ഫ്രാൻസ്:75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന് ചൊവ്വാഴ്‌ച (മെയ് 17) തിരിതെളിഞ്ഞു. ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് നിരവധി താരങ്ങളാണ് ഇത്തവണ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. കൂടാതെ ഇന്ത്യൻ സിനിമയുടെ അഭിമാനമായി ബോളിവുഡ് താരം ദീപിക പദുക്കോണും ഇത്തവണ ജൂറി അംഗമായി എത്തിയിട്ടുണ്ട്. മലയാളത്തിൽ നിന്നുൾപ്പെടെ നിരവധി ഇന്ത്യൻ സിനിമകളും അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.
ഫിലിം ഫെസ്റ്റിവൽ വേദിയിൽ നിന്നും എ.ആർ റഹ്മാൻ പങ്കുവച്ച ചിത്രമാണ് ആരാധകർക്കിടയിൽ ഇപ്പോൾ തരംഗമാകുന്നത്. ഉലകനായകൻ കമൽ ഹാസനുമായുള്ള കാൻ മേളയിലെ ചിത്രമാണ് ഓസ്‌കാർ ജേതാവ് തന്‍റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. നീണ്ട വർഷങ്ങൾക്ക് ശേഷം ഇതിഹാസ താരങ്ങൾ ഒന്നിച്ചുള്ള ചിത്രത്തിന് കമന്‍റുകളുമായി നിരവധി ആരാധകരാണ് രംഗത്തെയത്.
കറുത്ത ബന്ദ്ഗാല സ്യൂട്ടും സൺഗ്ലാസും ധരിച്ചാണ് റഹ്മാൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. വെളുത്ത ഹൈലൈറ്റുകളോട് കൂടിയ കറുത്ത സ്യൂട്ടിൽ കമൽഹാസനും റെഡ് കാർപെറ്റിൽ തിളങ്ങി.