കേരളം

kerala

ETV Bharat / international

Blinken in Beijing | അവസാനിക്കുമോ അമേരിക്ക - ചൈന ഏറ്റുമുട്ടൽ ? ; ഉഭയകക്ഷി ചർച്ചയ്‌ക്കായി ആന്‍റണി ബ്ലിങ്കൻ

ആന്‍റണി ബ്ലിങ്കൻ ഇന്ന് ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തും

Blinken arrives in Beijing  US State Secretary  Antony Blinken  അമേരിക്ക  ചൈന  ബെയ്‌ജിംഗ്  യുഎസ് സ്റ്റേറ്റ് സെക്രട്ടറി  ആന്‍റണി ബ്ലിങ്കൻ
Blinken in Beijing

By

Published : Jun 18, 2023, 9:42 AM IST

ബെയ്‌ജിംഗ് : അമേരിക്ക - ചൈന ഉഭയകക്ഷി ചർച്ചയ്‌ക്കായി നയതന്ത്ര ദൗത്യവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ബെയ്‌ജിംഗിലെത്തി. ബ്ലിങ്കൻ ഇന്ന് ചൈനീസ് ഉന്നതരുമായി രണ്ടുദിവസം നീണ്ടുനിൽക്കുന്ന ചർച്ചയ്‌ക്ക് തുടക്കമിടും. യു എസ്‌ പ്രസിഡന്‍റ് ജോൺ ബൈഡൻ അധികാരമേറ്റ ശേഷം ചൈന സന്ദർശിക്കുന്ന ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥനും അഞ്ച് വർഷത്തിനിടെ ചൈന സന്ദർശിക്കുന്ന ആദ്യ സ്‌റ്റേറ്റ് സെക്രട്ടറിയുമാണ് ആന്‍റണി ബ്ലിങ്കൻ.

യുഎസിന് മുകളിലൂടെ പറന്ന ചൈനീസ് നിരീക്ഷണ ബലൂൺ വെടിവച്ചതിനെത്തുടർന്ന്, ഫെബ്രുവരിയിൽ സന്ദർശിക്കാനുള്ള പദ്ധതി അദ്ദേഹം മാറ്റിവയ്‌ക്കുകയായിരുന്നു. ആഗോള സുരക്ഷയ്‌ക്കും സ്ഥിരതയ്‌ക്കും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിയോജിപ്പുകൾ ഇരു രാജ്യങ്ങൾക്കിടയിലും വർധിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്‌ച. ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്, ഉന്നത നയതന്ത്രജ്‌ഞൻ വാങ് യി എന്നിവർക്കൊപ്പം പ്രസിഡന്‍റ് ഷി ജിൻപിങ്ങും ചിലപ്പോൾ കൂടിക്കാഴ്‌ചയിൽ പങ്കെടുക്കും.

തായ്‌വാനുമായുള്ള വ്യാപാരം മുതൽ ചൈനയിലെ മനുഷ്യാവകാശ സാഹചര്യങ്ങൾ, ദക്ഷിണ ചൈന കടലിലെ ചൈനീസ് ഇടപെടലുകള്‍, യുക്രെയ്‌ൻ - റഷ്യ യുദ്ധം എന്നിവയടക്കം നിരവധി വിഷയങ്ങളിൽ വിയോജിപ്പുകൾ നിലനില്‍ക്കുന്നുണ്ട്. യാത്രതിരിക്കും മുന്‍പ് യുഎസും ചൈനയും മെച്ചപ്പെട്ട ആശയവിനിമയ മാർഗങ്ങൾ സ്വീകരിക്കേണ്ടതിന്‍റെയും പാലിക്കേണ്ടതിന്‍റെയും പ്രാധാന്യം ബ്ലിങ്കൻ ഊന്നിപ്പറഞ്ഞിരുന്നു.

'ഒന്നിച്ചുനിൽക്കാൻ സന്നദ്ധരാണ്' : ചൈനയുമായുള്ള മത്സരം സംഘർഷത്തിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ യുഎസ് ആഗ്രഹിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സന്നദ്ധരാണെന്ന് ഷി മൈക്രോസോഫ്റ്റ് കോർപറേഷൻ സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ വ്യക്തമാക്കിയിട്ടുമുണ്ട്. ചൈനയും യുഎസും ഒന്നിച്ചാൽ നിലവിലെ ലോകസാഹചര്യത്തിൽ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിവിധ പ്രവർത്തനങ്ങൾ നടത്താനാകും.

അതേസമയം ഷിയുമായി കൂടിക്കാഴ്‌ച നടത്തി അഭിപ്രായ വ്യത്യാസങ്ങൾ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ബൈഡനും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഫെബ്രുവരിയിൽ നടക്കാനിരുന്ന ബ്ലിങ്കന്‍റെ യാത്ര റദ്ദാക്കിയിരുന്നെങ്കിലും സിഐഎ മേധാവി വില്യം ബേൺസ് മെയ് മാസത്തിൽ ചൈനയിലും ചൈനയുടെ വാണിജ്യ മന്ത്രി യുഎസിലും ബൈഡന്‍റെ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ജേക്ക് സള്ളിവൻ വിയന്നയിലുമെത്തി കൂടിക്കാഴ്‌ചകൾ നടത്തി. എന്നിട്ടും ഇരുരാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കത്തിന് അയവ് വന്നിരുന്നില്ല.

ചൈനയ്‌ക്കെതിരെ കൈകോർത്ത് : അതൃപ്‌തിയുടെ അടയാളമെന്നോണം ഈ മാസം സിംഗപ്പൂരിൽ സുരക്ഷ സിമ്പോസിയത്തിന്‍റെ ഭാഗമായുള്ള ഒരു യോഗത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്റ്റിന്‍റെ അഭ്യർഥന ചൈനയുടെ പ്രതിരോധ മന്ത്രി നിരസിച്ചു. അതിനിടെ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതിന് അമേരിക്ക, ജപ്പാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുടെ ദേശീയ സുരക്ഷ ഉപദേഷ്‌ടാക്കൾ സംയുക്ത യോഗം നടത്തിയിരുന്നു.

ഇതിന്‍റെ ഭാഗമായി ആണവ അന്തർവാഹിനികൾ നൽകുന്നതുമായി ബന്ധപ്പെട്ട് ബൈഡൻ ഭരണകൂടം ഓസ്‌ട്രേലിയയുമായും ബ്രിട്ടനുമായും കരാറിൽ ഒപ്പുവയ്‌ക്കും. ഓസ്‌ട്രേലിയ, യുണൈറ്റഡ് കിംഗ്‌ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ്‌ എന്നിവയുടെ ചുരുക്കപ്പേരിൽ എയുകെയുഎസ്‌ (AUKUS) നൽകിയ 18 മാസത്തെ ആണവ പങ്കാളിത്തത്തിന്‍റെ ഭാഗമാണ് കരാർ.

ABOUT THE AUTHOR

...view details