കേപ് ടൗൺ :ദക്ഷിണാഫ്രിക്കയിൽ നിശാക്ലബ്ബിൽ 22 പേരെ മരിച്ച നിലയിൽ കണ്ടെത്തി. തെക്കുകിഴക്കൻ തീരമേഖലയായ ഈസ്റ്റ് ലണ്ടന്‍ എന്നറിയപ്പെടുന്ന പ്രദേശത്തെ എൻയോബെനി ടാവേണ്‍ എന്ന നിശാക്ലബ്ബിലാണ് ഇത്രയും പേരെ മരിച്ച നിലയില്‍ ഞായറാഴ്‌ച പുലർച്ചെ കണ്ടെത്തിയത്. ഏതെങ്കിലും തരത്തിലുള്ള വിഷബാധയേറ്റതോ ക്ലബ്ബിനുള്ളിലെ തിരക്കിൽപ്പെട്ടതോ ആകാം മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു.
ദക്ഷിണാഫ്രിക്കയിലെ നിശാക്ലബ്ബിൽ 22 പേര്‍ മരിച്ച നിലയില്‍ - എൻയോബെനി ടാവേൺ സീനറി പാർക്ക് ദുരന്തം
മരണകാരണം കണ്ടെത്തിയിട്ടില്ല ; പൊലീസ് അന്വേഷണം ആരംഭിച്ചു
എങ്കിലും കൃത്യമായ മരണകാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു. വിദേശമാധ്യമങ്ങൾ നൽകുന്ന വിവരമനുസരിച്ച് മൃതദേഹങ്ങൾ ക്ലബ്ബിനുള്ളിലെ മേശകൾക്കിടയിലും കസേരകൾക്കിടയിലും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. മുറിവേറ്റതിന്‍റെയോ മറ്റോ പാടുകളോ പരിക്കുകളോ ഒന്നും മൃതദേഹങ്ങളിൽ കാണാനില്ലെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ പൊലീസ് വാഹനങ്ങളും ആംബുലൻസുകളും സ്ഥലത്തെത്തി. അതേസമയം വ്യക്തമായ മരണകാരണം ലഭ്യമാകാത്ത സാഹചര്യത്തിൽ മൃതദേഹങ്ങള്‍ ബന്ധുക്കളെ കാണിക്കാനോ കൈമാറാനോ പൊലീസ് വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.