മിന :ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യസ്ഥലമായ മക്കയില്‍ ഹജ്ജ് കര്‍മത്തിന്‍റെ ആദ്യ ചടങ്ങിന് ഇന്ന് തുടക്കം. 20 ലക്ഷം തീർഥാടകർ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് എത്തിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. കൊവിഡ് മാനദണ്ഡങ്ങള്‍ ഒഴിവാക്കിയ സാഹചര്യം കൂടി കണക്കിലെടുത്താണ് 20 ലക്ഷം തീർഥാടകരുടെ കണക്ക് പ്രതീക്ഷിക്കുന്നത്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് തീര്‍ഥാടകര്‍ ഹജ്ജ് കര്‍മത്തിനായി എത്തുക. ശനിയാഴ്‌ച തന്നെ ഹാജിമാര്‍ ഹജ്ജ് കര്‍മത്തിനായി എത്തി തുടങ്ങിയിരുന്നു. നിസ്‌കാരം, ഖുര്‍ആന്‍ പാരായണം മറ്റ് ആരാധനകള്‍ എന്നിവയുമായി തീര്‍ഥാടകര്‍ കഅ്‌ബയില്‍ ചെലവഴിക്കുന്നതാണ് രീതി. മൂന്ന് വർഷം മുന്‍പ് കൊവിഡ് മഹാമാരി വ്യാപനം ഉണ്ടായ ശേഷം ആദ്യമായാണ് ലോകത്തിലെ വലിയ മതപരമായ സംഗമം ഈ വർഷം നടക്കുന്നത്.
നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്തുകളഞ്ഞ് പഴയ രീതിയിലേക്ക് മാറ്റിയതുകൊണ്ടാണ് ഇത് സാധ്യമായത്. ഇസ്‌ലാം മതത്തില്‍ വിശ്വാസികള്‍ പ്രധാനമായും പാലിക്കേണ്ട അഞ്ച് കാര്യങ്ങളില്‍ ഒന്നാണ് മക്കയിലേക്കുള്ള തീർഥാടനം. ആരോഗ്യവും സാമ്പത്തും ഉണ്ടെങ്കില്‍ എല്ലാ വിശ്വാസികളും ജീവിതത്തിൽ ഒരിക്കലെങ്കിലും ഹജ്ജ് നിർവഹിക്കണമെന്നാണ് മതം അനുശാസിക്കുന്നത്.
സ്വരുക്കൂട്ടലിന്‍റേയും കാത്തിരിപ്പിന്‍റേയും ഒന്നിക്കല്‍:ഹജ്ജ് കര്‍മം, പാപങ്ങളില്‍ നിന്നും തങ്ങളെ മുക്തരാക്കുമെന്നും കൂടുതല്‍ ദൈവത്തോട് അടുപ്പിക്കുമെന്നുമാണ് തീർഥാടകരുടെ വിശ്വാസം. ലോകത്തിന്‍റെ വിവിധ ഇടങ്ങളിലെ മുസ്‌ലിങ്ങളെ ഒന്നിപ്പിക്കുക കൂടി ചെയ്യുന്നതാണ് ഈ തീര്‍ഥാടനം. വിശ്വാസികളില്‍ ചിലർ വർഷങ്ങളോളം പണം സ്വരുക്കൂട്ടി വച്ചും മറ്റൊരു വിഭാഗം യാത്ര ചെയ്യാനുള്ള അനുമതിക്കായി കാത്തിരുന്നുമാണ് മിനായിലേക്ക് എത്തുന്നത്. ഹജ്ജ് വേളയിലെ ആചാരങ്ങൾ പ്രധാനമായും ഇബ്രാഹിം, അദ്ദേഹത്തിന്‍റെ മകൻ ഇസ്‌മായിൽ, ഇസ്‌മായിലിന്‍റെ മാതാവ് ഹാജറ എന്നിവരെക്കുറിച്ചുള്ള ഖുർആന്‍ ഭാഗത്തെ അനുസ്‌മരിപ്പിക്കുന്നതാണ്.