ന്യൂഡല്‍ഹി:ക്വാഡ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഇരുപത്തിയാറാമത് അന്താരാഷ്‌ട്ര സമുദ്ര നാവികാഭ്യാസം ജപ്പാന്‍ തീരത്ത് സമാപിച്ചു. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ ക്വാഡ് രാജ്യങ്ങളുടെ നാവികസേനകള്‍ പങ്കെടുക്കുന്ന വാര്‍ഷിക പരിശീലന പരിപാടിയാണ് മലബാർ (MALABAR) എന്ന പേരില്‍ അറിയപ്പെടുന്നത്. മലബാറിന്‍റെ 26-ാം പതിപ്പാണ് ഇത്തവണത്തേത്.
ജപ്പാന്‍റെ നാവികസേനയായ ജപ്പാന്‍ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ് (ജിഎംഎസ്‌ഡിഎഫ്) ആണ് ഇത്തവണ മലബാറിന് ആതിഥേയത്വം വഹിച്ചത്. ഇന്തോ-പസഫിക് മേഖലയിലെ നാല് പ്രധാന നാവികസേനകള്‍ പങ്കെടുത്ത അഞ്ച് ദിവസം നീണ്ട അഭ്യാസത്തിനാണ് ജപ്പാനിലെ യോകോസുക ദ്വീപ് സാക്ഷിയായത്. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളായ ഐഎന്‍എസ് ശിവ്‌ലിക്, ഐഎന്‍എസ് കമോര്‍ത്ത എന്നിവയാണ് അഭ്യാസത്തില്‍ പങ്കെടുത്തത്.
ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍, വിമാനങ്ങള്‍, അന്തര്‍വാഹിനികള്‍ എന്നിവ പരിശീലന പരിപാടിയില്‍ പങ്കെടുത്തതായി നാവികസേന ട്വിറ്ററിലൂടെ അറിയിച്ചു. ഈസ്റ്റേണ്‍ ഫ്ലീറ്റിന്‍റെ കമാന്‍ഡിങ് ഫ്ലാഗ് ഓഫിസറായ റിയർ അഡ്‌മിറല്‍ സഞ്ജയ് ഭല്ല ഇന്ത്യന്‍ നാവികസേനയുടെ അഭ്യാസത്തിന് നേതൃത്വം നല്‍കി.
തത്സമയ ഫയറിങ്, സർഫേസ്, ആന്‍റി-എയര്‍, ആന്‍റി-സബ്‌മറൈന്‍ വാർഫെയര്‍ ഡ്രില്ലുകള്‍ എന്നിവ അഭ്യാസത്തിന്‍റെ ഭാഗമായിരുന്നുവെന്ന് നാവികസേന കൂട്ടിച്ചേര്‍ത്തു. പതിനൊന്ന് ന്യൂക്ലിയര്‍ പവർ വിമാനവാഹിനിക്കപ്പല്‍, നാല് ലോങ് റേഞ്ച് മാരിടൈം പട്രോള്‍ വിമാനങ്ങള്‍, ഇന്‍റഗ്രേറ്റഡ് ഹെലികോപ്‌റ്ററുകള്‍, രണ്ട് അന്തർവാഹിനികള്‍ എന്നിവയാണ് ഹൈ ടെമ്പോ നാവികാഭ്യാസത്തില്‍ പങ്കെടുത്തത്.
1992ലാണ് ഇന്ത്യ, യുഎസ് നാവികസേനകൾ ചേർന്ന് മലബാർ നാവിക അഭ്യാസം എന്ന പേരിൽ സംയുക്ത നാവിക പരിശീലനം ആരംഭിച്ചത്. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി അഭ്യാസമായാണ് ഇത് ആരംഭിച്ചത്. അഭ്യാസത്തിന്‍റെ രണ്ട് പതിപ്പുകൾ കൂടി 1995ലും 1996ലും നടത്തി. അതിനുശേഷം ഇന്ത്യയുടെ ആണവ പരീക്ഷണങ്ങളെത്തുടർന്ന് 2002 വരെ ഇടവേളയുണ്ടായി. 2002 മുതൽ എല്ലാ വർഷവും നാവികാഭ്യാസം നടത്തുന്നുണ്ട്. ജപ്പാനും ഓസ്ട്രേലിയയും 2007ലാണ് ആദ്യമായി പങ്കെടുത്തത്. 2014 മുതൽ ഇന്ത്യ, യുഎസ്, ജപ്പാൻ എന്നീ രാജ്യങ്ങൾ എല്ലാ വർഷവും അഭ്യാസത്തിൽ പങ്കെടുത്തു. മലബാർ പരമ്പരയുടെ 30-ാം വാര്‍ഷികമാണെന്ന പ്രത്യേകതയും ഇത്തവണത്തെ നാവിക പരിശീലന പരിപാടിക്കുണ്ട്.