ജോർദാൻ : ഇസ്രയേൽ - ഹമാസ് യുദ്ധം (Israel - Hamas War) അതിരുകടക്കുമ്പോൾ ഗാസയിൽ അടിയന്തിര വെടിനിർത്തലിന് (Israel Hamas ceasefire) ആഹ്വാനം ചെയ്‌ത അറബ് രാജ്യങ്ങളോട് എതിർപ്പ് രേഖപ്പെടുത്തി യുഎസ്. പലസ്‌തീൻ വക്താവടക്കം ഈജിപ്‌ത്, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത നയതന്ത്രജ്‌ഞരേയും ഉൾപ്പെടുത്തി ജോർദാൻ വിദേശകാര്യ മന്ത്രി വിളിച്ചുചേർത്ത ഉച്ചകോടിയിലാണ് യുഎസ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഭിന്നത അറിയിച്ചത് (Us On Israel Hamas ceasefire). ഒരു മാസമായി നീണ്ടു നിൽക്കുന്ന യുദ്ധത്തിൽ പലസ്‌തീനിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ രംഗത്ത് വന്നത് (Arab Leaders On Israel Hamas ceasefire).
എന്നാൽ, വെടിനിർത്തൽ നടത്തിയാൽ ഹമാസിനെ വീണ്ടും സംഘടിക്കാൻ അത് സഹായിക്കുമെന്നും ഇസ്രയേലിനെതിരെ വീണ്ടും ആക്രമണം നടത്താൻ സമയം നൽകുമെന്നുമായിരുന്നു യുഎസിന്‍റെ വാദം. ഉച്ചകോടിക്ക് ശേഷം ചേർന്ന വാർത്ത സമ്മേളനത്തിൽ ബ്ലിങ്കനൊപ്പം ജോർദാനിലെയും ഈജിപ്‌തിലെയും വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തിരുന്നെങ്കിലും ഭിന്നാഭിപ്രായത്തോടെ തന്നെയാണ് മുന്നോട്ട് പോയത്. ഗാസയിലെ ഇസ്രായേൽ ആക്രമണത്തെ അറബ് രാജ്യങ്ങൾ ശക്തമായി അപലപിച്ചു.
നിരപരാധികളെ കൂട്ടക്കൊല ചെയ്‌ത് അടിസ്ഥാന സൗകര്യങ്ങളേയും ആരോഗ്യ മേഖലയേയും ലക്ഷ്യം വച്ചുള്ള ഇസ്രയേൽ ആക്രമണം ഒരിക്കലും സ്വയം പ്രതിരോധമായി കണക്കാക്കാനാകില്ലെന്ന് ഈജിപ്‌ഷ്യൻ വിദേശകാര്യ മന്ത്രി സമേഷ് ഷൗക്രി പറഞ്ഞു. അതേസമയം, വെടിനിർത്തലിനോട് എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും സാധാരണക്കാരുടെ ജീവന് സുരക്ഷ നൽകണമെന്ന് ഇസ്രയേലിനോട് ബ്ലിങ്കൻ ആവശ്യപ്പെട്ടു. യുദ്ധത്തിൽ തകർന്നടിഞ്ഞ ഗാസ മുനമ്പിലേയ്‌ക്ക് ഇന്ധനം ഉൾപ്പടെയുള്ള മാനുഷിക സഹായം എത്തിക്കുന്നതിനായി യുഎസ് വക്താവ് വാദിച്ചു.