കാബൂൾ: അഫ്‌ഗാൻ നേതാക്കളുമായി ചർച്ച നടത്തി താലിബാൻ. മുൻ അഫ്‌ഗാൻ പ്രസിഡന്‍റ് ഹമീദ് കർസായി, ദേശീയ ഹൈ കൗൺസിൽ ചെയർമാൻ അബ്ദുള്ള അബ്ദുള്ള എന്നിവരുമായാണ് താലിബാൻ ചർച്ച നടത്തിയത്. പുതിയ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്‌ചയെന്നാണ് വിവരം. അനുരഞ്ജനത്തിനായുള്ള ഹൈ കൗൺസിലിന്‍റെ ചെയർമാനാണ് അബ്ദുള്ള അബ്ദുള്ള.
Also Read:'രാജ്യം വിട്ടത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാന്‍'; അഷ്‌റഫ് ഗനിയുടെ വീഡിയോ പുറത്ത്
അഫ്‌ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗനി രാജ്യം വിട്ടതിന് ശേഷം ബുധനാഴ്‌ച രാത്രിയാണ് നേതാക്കളുമായി താലിബാൻ ചർച്ച നടത്തിയത്. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ ഇതുവരെ താലിബാൻ പുറത്തുവിട്ടിട്ടില്ല. താലിബാൻ നേതൃത്വത്തിലെ മുതിർന്ന അംഗമായ അമീർ ഖാൻ മൊട്ടാക്കി അഫ്‌ഗാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.
എല്ലാവരെയും ഉൾപ്പെടുത്തി സർക്കാർ സ്ഥാപിക്കുകയാണ് താലിബാന്‍റെ ലക്ഷ്യമെന്നാണ് ഹമീദ് കർസായിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. 2001 മുതൽ 2014 വരെ അഫ്‌ഗാനിസ്ഥാന്‍റെ പ്രസിഡന്‍റായിരുന്നു ഹമീദ് കർസായി. അഫ്‌ഗാനിൽ സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് ഹമീദ് കർസായി ആണെന്നാണ് റിപ്പോർട്ടുകൾ.