ലണ്ടൻ:റഷ്യ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ ഉപരോധമേർപ്പെടുത്തിയിട്ടുള്ള യുക്രൈൻ നഗരമായ മരിയുപോളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള യുഎൻ ശ്രമത്തിന്‍റെ പുരോഗതി ചർച്ച ചെയ്‌ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുക്രൈൻ പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലൻസ്‌കിയുമായുള്ള ചർച്ചയിൽ യു.കെയുടെ സാമ്പത്തികവും മാനുഷികവുമായ തുടർ പിന്തുണയും ജോൺസൺ വാഗ്‌ദാനം ചെയ്തതായി ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.
വ്ളാദ്മിര്‍ സെലൻസ്‌കിയുമായി ചർച്ച നടത്തി ബോറിസ് ജോൺസൺ - ഐക്യരാഷ്‌ട്രസഭ മരിയുപോൾ ഒഴിപ്പിക്കൽ ശ്രമം
യുക്രൈൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്‌കിയുമായുള്ള ചർച്ചയിൽ യു.കെയുടെ സാമ്പത്തികവും മാനുഷികവുമായ തുടർ പിന്തുണയും ജോൺസൺ വാഗ്‌ദാനം ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ
സ്വാതന്ത്ര്യത്തിനായുള്ള പൗരരുടെ കഠിനശ്രമത്തെ പുകഴ്‌ത്തിയ പ്രധാനമന്ത്രി, യുക്രൈനെ ശക്തിപ്പെടുത്താനും പുടിന്‍റെ പരാജയം ഉറപ്പുവരുത്താനും താൻ എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധനാണെന്നും കൂട്ടിച്ചേർത്തു. യുക്രൈന്‍റെ സ്വയം പ്രതിരോധത്തിന് ആവശ്യമായ കൂടുതൽ സൈനിക സഹായം നൽകുന്നത് തുടരുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഐക്യരാഷ്‌ട്രസഭയുടെ ഒഴിപ്പിക്കൽ ശ്രമങ്ങൾ നടക്കുന്ന തുറമുഖ നഗരത്തിൽ ഏകദേശം 1,00,000 സിവിലിയന്മാരാണ് ഇനി അവശേഷിക്കുന്നത്.
യുക്രൈൻ ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച്, 1,000ഓളം പൗരർ മരിയുപോളിലെ ഉരുക്ക് പ്ലാന്‍റിന് സമീപം മാത്രം താമസിക്കുന്നുണ്ട്. എന്നാൽ ഇവിടെ പ്രതിരോധിക്കുന്ന യുക്രൈൻ പോരാളികൾ എത്രപേരുണ്ടെന്ന് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. റഷ്യയുടെ കണക്കനുസരിച്ച് ഇവർ ഏകദേശം 2,000 പേരാണ്.