കേരളം

kerala

ETV Bharat / international

സുഡാനിൽ വെടിവയ്‌പ്പിൽ മലയാളിക്ക് ദാരുണാന്ത്യം ; കൊല്ലപ്പെട്ടത് ആല്‍ബര്‍ട്ട് അഗസ്റ്റിന്‍

സുഡാനിലെ ദാൽ ഗ്രൂപ്പ് കമ്പനിയിൽ ജോലി ചെയ്‌തിരുന്ന ആൽബർട്ട് അഗസ്റ്റിനാണ് ഇന്നലെ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത്

a Malayali met a tragic end in firing in Sudan  സുഡാനിൽ മലയാളിക്ക് വെടിവെയ്‌പ്പിൽ ദാരുണാന്ത്യം  മിലിട്ടറി പാരാമിലിട്ടറി ആക്രമണം സുഡാൻ  ആൽബർട്ട് അഗസ്റ്റിൻ
ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ സുഡാൻ

By

Published : Apr 16, 2023, 12:23 PM IST

Updated : Apr 16, 2023, 2:00 PM IST

സുഡാൻ :മിലിട്ടറി - പാരാമിലിട്ടറി ഏറ്റുമുട്ടല്‍ ശക്തമായ സുഡാനിൽ വെടിവയ്‌പ്പില്‍ മലയാളി കൊല്ലപ്പെട്ടു. ദാൽ ഗ്രൂപ്പ് കമ്പനിയിൽ ജോലി ചെയ്‌തിരുന്ന ആൽബർട്ട് അഗസ്റ്റിനാണ് മരിച്ചത്. കണ്ണൂർ ആലക്കോട് സ്വദേശിയാണ്.

ഇതുസംബന്ധിച്ച് സുഡാനിലെ ഇന്ത്യൻ എംബസി കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ എംബസിയാണ് മരണവിവരം സ്ഥിരീകരിച്ചത്. ഇദ്ദേഹം വിമുക്ത ഭടൻ കൂടിയായിരുന്നു. വീട്ടുകാർക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കൾ.

സുഡാനിൽ നടക്കുന്ന ആഭ്യന്തര ഏറ്റുമുട്ടലുകളിൽ ഇതിനകം 56 സാധാരണക്കാർ കൊല്ലപ്പെടുകയും 595 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി സുഡാൻ ഡോക്‌ടർമാരുടെ സെൻട്രൽ കമ്മിറ്റി അറിയിച്ചു. പടിഞ്ഞാറൻ ഡാർഫൂർ മേഖലയിലും വടക്കൻ പട്ടണമായ മെറോവിലും സൈനികരും ആർഎസ്‌എഫ് ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. മരണസംഖ്യ വർധിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.

സുഡാനിൽ സംഭവിക്കുന്നത് :സുഡാനിൽ സൈന്യവും അർദ്ധ സൈനിക വിഭാഗങ്ങളും തമ്മില്‍ മാസങ്ങളായി സംഘർഷത്തിലാണ്. സുഡാന്‍റെ തലസ്ഥാന നഗരിയായ ഖാർത്തൂമിലും ബഹ്‌രിയുടെ സമീപപ്രദേശ‍ങ്ങളിലുമടക്കമാണ് അക്രമങ്ങള്‍ ഉണ്ടാകുന്നത്. അസ്ഥിരമായ ഭരണകൂടങ്ങളാണ് എല്ലാക്കാലത്തും സുഡാൻ ഭരിച്ചിരുന്നത്.

2021 ഒക്ടോബറിലെ ഭരണ അട്ടിമറിക്ക് ശേഷം, കൗൺസിൽ ഓഫ് ജനറലുകളാണ് സുഡാനെ നിയന്ത്രിക്കുന്നത്. സായുധ സേനയുടെ തലവനും ഫലത്തിൽ രാജ്യത്തിന്‍റെ പ്രസിഡന്‍റുമായ ജനറൽ അബ്‌ദുൽ ഫത്താഹ് അൽ-ബുർഹാൻ, അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടിയും ആർ‌എസ്‌എഫിന്‍റെ നേതാവുമായ ജനറൽ മുഹമ്മദ് ഹംദാൻ ദഗാലോ എന്നിവർ തമ്മിൽ നിലനിൽക്കുന്ന ആശയവിനിമയത്തിലെ പ്രതിസന്ധിയാണ് പ്രശ്‌നങ്ങൾക്ക് കാരണം. 100,000-ത്തോളം വരുന്ന ആർഎസ്‌എഫിനെ സൈന്യത്തിൽ ഉൾപ്പെടുത്താനുള്ള പദ്ധതികളും പുതിയ സേനയെ ആരാണ് നയിക്കുക എന്നതുമാണ് തർക്കത്തിന് ആധാരം.

സൈന്യം ഭീഷണിയായി കണ്ട നീക്കത്തിൽ ആർഎസ്‌എഫ് അംഗങ്ങളെ രാജ്യത്തുടനീളം പുനർവിന്യസിച്ചതിനെ തുടര്‍ന്നാണ് അക്രമം. ചർച്ചകളിലൂടെ സ്ഥിതിഗതികൾ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. ശനിയാഴ്‌ച രാവിലെ ആരാണ് ആദ്യം വെടിവച്ചതെന്ന് വ്യക്തമല്ല. ഇതോടെ അസ്ഥിരമായ സാഹചര്യം കൂടുതൽ വഷളാവുകയായിരുന്നു. വെടിവയ്പ്പ് അവസാനിപ്പിക്കാൻ നയതന്ത്രജ്ഞർ ഇരുപക്ഷത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Last Updated : Apr 16, 2023, 2:00 PM IST

ABOUT THE AUTHOR

...view details