കാലിഫോർണിയ: ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും അവരുടെ മാല പൊട്ടിച്ച് കടന്നുകളയുകയും ചെയ്‌തയാൾ കാലിഫോർണിയയിൽ പിടിയിൽ. പാലോ ആൾട്ടോ സ്വദേശിയായ 37കാരനായ ലാതൻ ജോൺസൺ ആണ് സാന്‍റാ ക്ലാര പൊലീസിന്‍റെ പിടിയിലായത്. പ്രായമായ ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 14 സ്ത്രീകളാണ് ഇരകളായത്.
സാരി ധരിച്ച ഹിന്ദു സ്ത്രീകളെ ആക്രമിച്ച് മാല കവർച്ച; കാലിഫോർണിയയിൽ യുവാവ് അറസ്റ്റിൽ
പ്രായമായ ഹിന്ദു സ്ത്രീകളെയാണ് പ്രതി ആക്രമിക്കുന്നത്. രണ്ട് മാസത്തിനിടെ 14 സ്ത്രീകളാണ് ആക്രമണത്തിന് ഇരകളായത്.
50നും 73നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് കൂടുതലായും ആക്രമിക്കപ്പെട്ടിട്ടുള്ളത്. ഇവരെ ആക്രമിക്കുകയും കഴുത്തിലെ മാല ബലംപ്രയോഗിച്ച് പൊട്ടിച്ചെടുത്ത ശേഷം കാറിൽ രക്ഷപ്പെടുകയുമാണ് ഇയാളുടെ രീതി. ഇത്തരത്തിലുള്ള ആക്രമണത്തിൽ നിരവധി സ്ത്രീകൾക്ക് പരിക്കേറ്റിട്ടുണ്ട്. മാല പൊട്ടിക്കുന്നതിനിടെയുണ്ടായ ബലപ്രയോഗത്തിനിടെ ഒരു സ്ത്രീയെ തള്ളിയിടുകയും മറ്റൊരു സ്ത്രീയുടെ കൈത്തണ്ട ഒടിയുകയും ചെയ്‌തു.
ആക്രമിക്കപ്പെട്ട സ്ത്രീകളെല്ലാം സാരി, പൊട്ട് ഉൾപ്പെടെയുള്ള വംശീയ വസ്ത്രങ്ങളോ വസ്‌തുക്കളോ അണിഞ്ഞിരുന്നവരാണ്. സാൻ ജോസ്, മിൽപ്പിറ്റാസ്, സണ്ണിവെയ്‌ൽ, സാന്‍റ ക്ലാര എന്നിവിടങ്ങളിലാണ് കൂടുതൽ ആക്രമണങ്ങൾ നടന്നത്. ഏകദേശം 35,000 യുഎസ് ഡോളർ വിലമതിക്കുന്ന മാലകളാണ് ഇയാൾ ഇതുവരെ തട്ടിയെടുത്തിട്ടുള്ളത്. ശിക്ഷിക്കപ്പെട്ടാൽ കുറഞ്ഞത് 63 വർഷം ജോൺസൺ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. കേസിന്‍റെ അടുത്ത വാദം നവംബർ 4ന് നടക്കും.