മലാംഗ്:ഇന്തോനേഷ്യയിൽ ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ തിക്കിലും തിരക്കിലും പെട്ട് 174 മരണം. ഇന്തോനേഷ്യൻ പ്രീമിയർ ലീഗിൽ കിഴക്കൻ ജാവയിലെ കഞ്ജുരുഹാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് വൻ ദുരന്തമുണ്ടായത്. കാണികൾ തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്.
മത്സരത്തിൽ പെർസെബയ സുരബായ എന്ന ടീം അരേമ മലംഗിനെ തോൽപ്പിച്ചതോടെയാണ് ഇരു ടീമുകളുടേയും ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്. ഹോം മത്സരങ്ങളിൽ 23 വർഷമായി അപരാജിതമായി മുന്നേറുകയായിരുന്ന അരേമ മലംഗിന്‍റെ തോൽവിയാണ് ആരാധകരെ ചൊടിപ്പിച്ചത്.
തുടർന്ന് തോൽവിയുടെ കാരണം മാനേജ്‌മെന്‍റ് വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാണികൾ സ്റ്റേഡിയത്തിൽ സംഘർഷാവസ്ഥ സൃഷ്‌ടിക്കുകയായിരുന്നു. ഇതിനിടെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്നവർ അഞ്ചോളം പൊലീസ് വാഹനങ്ങൾക്ക് തീയിട്ടു. പിന്നാലെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു.
കണ്ണീർ വാതകം പ്രയോഗിച്ചതോടെ പരിഭ്രാന്തരായ ജനങ്ങൾ രക്ഷപ്പെടാനായി പ്രധാന കവാടത്തിലേക്ക് ഓടി. ഇതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ദുരന്തം സംഭവിച്ചത്. ഓടുന്നതിനിടെ താഴെ വീണതിനെത്തുടർന്ന് മറ്റുള്ളവരുടെ ചവിട്ടേറ്റാണ് കൂടുതൽ പേരും മരണമടഞ്ഞത്.
ചിലർ ആൾക്കൂട്ടത്തിനിടയിൽ പെട്ട് ശ്വാസം മുട്ടി മരിച്ചു. 34 പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. നിലവിൽ 100ൽ അധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ പലരുടേയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.