ടെഹ്‌റാൻ: അമേരിക്കൻ കപ്പലുകൾ അന്താരാഷ്ട്ര നിയന്ത്രണങ്ങള്‍ മാനിക്കണമെന്ന് ഇറാൻ സായുധ സേന. ഒമാൻ, ഗൾഫ് കടലുകളിലായുള്ള ടെഹ്‌റാന്‍റെ മേഖലയിൽ കൂടി സഞ്ചരിക്കുന്ന അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കപ്പലുകൾ സംഘർഷങ്ങൾക്ക് വഴിയൊരുക്കരുതെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിന് വിരുദ്ധമായോ പ്രകോപനപരമായോ നീക്കങ്ങൾ നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ സായുധ സേന അറിയിച്ചു.
അമേരിക്കൻ കപ്പലുകൾ അന്താരാഷ്ട്ര നിയന്ത്രണങ്ങള്‍ മാനിക്കണമെന്ന് ഇറാൻ - Hossein Salami
അന്താരാഷ്ട്ര നിയന്ത്രണങ്ങളെ മാനിക്കാതെ യുഎസ് കപ്പലുകൾ ടെഹ്‌റാന്‍റെ ദക്ഷിണ സമുദ്രത്തിൽ സംഘർഷങ്ങൾക്ക് വഴിയൊരുക്കുകയാണെന്ന് ഇറാൻ സായുധ സേന പറയുന്നു.
പശ്ചിമേഷ്യയിൽ നിന്ന് അമേരിക്കയുടെ എല്ലാ സേനയേയും പൂർണമായും പിൻവലിക്കണമെന്ന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്‌സ് കോർപ്‌സ് (ഐആർജിസി) കഴിഞ്ഞയാഴ്‌ച ആവശ്യപ്പെട്ടിരുന്നു. ഇറാനിലെ തെക്കൻ സമുദ്രത്തിലുള്ള യുഎസ് ബോട്ടുകൾക്ക് നേരെ ആക്രമണമോ മറ്റോ ഉണ്ടായാൽ ഇറാന്‍റെ കപ്പലുകളെ വെടിവച്ച് നശിപ്പിക്കാൻ നാവികസേനയോട് ഈ മാസം 22ന് ഡൊണാൾഡ് ട്രംപും ഉത്തരവിട്ടിരുന്നു. ഈ മാസം 15ന് ഐആർജിസിയുടെ 11 സൈനിക കപ്പലുകൾ യുഎസ് നാവികസേനയുടെ കപ്പലുകൾക്ക് നേരെയും തീരദേശ കപ്പലുകൾക്ക് നേരെയും പ്രകോപകരമായ ആക്രമണങ്ങൾ നടത്താൻ ശ്രമിച്ചുവെന്ന് അമേരിക്കൻ നാവിക സേന നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, യുഎസിന്‍റെ ആരോപണം ഐആർജിസി ചീഫ് ഹുസൈന്‍ സലാമി തള്ളി.