ബ്രസീലിയ : 2021 ജനുവരി ആറിന് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്യാപിറ്റോള്‍ ആക്രമണത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയില്‍ ബ്രസീലിലും കലാപം. മുന്‍ പ്രസിഡന്‍റും തീവ്ര വലതുപക്ഷ നേതാവുമായ ജെയർ ബോൾസനാരോയെ പിന്തുണയ്‌ക്കുന്നവരുടെ നേതൃത്വത്തിലാണ് ബ്രസീലിയയിലെ പാര്‍ലമെന്‍റ് മന്ദിരവും സുപ്രീം കോടതിയും അടിച്ചുതകര്‍ത്തത്. രാജ്യത്തെ സുപ്രധാന ഇടങ്ങളിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ കോണ്‍ഗ്രസ് റാംപിലേക്ക് പൊലീസ് ബാരിക്കേഡുകള്‍ ഭേദിച്ച് കടക്കുകയും സെനറ്റും ചേംബറും കയ്യടക്കുകയുമായിരുന്നു.
അതേസമയം, ക്രമസമാധാനം പുനഃസ്ഥാപിക്കാൻ രാജ്യഭരണകൂടം ദേശീയ ഗാർഡിനെ ബ്രസീലിയയിലേക്ക് അയച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഉള്‍പ്പടെയുള്ള പ്രധാന മേഖല 24 മണിക്കൂര്‍ അടച്ചിടാന്‍ പ്രസിഡന്‍റ് ലുല ഡ സില്‍വ ഉത്തരവിട്ടു. പ്രദേശത്തിന്‍റെ നിയന്ത്രണം സുരക്ഷാസേന വീണ്ടും ഏറ്റെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും ഇതുസംബന്ധിച്ച സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.
ലോക നേതാക്കള്‍ ഉള്‍പ്പടെ ബ്രസീലിലെ ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തി. ബ്രസീലില്‍ നടക്കുന്ന ജനാധിപത്യത്തിനെതിരായ ആക്രമണങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ രാജ്യത്തെ ജനതയ്‌ക്ക് പൂര്‍ണ പിന്തുണ അറിയിച്ചു.
ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീമിന്‍റെ ജേഴ്‌സിയും രാജ്യത്തിന്‍റെ പതാകയുമേന്തിയെത്തിയ പ്രതിഷേധക്കാര്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലേക്ക് അതിക്രമിച്ച് കയറിയിരുന്നു. തുടര്‍ന്ന് ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. സർക്കാർ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന എസ്പ്ലാനഡ അവന്യൂവിന് കിലോമീറ്ററുകളോളം ചുറ്റളവില്‍ രാവിലെ മുതല്‍ തന്നെ കലാപകാരികള്‍ എത്തിത്തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
ബ്രസീലില്‍ കഴിഞ്ഞ ആഴ്ചയാണ് അധികാര കൈമാറ്റം നടന്നത്. തെരഞ്ഞെടുപ്പില്‍ ബോൾസനാരോയെ 2 ശതമാനം വോട്ടിന്‍റെ വ്യത്യാസത്തില്‍ മറികടന്ന ലുല ഡ സില്‍വയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പാര്‍ട്ടി രാജ്യത്തിന്‍റെ ഭരണാധികാരം സ്വന്തമാക്കി. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച് മുന്‍ പ്രസിഡന്‍റ് രംഗത്തെത്തുകയും ചെയ്‌തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവര്‍ പ്രതിഷേധവുമായി രാജ്യ തലസ്ഥാനത്തേക്ക് ഇരച്ചെത്തിയത്.