കേരളം

kerala

ETV Bharat / international

വിമാനത്തിന്‍റെ കോക്‌പിറ്റില്‍ പൈലറ്റുമാരുടെ കൈയാങ്കളി: വിമാനം സുരക്ഷിതം, രണ്ട്പേർക്കും സസ്‌പെൻഷൻ - എയര്‍ ഫ്രാന്‍സ്

ജനീവയില്‍ നിന്ന് പാരിസിലേക്ക് പറന്ന എയര്‍ ഫ്രാന്‍സ് വിമാനത്തിലാണ് സംഭവം. കാബിന്‍ ജീവനക്കാര്‍ ഇടപെട്ടാണ് പൈലറ്റുമാരെ ശാന്തരാക്കിയത്. യാത്ര പൂര്‍ത്തിയാകുന്നത് വരെ ഒരു കാബിന്‍ അംഗം കോക്‌പിറ്റില്‍ തന്നെ നിലയുറപ്പിച്ചു.

Air France pilots suspended  pilots fighting in cockpit  കോക്‌പിറ്റില്‍ കൈയാങ്കളി  എയര്‍ ഫ്രാന്‍സ്  aviation news
എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ കോക്‌പിറ്റില്‍ കൈയാങ്കളി: രണ്ട് പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്‌തു

By

Published : Aug 29, 2022, 8:47 AM IST

പാരിസ്:വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ പരസ്‌പരം ഏറ്റുമുട്ടിയ നടത്തിയ രണ്ട് പൈലറ്റുമാരെ എയര്‍ ഫ്രാന്‍സ് സസ്‌പെന്‍ഡ് ചെയ്‌തു. കഴിഞ്ഞ ജൂണില്‍ ജനീവയില്‍ നിന്ന് പാരിസിലേക്ക് വിമാനത്തിലാണ് സംഭവമുണ്ടായത്. കൈയാങ്കളി ഉണ്ടായെങ്കിലും വിമാനം യാത്ര തുടര്‍ന്നെന്നും സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെന്നും എയര്‍ ഫ്രാന്‍സ് വ്യക്തമാക്കി.

വിമാനം ടേക്ക്ഓഫ് ചെയ്‌ത് ഉടനെ തന്നെ പൈലറ്റും കോ-പൈലറ്റും തമ്മില്‍ വാദപ്രതിവാദമുണ്ടായെന്നും തുടര്‍ന്ന് ഇരുവരും കൈയാങ്കളിയില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും സ്വിറ്റ്‌സര്‍ലന്‍റിലെ ലാ ട്രിബ്യൂണ്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്‌തു. സംഭവത്തില്‍ കാബിന്‍ അംഗങ്ങള്‍ ഇടപെടുകയും സംഘര്‍ഷം പരിഹരിക്കുകയുമാണ് ചെയ്‌തത്. കാബിന്‍ ജീവനക്കാരില്‍ ഒരാള്‍ യാത്ര പൂര്‍ത്തിയാകുന്നത് വരെ കോക്‌പിറ്റില്‍ നിലയുറപ്പിക്കുകയും ചെയ്‌തു.

ചില എയര്‍ ഫ്രാന്‍സ് പൈലറ്റുമാര്‍ സുരക്ഷയുമായി ബന്ധപ്പെട്ട നടപടികള്‍ പാലിക്കുന്നതില്‍ കണിശത പുലര്‍ത്തുന്നില്ല എന്ന്‌ ഫ്രാന്‍സിന്‍റെ വ്യോമയാന അന്വേഷണ ഏജന്‍സിയായ ബിഇഎ റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെയാണ് കോക്‌പിറ്റിലെ കൈയാങ്കളി വാര്‍ത്ത പുറത്ത് വന്നത്. റിപ്പബ്ലിക് ഓഫ് കോംങ്കോയില്‍ നിന്ന് പാരിസിലേക്ക് 2020 ഡിസംബറില്‍ എയര്‍ ഫ്രാന്‍സ് വിമാനം യാത്ര തിരിച്ചപ്പോഴുണ്ടായ ഇന്ധന ചോര്‍ച്ചയുമായി ബന്ധപ്പെട്ട സംഭവമാണ് ബിഇഎ റിപ്പോര്‍ട്ട് പ്രധാനമായും ചൂണ്ടികാട്ടുന്നത്.

ഇന്ധന ചോര്‍ച്ചയുണ്ടായപ്പോള്‍ പൈലറ്റുമാര്‍ വിമാനം തിരിച്ചുവിട്ടെങ്കിലും ഈ ഘട്ടത്തില്‍ പാലിക്കേണ്ട നടപടികളായ എന്‍ജിനിലേക്കുള്ള വൈദ്യുതി വിഛേദിക്കുക, എത്രയും പെട്ടെന്ന് തന്നെ വിമാനം ലാന്‍ഡ് ചെയ്യുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ബിഇഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം ചാഡില്‍ സുരക്ഷിതമായി ഇറങ്ങി. എന്നാല്‍ എന്‍ജിന് തീപിടിച്ചേക്കാമായിരുന്നുവെന്ന് ബിഇഎയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

2017നും 2022നും ഇടയില്‍ സമാനമായ മൂന്ന് കേസുകള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നിര്‍ദേശിക്കപ്പെട്ട സുരക്ഷ പ്രോട്ടോക്കോള്‍ പാലിക്കാതെ ചില പൈലറ്റുമാര്‍ അവരുടേതായ വിലയിരുത്തലുകള്‍ക്കനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടി. അതേസമയം ബിഇഎ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ തങ്ങള്‍ സുരക്ഷ ഓഡിറ്റ് നടത്തുകയാണെന്ന് എയര്‍ ഫ്രാന്‍സ് വ്യക്തമാക്കി.

ബിഇഎയുടെ ശുപാര്‍ശകള്‍ തങ്ങള്‍ കൃത്യമായി പാലിക്കും. പൈലറ്റുമാര്‍ നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും എയര്‍ഫ്രാന്‍സ് അധികൃതര്‍ വ്യക്തമാക്കി. ആയിരക്കണക്കിന് വിമാന സര്‍വീസുകളാണ് തങ്ങള്‍ ഒരു ദിവസം നടത്താറുള്ളതെന്നും എന്നാല്‍ സുരക്ഷയുമായി ബന്ധപ്പെട്ട നാല് സംഭവങ്ങള്‍ മാത്രമെ ബിഇഎ ചൂണ്ടികാണിച്ചിട്ടുള്ളൂവെന്നും എയര്‍ ഫ്രാന്‍സ് ചൂണ്ടികാട്ടി.

ABOUT THE AUTHOR

...view details