ബീജിങ്: കൊവിഡ്-19 നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി ചൈന. നിയന്ത്രണങ്ങളെ തുടർന്ന് എല്ലാ സ്‌കൂളുകളിലും വെള്ളിയാഴ്‌ച (29.04.2022) മുതൽ ക്ലാസുകൾ അവസാനിപ്പിക്കാൻ ഉത്തരവിട്ടു. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളിൽ 30 ശതമാനത്തിലധികവും വിദ്യാർഥികളാണ്.
ചായോയാങിലെ ആറ് സ്‌കൂളുകളിലും രണ്ട് കിന്‍റർഗാർഡനുകളിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടു. കേസുകളുടെ എണ്ണം കുറവായിരിക്കുമ്പോഴും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബീജിങ് മറ്റ് ചൈനീസ് നഗരങ്ങളേക്കാളും മുന്നിലാണ്.
എന്നാൽ, അടിച്ചേൽപ്പിക്കപ്പെട്ട കർശന നിയന്ത്രണങ്ങൾ ഇല്ലാതാക്കുക എന്നതാണ് ഷാങ്ഹായുടെ ലക്ഷ്യം. ഷാങ്ഹായിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ട് ഇത് നാലാമത്തെ ആഴ്‌ചയാണ്. കഴിഞ്ഞ മാസം മുതൽ ക്ലാസുകൾ ഓൺലൈനായാണ് നടക്കുന്നത്.
ഭക്ഷണത്തിന്‍റെയും അടിസ്ഥാന സാമഗ്രികളുടെയും ദൗർലഭ്യം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള ആശുപത്രികളുടെ ക്ഷാമം, പോസിറ്റീവ് പരിശോധനകൾ നടത്തുകയോ പോസിറ്റീവ് കേസുമായി സമ്പർക്കം പുലർത്തുകയോ ചെയ്യുന്ന കേന്ദ്രീകൃത ക്വാറന്‍റൈൻ സെന്‍ററുകളുടെ മോശം അവസ്ഥകൾ എന്നിവ ആളുകളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ന് (28.04.2022) ചൈനയിൽ 11,285 പുതിയ കേസുകളും, 47 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. അവയിൽ ഭൂരിഭാഗവും ഷാങ്ഹായിലാണ്.