ലോസ് ആഞ്ചലസ് :ഹോളിവുഡ് താരവും മുൻ കാലിഫോർണിയ ഗവർണറുമായ അർണോൾഡ് ഷ്വാസ്‌നെഗർ ട്വിറ്ററിൽ പങ്കുവച്ച വ്യത്യസ്‌തമായ ഒരു ദൃശ്യമാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയമായിരിക്കുന്നത്. നമ്മുടെ പരിസര പ്രദേശങ്ങളിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞാൽ പരസ്‌പരം പോരിനിറങ്ങുന്ന രാഷ്‌ട്രീയ പാർട്ടികളും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട അധികൃതരെ പഴിചാരുന്നതുമാണ് പതിവ് കാഴ്‌ച. എന്നാൽ ഇതിൽ നിന്നും വ്യത്യസ്‌തമായിരിക്കുകയാണ് അർണോൾഡ് ഷ്വാസ്‌നെഗർ.
ലോസ് ആഞ്ചലസിലെ താമസസ്ഥലത്തിനടുത്തുള്ള റോഡിലെ കുഴി ടാർ ഉപയോഗിച്ച് നികത്തുന്നതാണ് ഷ്വാസ്‌നെഗർ പങ്കുവച്ച വീഡിയോ. 'ആഴ്‌ചകൾക്ക് മുന്നെ റോഡിൽ രൂപപ്പെട്ട ഭീമൻ കുഴി കാറുകളും സൈക്കിളുകളുമടക്കമുള്ള വാഹനങ്ങൾക്ക് വലിയ പ്രശ്‌നമാകുന്നത് അയൽവാസികളായ ആളുകൾ പരാതിപ്പെട്ടതിനെ തുടർന്ന് ഞാൻ എന്‍റെ ടീമിനൊപ്പം പോയി അത് ശരിയാക്കി. ഞാൻ എപ്പോഴും പറയുന്നതാണ്, ഏതെങ്കിലുമൊരു പ്രശ്‌നത്തെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടിരിക്കാതെ നമുക്ക് ചെയ്യാനാകുന്ന കാര്യങ്ങൾ പ്രവർത്തിക്കാം', അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. റോഡിലെ കുഴിയടയ്‌ക്കുന്ന നടന് ഒരു വഴിയാത്രക്കാരി നന്ദി പറയുന്നതും ദൃശ്യങ്ങളിൽ കാണാം.