വിൽമിങ്ടൺ (യുഎസ്): വ്യാഴാഴ്‌ച എഫ്ബിഐയുടെ സിൻസിനാറ്റിയിലെ ഓഫിസിൽ കടന്നുകയറാൻ ശ്രമിച്ച ആയുധധാരിയായ ആളെ ഏറ്റുമുട്ടലുകൾക്കൊടുവിൽ പൊലീസ് കൊലപ്പെടുത്തി. റിക്കി ഷിഫർ (42) എന്നയാളാണ് പൊലീസിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച രാവിലെ 9.15ഓടെയാണ് ആക്രമണ ശ്രമമുണ്ടായത്.
എഫ്ബിഐ ഓഫിസിലെ സന്ദർശകരുടെ സ്ക്രീനിങ് ഏരിയയിൽ ഷിഫർ കടന്നുകയറാൻ ശ്രമിക്കുകയായിരുന്നു. ആക്രമണ ശ്രമം എഫ്ബഐ ഏജന്‍റുമാർ തടഞ്ഞതോടെ ഇയാൾ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. തുടർന്ന് പൊലീസ് ഷിഫറിനെ പിന്തുടരുകയും സിൻസിനാറ്റിയുടെ പ്രാന്തപ്രദേശത്ത് മണിക്കൂറുകളോളം നടന്ന ഏറ്റുമുട്ടലിനൊടുവിൽ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നും ഒഹായോ സ്റ്റേറ്റ് ഹൈവേ പട്രോൾ അറിയിച്ചു.
ഇയാൾ 2021 ജനുവരി 6ലെ കാപിറ്റോൾ ആക്രമണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ വാഷിങ്‌ടണിൽ ഉണ്ടായിരുന്നുവെന്നും ആക്രമണം നടന്ന ദിവസം കാപിറ്റോൾ ബിൽഡിങ്ങിൽ ഉണ്ടായിരുന്നിരിക്കാമെന്നും പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ആക്രമണവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലായിരുന്നു. പ്രൗഡ് ബോയ്‌സ് ഉൾപ്പെടെയുള്ള തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായി ഷിഫറിന് ബന്ധം ഉണ്ടോയെന്ന് ഫെഡറൽ ഉദ്യോഗസ്ഥർ അന്വേഷിച്ചു വരികയാണ്.
മുൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഫ്ലോറിഡയിലെ മാർ-അ-ലാഗോ (Mar-a-Lago) എസ്റ്റേറ്റിൽ റെയ്‌ഡ് നടന്ന് ദിവസങ്ങൾക്കകമാണ് എഫ്ബിഐ ഏജന്‍റുമാർക്കെതിരെ ആക്രമണ ശ്രമമുണ്ടായിരിക്കുന്നത്. റെയ്‌ഡിനെ തുടർന്ന് എഫ്ബിഐ ഏജന്‍റുമാർക്കെതിരെ ഭീഷണികൾ വർധിച്ചു വരികയാണ്.