ലണ്ടന്‍: എഫ്എ കപ്പ് മത്സരത്തിന്‍റെ തത്സമയ സംപ്രേഷണത്തിന് മുമ്പ് പുറത്തുവന്ന പോണ്‍ ശബ്‌ദത്തില്‍ ക്ഷമാപണം നടത്തി ബ്രിട്ടീഷ് ബ്രോഡ്‌കാസ്‌റ്റിങ് കോര്‍പറേഷന്‍. എഫ്എ കപ്പ് മത്സരം സംപ്രേഷണം ചെയ്യുന്നതിനിടെ സ്‌റ്റുഡിയോയില്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണിലൂടെ ഒരു യൂട്യൂബർ നടത്തിയ പ്രാങ്കിനാണ് ബിബിസി ക്ഷമാപണവുമായി രംഗത്തെത്തിയത്. ചൊവ്വാഴ്‌ച മോളിനകസ്‌ക് സ്‌റ്റേഡിയത്തില്‍ വോള്‍വര്‍ഹാംപ്‌ടണും ലിവര്‍പൂളും തമ്മിലുള്ള മത്സരത്തിന് മുമ്പ് മുന്‍ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ഗാരി ലിനേകര്‍ നടത്തിയ കവറേജിനിടെയാണ് പോണ്‍ ശബ്‌ദം പരിപാടിക്ക് അലോസരം സൃഷ്‌ടിച്ചത്.
തുടര്‍ന്ന് പരിപാടിയുടെ കവറേജ് നടക്കുന്ന സെറ്റിന് പിറകിലായി ഒരു മൊബൈല്‍ ഫോണ്‍ ടേപ്പ് ചെയ്‌ത് വച്ച ചിത്രം ലിനേക്കര്‍ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. സെറ്റിന്‍റെ പിന്‍ഭാഗത്ത് ഇത് ടേപ്പ് ചെയ്‌തതായി ഞങ്ങള്‍ കണ്ടെത്തി. ഒരു പരിപാടി അലങ്കോലപ്പെടുത്തുമ്പോള്‍ ഇതെല്ലാം വളരെ രസകരമാണ് എന്നും അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു. ർ
എന്നാല്‍ ഈ 'രസകരമായ' സംഭവത്തെ അത്ര നിസാരമായി കാണാന്‍ കഴിയാതെ വന്നതോടെയാണ് ബിബിസി വിശദീകരണവുമായി രംഗത്തെത്തിയത്. 'ഇന്ന് വൈകുന്നേരം ഫുട്‌ബോൾ കവറേജിനിടെ ആരെയെങ്കിലും അവഹേളിച്ചതായി തോന്നിയെങ്കില്‍ ഞങ്ങൾ ക്ഷമ ചോദിക്കുന്നു' എന്നായിരുന്നു ബിബിസിയുടെ ക്ഷമാപണം.
പിന്നില്‍ 'ജാര്‍വോ': എന്നാല്‍ സംഭവത്തിന് പിന്നില്‍ താനാണെന്ന് 'ജാര്‍വോ' എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് ഡാനിയല്‍ ജാര്‍വിസ് എന്ന യൂട്യൂബര്‍ രംഗത്തെത്തി. ഫോണില്‍ പോണ്‍ ശബ്‌ദം വരുത്താനായി അയാള്‍ കോള്‍ ചെയ്യുന്ന വീഡിയോയും ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌തു. അതേസമയം 2021 സെപ്‌റ്റംബറില്‍ ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള ടെസ്‌റ്റ് ക്രിക്കറ്റ് മത്സരത്തിനിടെ പിച്ചിലേക്ക് അതിക്രമിച്ച് കയറിയതിന് ജാര്‍വോയെ ഇംഗ്ലണ്ടിലും വെയിൽസിലും നടക്കുന്ന എല്ലാ കായിക മത്സരങ്ങളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും കഴിഞ്ഞ ഒക്‌ടോബറിൽ രണ്ട് വർഷത്തേക്ക് മുമ്പ് വിലക്കിയിരുന്നു. ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോയുടെ അടുത്തേക്കാണ് ഇയാൾ ഓടി അടുത്തത്.