ഇന്തോനേഷ്യ :ബാലിയിലെ ഹിന്ദു ജനവിഭാഗം പരിശുദ്ധമെന്ന് കരുതുന്ന വൃക്ഷത്തിന്‍റെ മുകളില്‍ നിന്ന് നഗ്‌നയായി ഫോട്ടോഷൂട്ട് നടത്തിയ റഷ്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുന്‍സറേയും അവരുടെ ഭര്‍ത്താവിനേയും രാജ്യത്തുനിന്ന് തിരിച്ചയക്കാന്‍ തീരുമാനിച്ച് ഇന്തോനേഷ്യ. ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള അലീന ഫസ്‌ലീവയാണ് ഒരു ക്ഷേത്രത്തിനടത്തുള്ള 700 വര്‍ഷം പഴക്കമുള്ള ആല്‍ മരത്തിന് മുകളില്‍ നിന്ന് നഗ്ന ഫോട്ടോ എടുത്തത്. അലീനയുടെ ഭര്‍ത്താവെടുത്ത ചിത്രം ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ ആയിരുന്നു.
എന്നാല്‍ ഇത് ബാലിയന്‍ സമൂഹത്തിന്‍റെ വികാരത്തിനാണ് വ്രണമേല്‍പ്പിച്ചെന്നാണ് സര്‍ക്കാര്‍ വാദം. ബാലിയിലെ ഹിന്ദു സംസ്കാരത്തെ സംബന്ധിച്ചിടത്തോളം പര്‍വതങ്ങളും,മരങ്ങളും പരിശുദ്ധമായാണ് കാണുന്നത്. ഇവയില്‍ ദൈവം അധിവസിക്കുന്നുവെന്നാണ് അവര്‍ സങ്കല്‍പ്പിക്കുന്നത്.
തദ്ദേശീയ ആചാരങ്ങള്‍ പാലിക്കാതെയുള്ള നടപടികളാണ് രണ്ടുപേരില്‍ നിന്നും ഉണ്ടായതെന്നും ഇവരുടെ നടപടി ബാലിയിലെ സാമൂഹ്യാവസ്ഥയെ ബാധിച്ചിരിക്കുകയാണെന്നും ഇമിഗ്രേഷന്‍ മേധാവി ജമരൂളി മനിഹുറുക്ക് മാധ്യമങ്ങളോട് പറഞ്ഞു. ആറ് മാസത്തേക്ക് ഇന്തോനേഷ്യയില്‍ പ്രവേശിക്കുന്നതിന് രണ്ടുപേര്‍ക്കും വിലക്കേര്‍പ്പെടുത്തും. കൂടാതെ ബാലിയിലെ ഹിന്ദു സമൂഹത്തിന്‍റെ ആചാരപ്രകാരം ശുദ്ധികലശത്തില്‍ ഇവര്‍ പങ്കെടുക്കേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം തനിക്ക് വലിയ തെറ്റുപറ്റിയെന്ന് അലീന ഇന്തോനേഷ്യന്‍ ഭാഷയായ ബഹാസയിലും ഇംഗ്ലീഷിലും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ബാലിയില്‍ നിവധി പരിശുദ്ധ സ്ഥലങ്ങള്‍ ഉണ്ടെന്നും എന്നാല്‍ എല്ലായിടത്തും അത് സംബന്ധിക്കുന്ന വിവരങ്ങള്‍ എഴുതിവച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ആചാരങ്ങളും സ്ഥലങ്ങളും ആദരവോടെ കാണേണ്ടത് പ്രധാനമാണെന്നും അലീന പറഞ്ഞു.
ബാലി ജനവിഭാഗത്തിന്‍റെ ആചാരങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിക്കാത്ത വിനോദ സഞ്ചാരികളെ വച്ചുപൊറുപ്പിക്കില്ലെന്ന് ഗവര്‍ണര്‍ വയന്‍ കോസ്റ്റര്‍ പറഞ്ഞു. കഴിഞ്ഞമാസം കനേഡിയന്‍ നടനും വെല്‍നസ് ഗുരുവുമായ ജെഫ്രി ക്രെയിഗനെ, നഗ്നനായി മൗറി ആചാര നൃത്തമായ ഹക്ക പരിശുദ്ധ മലയായ ബത്തൂറില്‍വച്ച് ചെയ്‌തതിന് ബാലി അധികൃതര്‍ നാടുകടത്തിയിരുന്നു. കഴിഞ്ഞവര്‍ഷം 200ഓളം വിനോദ സഞ്ചാരികളെയാണ് ബാലി ഭരണകൂടം തിരിച്ചയച്ചത്.