമായ വേര്‍പിരിയല്‍ കരാറില്‍ ഒപ്പുവച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു. വേർപിരിയാനുള്ള അവരുടെ തീരുമാനവുമായി ബന്ധപ്പെട്ട് നിയമപരവും ധാർമ്മികവുമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വക്താവ് അലിസണ്‍ മര്‍ഫി അറിയിച്ചു.