ടെല്‍ അവീവ് :പലസ്‌തീനില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി അഞ്ച് രാജ്യങ്ങള്‍ രംഗത്ത്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ബൊളിവീയ, കൊമോറോസ്, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളാണ് ഈ ആവശ്യവുമായി രാജ്യാന്തര കോടതിയെ സമീപിച്ചിരിക്കുന്നത് (International Criminal Court probe in crime Palestine). രാജ്യാന്തര കോടതി അഭിഭാഷകനായ കരിം ഖാനെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
കോടതിയുടെ പരിധിയില്‍ വരുന്ന മേഖലകളില്‍ കുറ്റകൃത്യം നടന്നെന്ന് ഒരു രാജ്യത്തിന് തോന്നിയാല്‍ അക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ അഭിഭാഷകനെ നിയോഗിക്കാവുന്നതാണ്. റോം സ്റ്റാറ്റ്യൂട്ട് ഓഫ് ഇന്‍റര്‍നാഷണല്‍ ക്രിമിനല്‍ കോടതി (Rome Statute of international criminal court) പ്രകാരമാണ് ഇത്തരം അധികാരമുള്ളത്. കുറ്റകൃത്യങ്ങളില്‍ അവരെ വിചാരണ ചെയ്യുന്ന കാര്യത്തിലും രാജ്യങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനാകും.
ഗാസയിലും വെസ്റ്റ് ബാങ്കിലും 2014 മുതല്‍ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് 2021 മാര്‍ച്ച് മുതല്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി ഐസിസി പ്രൊസിക്യൂട്ടര്‍ വ്യക്തമാക്കി. 2023 ഒക്ടോബര്‍ ഏഴുമുതല്‍ ഇവിടെ നടക്കുന്ന ആക്രമണങ്ങളുടെ തീവ്രത വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റോ സ്റ്റാറ്റ്യൂട്ട് പ്രകാരം ഏത് രാജ്യത്ത് നടക്കുന്ന കുറ്റകൃത്യത്തെക്കുറിച്ചും അന്വേഷിക്കാന്‍ രാജ്യാന്തര കോടതിക്ക് അധികാരമുണ്ട്.
അതേസമയം പലസ്‌തീനില്‍ അക്രമങ്ങള്‍ തുടരുകയാണ്. ഹമാസ് ഉള്ളയിടങ്ങളിലെല്ലാം ഇസ്രയേല്‍ ആക്രമണം അഴിച്ച് വിടുന്നു (Israel attack in Gaza). ഗാസയുടെ തെക്കന്‍ മേഖലകളിലും ഇസ്രയേല്‍ ആക്രമണം തുടങ്ങിയതായി ഇസ്രയേല്‍ പ്രതിരോധ സേന വക്താവ് റിയര്‍ അഡ്‌മിറല്‍ ഡാനിയേല്‍ ഹഗാരി പറഞ്ഞു.