ദോഹ: താലിബാൻ ഉൾപ്പെടെയുള്ള എല്ലാ കക്ഷികളുമായും വ്യക്തമായ കരാറുകളില്ലാതെ കാബൂൾ വിമാനത്താവളത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് ഖത്തർ. വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുര്‍റഹ്മാൻ അൽതാനിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്‌തു.
ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണെന്നും വിദേശ സഹായം സ്വീകരിക്കാൻ താലിബാനെ പ്രേരിപ്പിക്കുന്നുണ്ടെന്നും അൽതാനി കൂട്ടിച്ചേര്‍ത്തു. അടുത്തിടെ അഫ്‌ഗാനിലെത്തിയ ഖത്തര്‍ വിദേശകാര്യ മന്ത്രി താലിബാനുമായി ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം വിവിധ വിഷയങ്ങളില്‍ ഖത്തറുമായും തുർക്കിയുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പ്രതികരിച്ചു. ഓഗസ്റ്റ് 31ന് ശേഷം രാജ്യത്ത് ഒരു വിദേശ സൈനിക സാന്നിധ്യവും അംഗീകരിക്കില്ലെന്നും താലിബാന്‍ വക്താവ് ആവർത്തിച്ചു.