പെഷവാർ :പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിൽ പള്ളിയിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ നാല് മരണം (Bomb Blast Inside Mosque). 12 പേർക്ക് പരിക്കേറ്റു. ഹാംഗു ജില്ലയിലെ ദോബ പൊലീസ് സ്‌റ്റേഷന് സമീപമുള്ള പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയുടെ അഘാതത്തിൽ പളളിയുടെ മേൽക്കൂര തകർന്നിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.നാല് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഡെപ്യൂട്ടി കമ്മിഷണർ ഫാസിൽ അക്ബറും ഐജിപി അക്തർ ഹയാത്ത് ഗണ്ഡാപൂരും സ്ഥിരീകരിച്ചിട്ടുണ്ട്. ഹാംഗു മസ്‌ജിദിൽ രക്ഷാപ്രവർത്തനം പൂർത്തിയായതായും പൊലീസ് അറിയിച്ചു (Bomb Blast Inside Mosque In Pakistan).
ജുമാ നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനം നടന്നത്. ഈസമയം 30 മുതൽ 40 വരെ വിശ്വാസികൾ പള്ളിയിൽ ഉണ്ടായിരുന്നു. അതിനിടെ, അഞ്ച് തീവ്രവാദികൾ ദവോബ പൊലീസ് സ്‌റ്റേഷനിൽ പ്രവേശിച്ചെങ്കിലും ഉടൻ തന്നെ ഉദ്യോഗസ്ഥർ വെടിവയ്പ്പിൽ ഏർപ്പെട്ടെന്നും ഒരു ഭീകരൻ കൊല്ലപ്പെട്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ശേഷിക്കുന്ന ഭീകരർ രക്ഷപ്പെടുകയായിരുന്നു.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്‌തൂങ് ജില്ലയിൽ അൽ ഫലാഹ് റോഡിലെ മദീന മസ്‌ജിദിന് സമീപമുണ്ടായ ചാവേർ സ്ഫോടനത്തിൽ 52 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതിന് പിന്നാലെയാണ് ഖൈബർ പഖ്‌തൂൺഖ്വ പളളിയിലും ആക്രമണമുണ്ടായത്.
ഒരു വർഷമായി പാകിസ്ഥാനിൽ നിരവധി തീവ്രവാദി ആക്രമണങ്ങളാണ് നടക്കുന്നത്. ബലൂചിസ്ഥാൻ, ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യകളിൽ സുരക്ഷാ സേനയെയും സാധാരണക്കാരെയും ലക്ഷ്യമിട്ടാണ് ഭീകരർ അക്രമണങ്ങൾ നടത്തുന്നത്.