ചരിത്രത്തിൽ മരുന്നിന്‍റെ സ്വാധീനം എത്രത്തോളമാണെന്ന് അളക്കാൻ പ്രയാസമാണ്. മരുന്നിന്‍റെ കണ്ടെത്തലുകൾ പലപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്നതിനും അപ്പുറത്ത് ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്. പലതും അവിശ്വസനീയമായ നേട്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ ഇന്ന് അത്ഭുതപ്പെടുത്തുന്ന മരുന്നുകൾ നാളെ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാം എന്നുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നൂറ്റാണ്ടുകളുടെ കണ്ടെത്തലിലൂടെ രൂപകൽപ്പന ചെയ്യപ്പെട്ട ചില മരുന്നുകളാണ് അനസ്‌തേഷ്യ, പെനിസിലിന്‍, നൈട്രോഗ്ലിസറിൻ, ഗർഭ നിരോധന ഗുളികകൾ, ഡയാസെപാം എന്നിവ.
അനസ്‌തേഷ്യ(Anaesthesia) : ശസ്‌ത്രക്രിയ ഉണ്ടാക്കുന്ന വേദന മനുഷ്യ ശരീരത്തിൽ വലിയ ആഘാതം സൃഷ്‌ടിച്ചിരുന്നു. അനസ്‌തേഷ്യയുടെ കണ്ടുപിടിത്തം വൈദ്യശാസ്‌ത്ര ലോകത്ത് വലിയ കുതിച്ചുചാട്ടം സൃഷ്‌ടിച്ചു. ശസ്‌ത്രക്രിയ ചെയ്യുമ്പോൾ വേദന അറിയാതിരിക്കാനാണ് അനസ്‌തേഷ്യ നൽകുന്നത്. ശരീരത്തിന്‍റെ പ്രത്യേക ഭാഗത്ത് സംവേദനശക്തി നഷ്‌ടപ്പെടുന്ന അവസ്ഥയാണ് അനസ്‌തേഷ്യ.
- അനസ്‌തേഷ്യയുടെ കണ്ടുപിടിത്തം :1700കളുടെ അവസാനം ജോസഫ് പ്രീസ്റ്റ്ലി ഫ്ലോജിസ്റ്റിക്കേറ്റഡ് നൈട്രസ് ഓക്‌സൈഡ് (നൈട്രസ് ഓക്‌സൈഡ്) എന്ന വാതകം കണ്ടെത്തി. ഇംഗ്ലീഷ് ശാസ്‌ത്രജ്ഞനായ ഹംഫ്രി ഡേവി ഇതിനെ ശസ്‌ത്രക്രിയ ചെയ്യുമ്പോഴുള്ള വേദന സംഹാരിയായി ഉപയോഗിക്കാം എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ഇത് മയക്കുമരുന്നായി ദുരുപയോഗം ചെയ്യപ്പെട്ടു. 1834 വരെ ഇതുമായി ബന്ധപ്പെട്ട യാതൊരു കണ്ടുപിടിത്തങ്ങളും ഉണ്ടായില്ല. പിന്നീട് ഫ്രഞ്ച് ശാസ്‌ത്രജ്ഞനായ ജീൻ ബാപ്‌റ്റിസ് ഡുമാസ് ഒരു പുതിയ വാതകം കണ്ടെത്തുകയും ഇതിന് ക്ലോറോഫോം എന്ന് പേരിടുകയും ചെയ്‌തു. തുടർന്ന് 1847ൽ സ്കോട്ടിഷ് ഡോക്‌ടറായ ജെയിംസ് യംഗ് സിംപ്‌സൺ ക്ലോറോഫോം ഉപയോഗിച്ച് പ്രസവ ശസ്‌ത്രക്രിയ നടത്തി.
വില്ല്യം തോമസ് ഗ്രീൻ മോർട്ടൻ എന്ന ദന്തവൈദ്യൻ 1846 ഒക്ടോബർ 16ന് രക്തധമനിയിലെ ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്‌ത്രക്രിയക്ക് ഈതർ ഉപയോഗിച്ചു. 1846ൽ അനസ്‌തേഷ്യ വിജയകരമായി പൂർത്തിയായതിനെ തുടർന്ന് ഒക്‌ടോബർ 16 ലോക അനസ്‌തേഷ്യ ദിനമായി ആചരിക്കുന്നു.
എന്നാൽ, ആളുകളെ അബോധാവസ്ഥയിലാക്കുന്ന ഏതൊരു മരുന്നും ദോഷം ചെയ്യും. നാഡീവ്യവസ്ഥയില്‍ അപകടസാധ്യതകൾ തള്ളിക്കളയാനാവില്ല.
പെനിസിലിൻ(Penicillin): വളരെ ആകസ്‌മികമായാണ് പെനിസിലിന്‍റെ കണ്ടുപിടിത്തം. 1928ൽ അവധിക്കാലം ആഘോഷിച്ച് തന്‍റെ പരീക്ഷണശാലയിൽ തിരിച്ചെത്തിയ സ്‌കോട്ടിഷ് ഫിസിഷ്യൻ അലക്‌സാണ്ടർ ഫ്ലെമിങ് അലങ്കോലമായി കിടക്കുന്ന തന്‍റെ പരീക്ഷണ വസ്‌തുക്കൾ കണ്ടു. അതിനിടിയിലാണ് താൻ സൂക്ഷിച്ചിരുന്ന സ്ര്‌ട്രെപ്‌റ്റോകോക്കസ് ബാക്‌ടീരിയകളുടെ വളർച്ച തടഞ്ഞ ഫംഗസുകൾ അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഈ ഫംഗസുകളാണ് പെനിസിലിയം. ഇതാണ് പെനിസിലിൻ എന്ന ആന്‍റിബയോട്ടിക്കിന്‍റെ കണ്ടുപിടിത്തത്തിലേക്ക് ഫ്ലെമിങ്ങിനെ നയിച്ചത്. തുടർന്ന് ഓസ്‌ട്രേലിയൻ പാത്തോളജിസ്റ്റ് ഹോവാർഡ് ഫ്ലോറിയും സംഘവും പെനിസിലിന്‍ മനുഷ്യനിൽ പരീക്ഷിക്കുകയും അത് വിജയം കാണുകയും ചെയ്തു. പിന്നീട് അമേരിക്കയുടെ ധനസഹായത്തോടെ പെനിസിലിൻ വൻതോതിൽ ഉത്പാദിപ്പിക്കുകയും ഇത് രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ഗതി മാറ്റുകയും ചെയ്‌തു.
- രണ്ടാം ലോക മഹായുദ്ധവും പെനിസിലിനും:രണ്ടാം ലോക മഹായുദ്ധത്തിൽ കൂടുതൽ ആളുകളുടെ മരണകാരണം മുറിവിലുണ്ടാകുന്ന അണുബാധകളായിരുന്നു. മനുഷ്യശരീരത്തിൽ പെരുകുന്ന ഇത്തരം ബാക്‌ടീരിയകളെ നിയന്ത്രിക്കാൻ പെനിസിലിൻ എന്ന ആന്‍റിബയോട്ടിക്ക് കൊണ്ട് കഴിഞ്ഞു. തന്‍റെ കണ്ടുപിടിത്തത്തിന് ഫ്ലെമിങിന് 1945ൽ നൊബേൽ സമ്മാനം ലഭിച്ചു. എന്നാൽ, പെനിസിലിന്‍റെ അമിതമായ ഉപയോഗം ബാക്‌ടീരിയകളുടെ വകഭേദത്തിന്‍റെ ഉത്പാദനത്തിന് കാരണമാകുകയും അവയ്ക്ക് പെനിസിലിനെ പ്രതിരോധിക്കാനുള്ള കഴിവ് ഉണ്ടാവുകയും ചെയ്തു.