ബീജിങ് :ചൈനീസ് തലസ്ഥാനമായ ബീജിങ്ങില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ നീട്ടാന്‍ തീരുമാനം. വര്‍ക്ക് ഫ്രം ഹോം നിബന്ധന തുടരും. ബീജിങ്ങിലെ പല റസിഡന്‍ഷ്യല്‍ ബ്ലോക്കുകളിലേക്കുമുള്ള സഞ്ചാരപാത അധികൃതര്‍ അടച്ചിരിക്കുകയാണ്. എങ്കിലും ബീജിങ്ങില്‍ ചൈനയിലെ മറ്റൊരു നഗരമായ ഷാങ്ഹായിലേതിന് സമാനമായ തീവ്രതയിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
ഷാങ്ഹായില്‍ ദശലക്ഷക്കണക്കിനാളുകള്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുടരുകയാണ്. ബീജിങ്ങില്‍ പ്രതിദിന കേസുകളുടെ എണ്ണം 50ല്‍നിന്ന് 99ആയാണ് വര്‍ധിച്ചത്. ചൈനയില്‍ മൊത്തത്തില്‍ ഇന്ന്(23.05.2022) സ്ഥിരീകരിച്ചത് 802 പുതിയ കേസുകളാണ്.
ചൈനയില്‍ മൊത്തത്തില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെങ്കിലും പ്രാദേശികമായി കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളാണ് ചൈനീസ് അധികൃതര്‍ ഏര്‍പ്പെടുത്തുന്നത്. സീറോ കൊവിഡ് തന്ത്രം പിന്തുടരുന്നതിന്‍റെ ഭാഗമായാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
കൊവിഡിന്‍റെ സാമൂഹ്യ വ്യാപനം പൂര്‍ണമായി തടയുകയാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. കൊവിഡിന്‍റെ പൂര്‍ണമായ സാമൂഹ്യ വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അത് വലിയ സാമ്പത്തിക സാമൂഹിക പ്രത്യാഘതങ്ങള്‍ ഉണ്ടാക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ച കൊവിഡിനൊപ്പം ജീവിക്കുക എന്ന തന്ത്രത്തിന്‍റേ നേര്‍ വിപരീതമാണ് സീറോ കൊവിഡ് തന്ത്രം.
ഷാങ്‌ഹായില്‍ നിലവില്‍ 4,80,000 ആളുകള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ല. 1.59 ദശലക്ഷം ആളുകള്‍ക്ക് അവരുടെ വീട് നിലനില്‍ക്കുന്നതിന്‍റെ പരിസര പ്രദേശങ്ങളില്‍ മാത്രം സഞ്ചരിക്കാനാണ് അനുവാദമുള്ളത്. രണ്ട് കോടി പന്ത്രണ്ട് ലക്ഷം ആളുകള്‍ക്ക് ലഘുവായ നിയന്ത്രണമാണുള്ളത്. ഷാങ്ഹായിലെ ആളുകള്‍ക്ക് ഷോപ്പിങ്ങിനായി ഒരു മണിക്കൂറാണ് അനുവദിക്കപ്പപ്പെട്ടിരിക്കുന്നത്.