പാടത്തും പറമ്പിലും മൈതാനത്തും എന്നുവേണ്ട പുഴയില്‍ വരെ ഫ്ലക്സ് വെച്ചു... നെയ്‌മറും കാസിമിറോയും തിയാഗോ സില്‍വയും ആ ഫ്ലക്‌സുകളിലിരുന്ന് പറഞ്ഞു.... ഇത്തവണ കപ്പ് നമ്മൾ നേടും. സാംബ താളത്തിലലിഞ്ഞ്...ആരാധക ഹൃദയങ്ങൾ അത് മനസില്‍ കുറിച്ചിട്ടു... ഇത്തവണ കപ്പ് നമ്മൾ നേടും...2014ല്‍ നെയ്‌മറെ ചവിട്ടി വീഴ്‌ത്തിയതും ജർമനിയോട് ഏറ്റുവാങ്ങിയ വമ്പൻ തോല്‍വിയും 2018ല്‍ ബെല്‍ജിയം സമ്മാനിച്ച തോല്‍വിയും അതോടെ മഞ്ഞപ്പടയുടെ പോരാളികളും ആരാധകരും മറന്നു..
ടിറ്റെ എന്ന ആശാന് കീഴില്‍ നെയ്‌മറും സംഘവും റെഡിയായി. കഴിഞ്ഞ ലോകകപ്പുകളില്‍ സംഭവിച്ച വീഴ്‌ചകൾ ആവർത്തിക്കാതിരിക്കാൻ പരിചയ സമ്പത്തിനൊപ്പം യുവരക്തം കൂടി ചേർന്നപ്പോൾ മഞ്ഞക്കിളികൾ ഖത്തറിലെ മണലാരണ്യത്തില്‍ കപ്പുയർത്തും എന്ന് ബ്രസീലിലെ സാവോപോളോയില്‍ മാത്രമല്ല, കേരളത്തിലെ നൈനാൻ വളപ്പും പുള്ളാവൂർ പുഴയിലെ മീനുകളും വരെ വിശ്വസിച്ചു...
ഇടതു വിങില്‍ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും.. രണ്ട് പേരും സാക്ഷാല്‍ റയല്‍മാഡ്രിഡിന്‍റെ ചുണക്കുട്ടികൾ.... വലതു വിങ്ങില്‍ റഫീഞ്ഞോയും ആന്‍റണിയും... ബാഴ്സയുടേയും മാൻയുവിന്‍റെയും യുവവീരൻമാർ... മൈതാനത്ത് ഇവർ നടത്തുന്ന മാന്ത്രിക നീക്കങ്ങൾക്ക് സമൂഹ മാധ്യമങ്ങളില്‍ വൻ കയ്യടി... മുന്നേറ്റത്തില്‍ റിച്ചാർലിസൺ, ജെസ്യൂസ്... മധ്യനിരയില്‍ ഗബ്രിയേല്‍ മാർട്ടിനേലി, പക്വേറ്റ, കാസിമിറോ, ഫ്രെഡ്, ഫാബിഞ്ഞോ, ഗുയിമെറാസസ്...
ഇവർക്കെല്ലാമുപരി പത്താംനമ്പറായി കളം നിയന്ത്രിക്കാനും ഗോളടിക്കാനും അടിപ്പിക്കാനും സാക്ഷാല്‍ നെയ്‌മർ... ഗോൾ കീപ്പറായി ലിവർപൂളിന്‍റെ ഹൃദയമായ അലിസൺ ബെക്കർ, രണ്ടാം നമ്പർ ഗോളിയായി എഡേഴ്‌സൺ പിന്നെ വെവേർട്ടൺ...ഗോൾ കീപ്പർമാരുടെ നിരയില്‍ ലോക നിലവാരത്തിലുള്ള മൂന്ന് പേർ പോലും ഒരു പക്ഷേ ബ്രസീല്‍ ടീമില്‍ ആദ്യമായിരിക്കും.
ഗോളിക്ക് തൊട്ടു മുന്നില്‍ ഇടതുഭാഗത്ത് ഡാനിലോ വലതു ഭാഗത്ത് മിലിറ്റോ...അവർക്ക് പകരം വെയ്‌ക്കാൻ അലക്സ് ടെല്ലസ്, ബ്രെമർ, അലക്‌സ് സാൻഡ്രോ, പ്രതിരോധ ഭടൻമാർ ആരും മോശക്കാരല്ല.. മാർക്ക്വിഞ്ഞോസ്, തൊട്ടടുത്ത് പ്രായം തളർത്താത്ത പോരാളികളായി ഡാനി ആല്‍വെസും നായകൻ തിയാഗോ സില്‍വയും... എന്തിനേറെ പറയുന്നു...ഈ പേരുകൾ കേട്ടാല്‍ തന്നെ ഇപ്പോൾ ഫ്രാൻസിലിരിക്കുന്ന കിരീടം ഉടൻ ബ്രസീലിലെത്തും...
പാട്ടും ഡാൻസും നെയ്‌മറിന്‍റെ പരിക്കും: ലാറ്റിനമേരിക്കയ്ക്ക് ഫുട്‌ബോൾ അവരുടെ രക്തത്തില്‍ അലിഞ്ഞുചേർന്നതാണ്. യൂറോപ്പിന്‍റെ ആധിപത്യവും അധിനിവേശവും ലാറ്റിനമേരിക്കൻ സൗന്ദര്യത്തെ ചിലപ്പോഴെങ്കിലും നുള്ളിക്കളയുന്നുണ്ടെങ്കിലും വിനീഷ്യസും റോഡ്രിഗോയും നെയ്‌മറും ആന്‍റണിയും റിച്ചാർലിസണുമൊക്കെ യഥാർഥ സാംബ താളം ഹൃദയത്തിലും കാലുകളിലും ആവാഹിക്കുന്നവരാണ്. ഗോളടിക്കുമ്പോൾ നൃത്തം ചവിട്ടുകയും മത്സര ശേഷം പാട്ടും ഡാൻസുമായി ആഘോഷിക്കുകയും പരാജയപ്പെടുമ്പോൾ മൈതാനമധ്യത്തില്‍ പൊട്ടിക്കരയുകയും ചെയ്യുന്ന സാധാരണ മനുഷ്യരാണവർ.
സെർബിയ ആയിരുന്നു ഗ്രൂപ്പ് സ്റ്റേജില്‍ ബ്രസീലിന്‍റെ ആദ്യ എതിരാളികൾ. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സെർബിയയെ തോല്‍പ്പിച്ച് ബ്രസീല്‍ ആദ്യ വെടി പൊട്ടിച്ചു. പക്ഷേ അതിനിടെ സെർബിയക്കാർ വളഞ്ഞിട്ട് ചവിട്ടിയ നെയ്‌മറിന് പരിക്ക് ഗുരുതരമാണെന്ന വാർത്ത വന്നു.
മുടന്തി മുടന്തി മൈതാനം വിട്ട നെയ്‌മറിന്‍റെ ദൃശ്യം കണ്ടപ്പോൾ 2014ല്‍ കൊളംബിയൻ താരത്തിന്‍റെ ഫൗളാണ് ഓർമവന്നത്. അങ്ങനെയെങ്കില്‍ പിന്നെ ഈ ലോകകപ്പിലും നെയ്‌മറുണ്ടാകില്ലെന്ന് അറിഞ്ഞപ്പോൾ ആരാധകരില്‍ പലരും അന്ന് രാത്രി ഉറങ്ങിയില്ല. പുള്ളാവൂർ പുഴയിലെ മീനുകളും ഉറങ്ങിയില്ല.
രാവിലെ ഖത്തറില്‍ നിന്ന് പുതിയ വാർത്ത വന്നു. നെയ്‌മർ ഗ്രൂപ്പ് സ്റ്റേജിലെ മത്സരങ്ങൾ കളിക്കില്ല. പരിക്ക് ഗുരുതരമല്ല. സംഗതി ആശ്വാസമായി... ആശാൻ ടിറ്റെ പ്ലാൻ മാറ്റി...
സ്വിറ്റ്‌സർലണ്ടിനെതിരെ ടീമിനെ ഇറക്കിയപ്പോൾ നെയ്‌മറുടെ കുറവ് നികത്താൻ പ്ലാനുകൾ റെഡി. ലേശം കഷ്‌ടപ്പെട്ടാണെങ്കിലും സ്വിസ് ടീമിനെ ഒരു ഗോളിന് തോല്‍പ്പിച്ച് പ്രീക്വാർട്ടർ ഉറപ്പിച്ചപ്പോൾ ആശാൻ ടിറ്റെ തീരുമാനിച്ചു, അടുത്ത മത്സരത്തില്‍ 'പ്രമുഖർക്ക്' വിശ്രമം കൊടുക്കാമെന്ന്...
അങ്ങനെ മാർട്ടിനെല്ലിയും ജെസ്യൂസുമൊക്കെയടങ്ങുന്ന റിസർവ് ബെഞ്ചിനെ ആദ്യ ഇലവനില്‍ കാമറൂണിന് എതിരെ കളത്തിലിറക്കി. കാമറൂണൊക്കെ ബ്രസീലിന് ഒരു ഇരയാണോ എന്നായിരുന്നു നാട്ടിലെ ബ്രസീല്‍ ആരാധകർ മത്സരത്തിന് തൊട്ടുമുൻപ് വരെ ചോദിച്ചത്. അർധരാത്രി കളി കഴിഞ്ഞ് ഫലം വന്നപ്പോൾ എതിരില്ലാത്ത ഒരു ഗോളിന് കാമറൂൺ ജയിച്ചു. ബി ടീമാകുമ്പോൾ അതൊക്കെ സംഭവിക്കും.
നേരത്തെ പ്രീക്വാർട്ടറില്‍ കടന്നതുകൊണ്ട് ഇതൊന്നും ഒരു പ്രശ്‌നമേയല്ലെന്നാണ് ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ആരാധകർ ആശ്വസിച്ചത്. പ്രീക്വാർട്ടറില്‍ ഏഷ്യൻ രാജാക്കൻമാരായ ദക്ഷിണ കൊറിയ... പോർച്ചുഗലിനെ തോല്‍പ്പിച്ചെത്തിയ ടീമാണ്. കരുതിയിരിക്കണം... എന്നൊക്കെ മഞ്ഞപ്പടയുടെ കടുത്ത ആരാധകർ പോലും മനസില്‍ പറഞ്ഞു..
ടിറ്റെ കരുതിത്തന്നെയാണ് ടീമിനെ ഇറക്കിയത്. പരിക്ക് മാറി നെയ്‌മറും വന്നു. കളി തുടങ്ങി.. ആറാം മിനിട്ടില്‍ ആദ്യ ഗോൾ... പിന്നെ തുരുതുരാാാ ഗോൾ... നാലെണ്ണം ആദ്യപകുതിയില്‍ തന്നെ... രണ്ടാം പകുതിയില്‍ കൊറിയ ഒരെണ്ണം തിരിച്ചുതന്നെങ്കിലും ബ്രസീലിന് വേദനിച്ചില്ല... പിന്നാലെ പാട്ട്, ഡാൻസ്...
ഇത്തവണ ഡാൻസ് കളിക്കാൻ ആശാനായ ടിറ്റെയും ഒപ്പം കൂടി... ഇനിയെന്ത് നോക്കാൻ ബ്രസീല്‍ താളം കണ്ടെത്തി... സാംബ താളത്തില്‍ ഗോളടിച്ചു തുടങ്ങിയാല്‍ പിന്നെ ഒന്നും നോക്കാനില്ല... കപ്പ് ബ്രസീലിലേക്ക് തന്നെ... നെയ്‌മർ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഒരു പ്രശ്‌നവുമില്ല...
റിച്ചാർലിസൺ നേടിയ ആ ഗോൾ എത്ര മനോഹരമായിരുന്നു.. പിന്നെ നെയ്‌മറിന്‍റെ പെനാല്‍റ്റി... ഒന്നും പറയാനില്ല...ക്വാർട്ടറില്‍ എതിരാളികൾ ക്രൊയേഷ്യയാണെന്ന് അറിഞ്ഞപ്പോൾ തന്നെ ബ്രസീല്‍ സെമി ഉറപ്പിച്ചു.. കാരണം ഇതുവരെ ക്രൊയേഷ്യയോട് ബ്രസീല്‍ ലോകകപ്പില്‍ തോറ്റിട്ടില്ലത്രേ.... കോഴിക്കോട്ട് അങ്ങാടിയിലെ ഫുട്‌ബോൾ വിദഗ്‌ധർ ആണയിട്ടു പറഞ്ഞു... അത് മാത്രമല്ല, ക്രൊയേഷ്യൻ ടീമിന് പ്രായമായി... അവർ പഴയ കളിയില്ല... ലൂക്ക മോഡ്രിച്ച് ഒക്കെ കളം വിടേണ്ട സമയവുമായി....
അതേ ശരിയാണ്... ഒന്നടിച്ചപ്പോൾ ഡാൻസ്, പാട്ട്... ഗോളടിച്ച നെയ്‌മറേക്കാൾ വേങ്ങരയിലെ മഞ്ഞപ്പടയുടെ ആരാധകർ ഉറപ്പിച്ചു.. ബ്രസീല്‍ സെമിയിലെത്തി. പക്ഷേ ഉടൻ തന്നെ ക്രൊയേഷ്യ തിരിച്ച് ഒന്നടിച്ചപ്പോൾ ബ്രസീലിന് നല്ലപോലെ വേദനിച്ചു. ബ്രസീലിനും വേങ്ങരക്കാർക്കും മാത്രമല്ല, ലോകത്തിലെ മുഴുവൻ ബ്രസീല്‍ ഫുട്‌ബോൾ ആരാധകർക്കും വേദനിച്ചു...
കളി തീക്കളിയായപ്പോൾ പെനാല്‍റ്റിയില്‍ റോഡ്രിഗോയുടെ ആദ്യ ഷോട്ട് ക്രൊയേഷ്യൻ ഗോളി തടുത്തു. പിന്നെയെല്ലാം പതിവു കഥ. ക്രൊയേഷ്യ പറ്റാവുന്നതൊക്കെ വലയിലാക്കി. മാർക്വഞ്ഞോസിന്‍റെ ഷോട്ട് പോസ്റ്റിലിടിച്ചപ്പോൾ ബ്രസീലിന്‍റെ ഹൃദയം മാത്രമല്ല, ലോകമെമ്പാടുമുള്ള ബ്രസില്‍ ആരാധകരുടെ ഹൃദയവും സ്‌തംഭിച്ചു...
നെയ്‌മർ മൈതാനത്തിരുന്ന് കരഞ്ഞപ്പോൾ വീട്ടിലിരുന്നും നാട്ടിൻപുറത്തെ വലിയ സ്ക്രീനിന് മുന്നിലിരുന്നും പ്രിയ ആരാധകർ കരഞ്ഞു...ഏറ്റവും ഒടുവില്‍ 2002ലാണ് ബ്രസീല്‍ ലോകകിരീടം നേടിയത്. അതിനുശേഷം ജനിച്ചവരിലും ബ്രസീല്‍ ആരാധകരുണ്ട്... അവർക്ക് ഇനി 2026 വരെ കാത്തിരിക്കണം... ഒരു ലോകകിരീടം ബ്രസീല്‍ സ്വന്തമാക്കുന്നത് കാണാൻ..
അപ്പോൾ നെയ്‌മറുണ്ടാകില്ല...തിയാഗോ സില്‍വയുണ്ടാകില്ല... ഡാനി ആല്‍വെസുണ്ടാകില്ല..കാസിമെറോ ഉണ്ടാകില്ല...ഇവരാരും വേണ്ടല്ലോ... 2026ലെ ബ്രസീലിന്‍റെ ലോകകപ്പ് ഫൈനല്‍ റൗണ്ടിലേക്കുള്ള ടീം ഇപ്പോൾ തന്നെ റെഡിയാണെന്നാണ് പാലക്കാട് പട്ടാമ്പിയിലെ മഞ്ഞപ്പടയുടെ ആരാധകർ ഉറപ്പുപറയുന്നത്. റയല്‍ മാഡ്രിഡ് അടക്കമുള്ള ടീമുകൾ നോട്ടമിട്ടിട്ടുള്ള യുവ താരങ്ങളുടെ പേരും നാളും അടക്കമാണ് 2026ലെ ടീമിനെ പട്ടാമ്പിക്കാർ പ്രഖ്യാപിച്ചത്.
ആരാധകർ ശാന്തരായി കേൾക്കണം: ഫ്ലക്‌സിലിരുന്ന് താരങ്ങൾ പലതും പറയും. അതില്‍ ചിലതൊക്കെ ശരിയാകും... കളി കഴിഞ്ഞു.. ക്രൊയേഷ്യ സെമിയിലുമെത്തി. നമ്മൾ നാട്ടിലേക്ക് വണ്ടി കയറുന്ന സാഹചര്യത്തില്‍ നാടുനീളെ സ്ഥാപിച്ച ഫ്ലക്‌സ് ബോർഡുകൾ അഴിച്ചെടുത്ത് ഉപകാര പ്രദമായ എന്തെങ്കിലും ചെയ്യണം. അതാണ് മര്യാദ... കോഴിക്കൂടിന് മറ സ്ഥാപിക്കുന്നതൊന്നും ഒരു തെറ്റല്ല...
അപ്പൊ ശരി എല്ലാം പറഞ്ഞ പോലെ ഇനി 2026ല്‍ അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ലോകകപ്പില്‍ കാണാം..ട്ട്ടാാാ