ലണ്ടന്‍:പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിവാദ ഡോക്യുമെന്‍ററി പരമ്പരയെ ന്യായീകരിച്ച് ബിബിസി. വിശദമായ പഠനത്തിന്‍റെ അടിസ്ഥാനത്തിലുള്ള ചില സുപ്രധാന വിഷയങ്ങള്‍ ഉയര്‍ത്തുന്നതാണ് ഡോക്യുമെന്‍ററി എന്ന് ബിബിസി പറഞ്ഞു. വസ്‌തുനിഷ്‌ഠതയില്ലാത്ത 'പ്രൊപ്പഗാണ്ട ശകലം' എന്നാണ് ഡോക്യുമെന്‍ററിയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.
2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നും ഇത് ബ്രിട്ടീഷ് സര്‍ക്കാറിന് അറിയാമായിരുന്നു എന്നും ഡോക്യുമെന്‍ററിയില്‍ അവകാശവാദം ഉണ്ടായിരുന്നു. എന്നാല്‍ നരേന്ദ്ര മോദിയെ പിന്തുണയ്‌ക്കുന്ന തരത്തിലുള്ള പ്രസ്‌താവനയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് യുകെ പാര്‍ലമെന്‍റില്‍ സ്വീകരിച്ചത്.
2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് പ്രത്യക്ഷമായ ഉത്തരവാദിത്വമുണ്ട് എന്ന് ഈ ഡോക്യുമെന്‍ററിയില്‍ ചില ബ്രിട്ടീഷ് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നത് ഋഷി സുനക് അംഗീകരിക്കുന്നുണ്ടോ എന്ന് പാകിസ്ഥാന്‍ വംശജനും പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി എംപിയുമായ ഇമ്രാന്‍ ഹുസൈന്‍ പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിച്ചിരുന്നു. യുകെ സര്‍ക്കാറിന്‍റെ ഇക്കാര്യത്തിലുള്ള ദീര്‍ഘകാലമായുള്ള നിലപാടില്‍ മാറ്റമുണ്ടായിട്ടില്ലെന്നും ഇമ്രാന്‍ ഹുസൈന്‍ മോദിയെ ചിത്രീകരിച്ച രീതിയോട് തനിക്ക് യോജിപ്പില്ലെന്നുമാണ് ഋഷി സുനക് പറഞ്ഞത്.
ഡോക്യുമെന്‍ററി പരിശോധിക്കുന്നത് മോദിയുടെ രാഷ്‌ട്രീയം:യുകെയിലെ നികുതിദായകരുടെ പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന ചാനലാണ് ബിബിസി. ഡോക്യുമെന്‍ററി നിര്‍മാണ വേളയില്‍ വ്യത്യസ്‌തമായ നിലപാടുകള്‍ ഉള്ളവരെ സമീപിച്ചിട്ടുണ്ടെന്നും ബിബിസി വ്യക്തമാക്കി. ദൃക്സാക്ഷികള്‍, ബിജെപിയില്‍ നിന്നടക്കമുള്ളവരുടെ വ്യത്യസ്‌ത അഭിപ്രയാങ്ങള്‍ ഈ ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോക്യുമെന്‍ററിയില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.