ഖാർത്തൂം :സുഡാനിലെ സൈന്യവും രാജ്യത്തെ പ്രധാന അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 180 സാധാരണക്കാര്‍ കൊല്ലപ്പെടുകയും സൈനികരടക്കം 1,800-ലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തതായി സുഡാനിലെ ഐക്യരാഷ്‌ട്ര പ്രതിനിധി വോൾക്കർ പെർത്‌സ്. ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, മുസ്ലിം പുണ്യമാസമായ റംസാന്‍റെ അവസാനത്തെ കുറച്ച് ദിവസങ്ങളിൽ പോലും തലസ്ഥാനമായ ഖാർത്തൂമിലെ അഞ്ച് ദശലക്ഷം നിവാസികളിൽ ഭൂരിഭാഗമാളുകളുടെയും വീടുകളിൽ വൈദ്യുതിയോ വെള്ളമോ ഇല്ല.
ഖാർത്തൂമിന്‍റെ വടക്കുകിഴക്കുള്ള പ്രധാന മെഡിക്കൽ സെന്‍റർ ഉൾപ്പടെയുള്ള പ്രദേശങ്ങൾ ഷെല്ലാക്രമണത്തിൽ തകർന്നിരുന്നു. ഷെല്ലാക്രമണം ഭയന്ന് ഇതിനോടകം ഒരു ഡസനിലധികം ആശുപത്രികൾ അടച്ചുപൂട്ടിയിട്ടുണ്ട്. സുഡാനിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ എയ്‌ഡൻ ഒഹാര തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഖാർത്തൂമിലെ താമസസ്ഥലത്ത് ആക്രമിക്കപ്പെട്ടതായി യൂറോപ്യൻ യൂണിയന്‍റെ ഉന്നത നയതന്ത്രജ്ഞൻ ജോസെപ് ബോറെൽ ഫോണ്ടെലെസ് ട്വീറ്റ് ചെയ്‌തിരുന്നു. എന്നാൽ ഇദ്ദേഹത്തിന്‍റെ നില ഗുരുതരമല്ല.
പ്രശ്‌നം ഒടുങ്ങാത്ത സുഡാൻ :സുഡാനിൽ ആഭ്യന്തരകലാപം പുതിയ സംഭവമല്ല. എന്നാൽ മുൻപെങ്ങുമില്ലാത്ത വിധത്തിൽ നിയന്ത്രാണാതീതമാണ് നിലവിലെ കാര്യങ്ങൾ. ശനിയാഴ്‌ച പൊട്ടിപ്പുറപ്പെട്ട ഏറ്റുമുട്ടലിൽ സുഡാനീസ് ആർമിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗവുമാണ് നിലവിൽ കലാപം സൃഷ്‌ടിക്കുന്നത്.
പ്രദേശങ്ങളിൽ വ്യോമാക്രണവും ശക്തമാണ്. ആ സാഹചര്യത്തിൽ പൗരന്മാരോട് വീടുകളിൽ കഴിയാനാണ് നിർദ്ദേശം. സുഡാനിലെ ഇന്ത്യൻ എംബസിയും ഇന്ത്യക്കാരോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടിരുന്നു. നിലവിൽ സുഡാനിലേക്കുള്ള വിമാന സർവീസുകളെല്ലാം രാജ്യങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. റിയാദിലേക്ക് പുറപ്പെടാനിരുന്ന സൗദി വിമാനത്തിന് വെടിയേറ്റിരുന്നു. ഇതോടെയാണ് ഒട്ടേറെ വിമാനക്കമ്പനികളും സർവീസ് നിർത്തിയത്. നിരവധി രാഷ്‌ട്രങ്ങളാണ് സംഘർഷം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്.
2021 ഒക്‌ടോബറിലാണ് സുഡാനിലെ സർക്കാരിനെ വീഴ്‌ത്തി സൈനിക അട്ടിമറി ഉണ്ടാകുന്നത്. നിലവിൽ സുഡാനിലെ ഭരണം സൈനിക ജനറൽമാരുടെ കൗൺസിലാണ് നിയന്ത്രിക്കുന്നത്. നിലവിലെ ഭരണരീതിയിൽ പ്രതിസന്ധി ഉണ്ടായതിന് പിന്നിൽ പ്രധാനപ്പെട്ട രണ്ട് ജനറൽമാരുടെ അഭിപ്രായ വ്യത്യാസമാണ് കാരണം. സൈന്യത്തലവനും നിലവിൽ രാജ്യത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തിരിക്കുകയും ചെയ്യുന്ന ജനറൽ അബ്‌ദുൽ ഫത്താ അൽ ബുർഹാനും, ആർഎസ്എഫിന്‍റെ തലവനും ബുർഹാന്‍റെ ഡെപ്യൂട്ടിയുമായ ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയും തമ്മിലാണ് അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നത്.
ആർഎസ്എഫിന്‍റെ ഭടന്മാരെ സൈന്യത്തിൽ ചേർക്കണമെന്ന ആവശ്യത്തെ തുടർന്നാണ് തർക്കം ആരംഭിച്ചത്. ഈ ഭടന്മാരെ സേനയിൽ വിന്യസിച്ചാൽ അത് നിലവിലെ സേനയ്ക്ക് പ്രശ്‌നമാകുമെന്ന അഭിപ്രായത്തെ തുടർന്നാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. എന്നാൽ ചർച്ച ചെയ്‌ത് പരിഹരിക്കാമായിരുന്ന ഈ പ്രശ്‌നത്തെ സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. എന്നാൽ ഏത് വിഭാഗമാണ് ആദ്യം ആക്രമണം ആരംഭിച്ചതെന്ന കാര്യത്തിൽ വ്യക്‌തതയില്ല.
നിലവിലെ ഏറ്റുമുട്ടൽ കണക്കിലെടുത്ത് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്‌ച ഇന്ത്യക്കാർക്ക് വിവരങ്ങളും സഹായവും നൽകുന്നതിന് കൺട്രോൾ റൂം സ്ഥാപിച്ചു. സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള കൺട്രോൾ റൂമിന്‍റെ കോർഡിനേറ്റുകൾ, ഇ-മെയിൽ, ഫോൺ നമ്പറുകൾ എന്നിവ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഫോൺ: 1800 11 8797 (ടോൾ ഫ്രീ) +91-11-23012113; +91-11-23014104; +91-11-23017905; മൊബൈൽ: +91 9968291988, ഇമെയിൽ: gov.incityroom@mea