ഐഫോൺ 15 പ്രോ ഫോണുകൾക്കായി പുതിയ സോഫ്‌റ്റ് വെയർ പാച്ച് പ്രഖ്യാപിച്ച് ആപ്പിൾ. ഐഒഎസ് 17.0.3 (iOS 17.0.3) അപ്‌ഡേറ്റാണ് ആപ്പിൾ പുറത്തിറക്കുന്നത്. ആപ്പിൾ 15 പ്രോ (Apple iPhone 15 series) പുറത്തിറങ്ങിയതിന് പിന്നാലെ ഫോൺ ഉപയോഗിക്കുമ്പോൾ വേഗത്തിൽ ചൂടാകുന്നതായി (overheating) ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇതിന് പരിഹാരമായാണ് ആപ്പിൾ പുതിയ സോഫ്‌റ്റ് വെയർ പാച്ച് പുറത്തിറക്കിയത് (Apple Releases New iOS 17 Update).
ഈ അപ്‌ഡേറ്റിലൂടെ നിലവിൽ ഫോണിലുള്ള ബഗ്ഗുകൾ പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന് ടെക് ഭീമനായ ആപ്പിൾ അറിയിച്ചു. ഫോണുകൾ അമിതമായി ചൂടാകുന്നതിനെക്കുറിച്ചുള്ള പരാതികൾ ഉപയോക്താക്കൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ എത്രമാത്രം ഉപയോക്താക്കളെ ഈ പ്രശ്‌നം ബാധിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. ഐഒഎസ് 17 ലെ ബഗ്ഗും ചില തേർഡ് പാർട്ടി ആപ്പുകളുടെ പതിപ്പുകളുമാകാം ഫോൺ ചൂടാകുന്നതിന് കാരണമെന്ന് ആപ്പിൾ മുൻപ് പറഞ്ഞിരുന്നു.
എന്നാൽ ഐഒഎസ് 17.0.30 ഐഫോൺ 15 പ്രോയിൽ പ്രാവർത്തികമാക്കുന്നതോടെ ഉപയോക്താക്കൾക്ക് ഫോണുകള്‍ സുരക്ഷിതമായി ഉപയോഗിക്കാനാകും. നിലവിൽ iOS 17, iPadOS 17 എന്നീ സോഫ്‌റ്റ് വെയറുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ, ഐപാഡ് മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ ഐഒഎസ് 17.0.3, ഐപാഡ്ഒഎസ് 17.0.3 എന്നിവയുടെ 420 എംബി അപ്‌ഡേറ്റ് ഇൻസ്‌റ്റാൾ ചെയ്‌താൽ മതി.