കാഠ്‌മണ്ഡു:26 തവണ എവറസ്റ്റ് കീഴടക്കി റെക്കോഡ് സ്ഥാപിച്ച് നേപ്പാളി ഷേര്‍പ്പ. ഏറ്റവും കൂടുതല്‍ പ്രാവശ്യം എവറസ്റ്റ് കീഴടക്കിയ സ്വന്തം റെക്കോഡാണ് 52കാരനായ കാമി റിത്ത മറികടന്നത്. റിതയും പതിനൊന്ന് ഷെര്‍പ്പ ഗൈഡുകളുമടങ്ങുന്ന സംഘം 8,848.86 മീറ്റര്‍ ഉയരത്തില്‍ പ്രാദേശിക സമയം ഇന്നലെ രാവിലെ 6:55-ഓടെയാണ് എത്തിയതെന്ന് സെവൻ സമ്മിറ്റ് ട്രെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജർ ദവ ഷെർപ പറഞ്ഞു.
1994 മെയ് 13-നാണ് കാമി റിത്ത ആദ്യമായി എവറസ്‌റ്റ് കീഴടക്കിയത്. 21 തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ മൂന്നാമത്തെ വ്യക്തിയായി കാമി റിത്ത മാറിയത് 2017ലാണ്. അന്ന് അപ ഷെർപ്പ, ഫുർബ താഷി ഷെർപ്പ എന്നിവരുമായാണ് അദ്ദേഹം റെക്കോഡ് പങ്കിട്ടത്.
അപ ഷെർപ്പ, ഫുർബ താഷി ഷെർപ്പ എന്നിവര്‍ വിരമിച്ചതിന് പിന്നാലെ 2018 മുതല്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കൊടുമുടി കീഴടക്കിയ വ്യക്തിയായി കാമി മാറിയിരുന്നു. 1950-ൽ വിദേശ പർവതാരോഹകർക്കായി എവറസ്റ്റ് തുറന്നുകൊടുത്തതിന് ശേഷമുള്ള ആദ്യത്തെ പ്രൊഫഷണൽ ഷെർപ്പ ഗൈഡുകളിൽ ഒരാളായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഗൈഡായ റിത്തയുടെ സഹോദരനും 17 തവണ എവറസ്റ്റ് കീഴടക്കിയിട്ടുണ്ട്.
പീക്ക് ക്ലൈമ്പിംഗ് സീസണിന് മുന്നോടിയായി പര്‍വതാരോഹകരെ സഹായിക്കാന്‍ ട്രെക്കിംഗ് റൂട്ടില്‍ കയറുകളും ഷെര്‍പ്പ സംഘം സ്ഥാപിച്ചിട്ടുണ്ട്. കൊടുമുടി കയറാന്‍ നേപ്പാള്‍ ടൂറിസം വകുപ്പ് ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നുള്ള 316 പേര്‍ക്കാണ് ഇപ്രാവശ്യം അനുമതി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ 394 പേര്‍ക്കായിരുന്നു എവറസ്റ്റ് കയറാന്‍ അനുമതി ലഭിച്ചത്.