കേരളം

kerala

ETV Bharat / international

അഫ്‌ഗാൻ പതാക നീക്കി, ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ - അഫ്‌ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഗനി

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും എംബസി ഉദ്യോഗസ്ഥരേയും പൗരൻമാരെയും അഫ്‌ഗാനില്‍ നിന്ന് മാറ്റുകയാണ്. താലിബാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സമാധാനത്തിന് ശ്രമിക്കുമെന്നും മുൻ അഫ്‌ഗാൻ പ്രസിഡന്‍റ് ഹമീദ് കർസായി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

The Afghan flag was removed and now the Islamic Emirate of Afghanistan
അഫ്‌ഗാൻ പതാക നീക്കി, ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ

By

Published : Aug 16, 2021, 7:36 AM IST

കാബൂൾ: അഫ്‌ഗാൻ സേനയുമായി ഒരു മാസം തുടര്‍ച്ചയായി നടത്തിയ ഏറ്റുമുട്ടലുകൾക്കൊടുവില്‍ താലിബാൻ സൈന്യം അഫ്‌ഗാനിസ്ഥാനില്‍ അധികാരം പിടിച്ചു. ഞായറാഴ്‌ച കാബൂളിൽ പ്രവേശിച്ച താലിബാൻ സൈന്യം തന്ത്രപ്രധാന കേന്ദ്രങ്ങളെല്ലാം വരുതിയിലാക്കി. ഇതോടെ അധികാര കൈമാറ്റത്തിന് കളമൊരുങ്ങി.

അഫ്‌ഗാന്‍ പ്രസിഡൻഷ്യൽ പാലസില്‍ നടന്ന അധികാര കൈമാറ്റത്തിന് ശേഷം കാബൂൾ കൊട്ടാരത്തിലെ അഫ്‌ഗാൻ പതാക താലിബാൻ നീക്കം ചെയ്തു. അഫ്‌ഗാന്‍റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ എന്ന് ഉടൻ പ്രഖ്യാപിക്കുമെന്നും താലിബാൻ സൈന്യം പറഞ്ഞു. 20 വർഷം നീണ്ട യുദ്ധത്തിന് ശേഷം അമേരിക്കൻ സൈന്യം പിൻമാറുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് അഫ്‌ഗാനിസ്ഥാനില്‍ അധികാരം പിടിക്കാൻ താലിബാൻ ശ്രമം തുടങ്ങിയത്.

പ്രസിഡന്‍റ് രാജ്യം വിട്ടു

താലിബാൻ കാബൂളില്‍ കടന്നതിന് പിന്നാലെ രാജ്യം വിടുന്നു എന്ന് അഫ്‌ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഗനി ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യം വിടുന്നതെന്നും അദ്ദേഹം പറയുന്നു. അതേസമയം, രാജ്യാന്തര സമൂഹത്തിന്‍റെ പിന്തുണ ഉറപ്പാക്കാൻ താലിബാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നും രാജ്യം വിടുന്നവർക്ക് സമാധാനപരമായി അഫ്‌ഗാൻ വിടാമെന്നും താലിബാൻ വക്താവ് പറഞ്ഞു.

പക്ഷേ താലിബാൻ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ പ്രതികാര നടപടികൾ തുടങ്ങിയതായാണ് വിദേശ മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. വനിത മാധ്യമ പ്രവർത്തകർ, യൂണിവേഴ്‌സിറ്റി വിദ്യാർഥികൾ എന്നിവർക്ക് നേരെ നടത്തിയ ക്രൂരമായ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

അതേസമയം, താലിബാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സമാധാനത്തിന് ശ്രമിക്കുമെന്നും മുൻ അഫ്‌ഗാൻ പ്രസിഡന്‍റ് ഹമീദ് കർസായി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. എന്നാല്‍ രാജ്യം വിട്ട അഫ്‌ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഗനിക്ക് എതിരെ രൂക്ഷ വിമർശനമാണ് അഫ്‌ഗാൻ സർക്കാരിനെ ആക്‌ടിങ് പ്രതിരോധ മന്ത്രി ബിസ്‌മില്ല ഖാൻ മൊഹമ്മദി നടത്തിയത്. ഞങ്ങളുടെ കൈകൾ പിന്നില്‍ നിന്ന് കെട്ടിയ ശേഷം രാജ്യം വില്‍ക്കുകയായിരുന്നുവെന്നാണ് മൊഹമ്മദിയുടെ ട്വിറ്ററിലൂടെയുള്ള വിമർശനം.

പൗരൻമാരെ സുരക്ഷിതരാക്കാൻ ശ്രമം

അതിനിടെ, അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും എംബസി ഉദ്യോഗസ്ഥരേയും പൗരൻമാരെയും അഫ്‌ഗാനില്‍ നിന്ന് മാറ്റുകയാണ്. 6000 സൈനികരെയാണ് അമേരിക്ക കാബൂൾ വിമാനത്താവളത്തില്‍ തങ്ങളുടെ പൗരൻമാരുടെ സുരക്ഷയ്ക്കായി വിനിയോഗിച്ചിരിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ 60 രാജ്യങ്ങളുടെ സംയുക്ത സംഘം തങ്ങളുടെ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടണും അവരുടെ സൈന്യത്തെ കാബൂൾ വിമാനത്താവളത്തില്‍ വിന്യസിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details