കേപ് വെർഡെ : കേപ് വെർഡെയിൽ ബോട്ട് മറിഞ്ഞ് 60ലധികം പേർ മരിച്ചു. 38 പേരെ ഇതിനോടകം രക്ഷപ്പെടുത്തി. 100-ലധികം അഭയാർഥികളുമായി ജൂലൈ 10 ന് സെനഗലിൽ നിന്ന് പുറപ്പെട്ട പിറോഗ് എന്ന് വിളിക്കപ്പെടുന്ന വലിയ മത്സ്യബന്ധന ബോട്ടാണ് കേപ് വെർഡെയിൽ മുങ്ങിയതെന്ന് സ്‌പാനിഷ് മൈഗ്രേഷൻ അഡ്വക്കസി ഗ്രൂപ്പ് വാക്കിംഗ് ബോർഡേഴ്‌സ് പറഞ്ഞു.
ഗിനിയ-ബിസാവു പൗരൻ ഉൾപ്പെടെ 38 പേരെയാണ് ബോട്ടിൽ നിന്ന് രക്ഷപ്പെടുത്തിയതെന്ന് സെനഗൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത് നിന്ന് 620 കിലോമീറ്റർ അകലെയുള്ള ദ്വീപ് രാഷ്‌ട്രമായ കേപ് വെർഡെയിൽ നിന്ന് 320 കിലോമീറ്റർ അകലെ വച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. സ്‌പാനിഷ് കാനറി ദ്വീപുകളിലേക്കുള്ള സമുദ്ര കുടിയേറ്റ പാതയിലാണ് കേപ് വെർഡെ സ്ഥിതിചെയ്യുന്നത്.
'അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ സ്വാഗതം ചെയ്യുകയും മരിച്ചവരെ ആദരവോടെ സംസ്‌കരിക്കുകയും വേണം' എന്ന് കേപ് വെർഡിയൻ ആരോഗ്യ മന്ത്രി ഫിലോമിന ഗോൺകാൽവ്‌സിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
'ദാരിദ്ര്യത്തിൽ നിന്നും യുദ്ധത്തിൽ നിന്നും പലായനം ചെയ്യുന്ന ആയിരക്കണക്കിന് അഭയാർഥികൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തി ഓരോ വർഷവും ഇത്തരത്തിൽ അപകടകരമായ യാത്ര നടത്തുന്നു. അവർ പലപ്പോഴും മിതമായ ബോട്ടുകളിലോ കള്ളക്കടത്തുകാരുടെ മോട്ടറൈസ്‌ഡ് തോണികളിലോ യാത്ര ചെയ്യുന്നു.'- ന്യൂസ് ഏജൻസിയായ അൽ ജസീറ റിപ്പോർട്ട് ചെയ്‌തു.
വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ ബോട്ട് മുങ്ങി, 103 പേർ മരിച്ചു : ഇക്കഴിഞ്ഞ ജൂണില്‍ നൈജര്‍ നദിയിലുണ്ടായ ബോട്ടപകടത്തില്‍ 103 പേരാണ് മരിച്ചത്. വടക്കന്‍ നൈജീരിയയില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം മടങ്ങിയവര്‍ സഞ്ചരിച്ച ബോട്ടായിരുന്നു മറിഞ്ഞത്. ഇലോറില്‍ നിന്നും 160 കിലോമീറ്റര്‍ അകലെ ഉണ്ടായ അപകടത്തില്‍ നിരവധി കുട്ടികള്‍ക്കും ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു.