കേരളം

kerala

ETV Bharat / international

അറഫ സംഗമം ഇന്ന്; കൊവിഡ് മാനദണ്ഡം പാലിച്ച് വിപുലമായ സൗകര്യം

ഹജ്ജിന്‍റെ സുപ്രധാന ചടങ്ങാണ് അറഫ സംഗമം. "മനസിലെ എല്ലാ അഹങ്കാരങ്ങളും ഞാനിതാ മാറ്റി വച്ചു, ദൈവത്തിന്‍റെ മുന്നില്‍ എല്ലാവരും തുല്യരാണ്" - എന്ന സന്ദേശമാണ് ഹജ്ജിലെ ശുഭ്രവസ്ത്രം

അറഫ സംഗമം  ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്  ഹജ്ജ്  എന്താണ് ഹജ്ജ് ?  Hajj  എന്താണ് ഉംറ?  അറഫ നോമ്പ്  Arafath
അറഫ സംഗമം ഇന്ന്; കൊവിഡ് മാനദണ്ഡം പാലിച്ച് വിപുലമായ സൗകര്യം

By

Published : Jul 19, 2021, 7:48 AM IST

Updated : Jul 19, 2021, 1:00 PM IST

ജിദ്ദ: മിനയില്‍ നിന്നും ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി വിശ്വാസികള്‍ അറഫ നഗരയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. പ്രഭാത നമസ്കാരത്തിന് ശേഷമാണ് വിശ്വാസികള്‍ അറഫയിലേക്ക് പുറപ്പെട്ടത്. ശനിയാഴ്​ച അതിരാവിലെ മുതൽ മക്കക്കടുത്ത്​ വിവിധ സ്ഥലങ്ങളിലൊരുക്കിയ സ്വീകരണകേന്ദ്രങ്ങളിലേക്ക്​ ശുഭ്രവസ്ത്രമണിഞ്ഞും 'ലബൈക്ക' ചൊല്ലിയും സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തീർഥാടകര്‍ എത്തിയിരുന്നു.

ഹജ്ജ് കര്‍മത്തിന് എത്തിയത് 60,000 പേര്‍

25 ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​രാ​ണ്​ സാ​ധ​ര​ണ​ഗ​തി​യി​ൽ ഹ​ജ്ജി​നു​ണ്ടാ​വു​ക. എ​ന്നാ​ൽ, കൊ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ കർശ​ന​മാ​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ​ക്കി​ട​യി​ൽ 60,000 തീ​ർ​ഥാ​ട​ക​രെ മാ​ത്ര​മാ​ണ്​ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ൽ പങ്കെടുപ്പിക്കുന്നത്. സൗ​ദിയു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ​നിന്നെ​ത്തി​യ പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ളു​മാ​യി ആ​ഭ്യ​ന്ത​ര തീർഥാടക​ർ മാ​ത്രം. ഇ​ത്​ ര​ണ്ടാം വ​ർ​ഷ​മാ​ണ്​ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​ത്.

സുരക്ഷ പാലിച്ച് വിപുലമായ സംവിധാനം

55,000 പേര്‍ മിനയിലെ തമ്പുകളിലും 5000 പേര്‍ അബ്രാജ് മിന കെട്ടിടത്തിലുമാണ് ഇന്നലെ രാത്രി (ദുല്‍ഹിജ്ജ 8 ഞായര്‍) തങ്ങിയത്. ഹജ്ജ്​ വേളയിൽ തീർഥാടകർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഇടമാണ് ലോകത്തെ വലിയ തമ്പുകളുടെ നഗരിയെന്നറിയപ്പെടുന്ന​ മിന താഴ്​വാരം. അറഫയിൽ മസ്​ജിദുന്നമിറക്കു ചുറ്റും തീർഥാടകരുടെ താമസത്തിനും ആരോഗ്യസുരക്ഷക്കും വേണ്ട വിപുലമായ സംവിധാനങ്ങളാണ്​ സജ്ജമാക്കിയത്​​. 3,00,000 ചതുരശ്ര മീറ്ററിലാണ്​ അറഫയിലെ തമ്പുകൾ​. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടോയെന്ന്​ ഉറപ്പുവരുത്താൻ പ്രത്യേക സംഘങ്ങളെ അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്.

അറഫ സംഗമം ഉച്ചയ്ക്ക്

20 പേരെ വീതം 3000 ബസുകളിലായി 60,000 തീര്‍ഥാടകരെയും ഉച്ചയോടെ അറഫ മൈതാനിയിലെത്തിക്കും. അവിടെ വച്ച് ളുഹര്‍ (മധ്യാഹ്നത്തിലുള്ള നമസ്കാരം) അസര്‍ (വൈകുന്നേരമുള്ള നമസ്കാരം) നമസ്കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിച്ച ശേഷം അറഫ പ്രഭാഷണവും ശ്രവിച്ച് കഴിഞ്ഞ് സൂര്യാസ്തമയത്തോടെ അറഫയിൽനിന്ന് മുസ്ദലിഫയിലേക്ക് തിരിക്കും. മുതിർന്ന പണ്ഡിത കൗൺസിൽ അംഗവും മസ്​ജിദുൽ ഹറാമിലെ ഇമാമുമായ ഡോ. ബന്ദർ ബിൻ അബ്​ദുൽ അസീസ്​ ബലീല ആണ്​ ഇത്തവണ അറഫ പ്രസംഗം നിർവഹിക്കുക.

മുസ്ദലിഫയിൽവെച്ച് മഗ്‌രിബ് ഇഷാഅ് നമസ്കാരങ്ങൾ ഒരുമിച്ച് നിർവഹിച്ച് ചൊവ്വാഴ്ച പ്രഭാതത്തിൽ വീണ്ടും മിനായിൽചെന്ന് ജംറയിൽ കല്ലേറുകർമം നടത്തും. സാധാരണ തീര്‍ഥാടകര്‍ തന്നെ കല്ല് ശേഖരിക്കുകയണ് പതിവ്. കൊവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി അണുവിമുക്തമായ കല്ല് അധികൃതര്‍ നല്‍കും. ദുൽഹിജ്ജ​ 13 (വെള്ളിയാഴ്ച) വരെ മിന താഴ്​വാരം പ്രാർഥനാമുഖരിതമാകും.

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്

ഹജ്ജിന്‍റെയും ഉംറയുടെയും വേളകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന മന്ത്രണോച്ചാരണമാണ് ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്ന് തുടങ്ങുന്ന വാചകം. ‘ലബ്ബൈക്കല്ലാഹുമ്മ, ലബ്ബൈക്ക്, ലബ്ബൈക്ക ലാശരീക്കലക്ക ലബ്ബൈക്ക്. ഇന്നല്‍ ഹംദ, വന്നിഅ്മത ലക്ക വല്‍ മുല്‍ക ലാശരീകലക്’ എന്നതാണ് ഇതിന്‍റെ പൂര്‍ണ രൂപം. (അല്ലാഹുവേ, ഞാനിതാ നിന്‍റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു. നിനക്കൊരു പങ്കുകാരനുമില്ല. ഞാനിതാ നിന്‍റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു. സര്‍വ സ്തുതിയും നിനക്കാകുന്നു. എല്ലാ അനുഗ്രഹവും നിന്‍റേതാകുന്നു. എല്ലാ അധികാരവും നിനക്ക് മാത്രം. നിനക്കൊരു പങ്കുകാരനുമില്ല.)

എന്താണ് ഹജ്ജ് ?

തീര്‍ഥാടനം, ലക്ഷ്യം നിര്‍ണയിച്ചുള്ള യാത്ര എന്നിങ്ങനെയാണ് ഹജ്ജ് എന്ന പദത്തിന്‍റെ ഭാഷാര്‍ഥം. ഹിജ്‌റ വര്‍ഷത്തിലെ ദുല്‍ഹിജ്ജഃ (ദുല്‍ഹിജ്ജഃ എന്നാണ് അറബിയില്‍ കൃത്യമായ പ്രയോഗം. മലയാളത്തില്‍ ദുല്‍ഹജ്ജ് എന്ന് പറയാം) മാസത്തിലെ ആദ്യ പകുതിയില്‍ മക്കയില്‍ നിര്‍ദിഷ്ട കര്‍മങ്ങള്‍ ചെയ്യുന്നതിനുവേണ്ടി നടത്തപ്പെടുന്ന തീര്‍ഥാടനമാണ് ഇസ്‌ലാമില്‍ ഹജ്ജ്. പ്രവാചകനായ ഇബ്രാഹീം നബിയുടെ കാലം മുതലേ ഹജ്ജ് കര്‍മം നിലവിലുണ്ട്. ഇബ്രാഹീം നബിയാണ് ഹജ്ജ് ആരംഭിച്ചതെന്നാണ് ഖുര്‍ആന്‍ പറയുന്നത്. കഅ്ബയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അല്ലാഹു അദ്ദേഹത്തോട് കല്‍പ്പിച്ചു: 'നീ ജനങ്ങളില്‍ തീര്‍ഥാടനം വിളംബരം ചെയ്യുക. ദൂരദിക്കുകളില്‍ നിന്നൊക്കെയും കാല്‍നടയായും വാഹനങ്ങളില്‍ സഞ്ചരിച്ചും അവര്‍ നിന്‍റെ അടുക്കല്‍ വന്നു ചേരുന്നതാകുന്നു' (ഖുര്‍ആൻ- അല്‍ ഹജ്ജ്: 27)

ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും വിശ്വാസി ഹജ്ജ് കര്‍മം നിര്‍വഹിച്ചിരിക്കണം. ആരോഗ്യമില്ലാത്തവരും ആവശ്യമായ സാമ്പത്തിക സൗകര്യവും യാത്രാ സൗകര്യമില്ലാത്തവരും ഹജ്ജ് ബാധ്യതയില്‍ നിന്നൊഴിവാകുന്നു. മക്കയില്‍ ചെന്ന് കഅ്ബ പ്രദക്ഷിണം ചെയ്യുക, കഅ്ബക്കടുത്തുള്ള സ്വഫാ-മര്‍വ കുന്നുകള്‍ക്കിടയില്‍ ഏഴു പ്രാവശ്യം നടക്കുക, ദുല്‍ഹിജ്ജഃ എട്ടാം നാളില്‍ കഅ്ബയുടെ ഏതാണ്ട് 6 കി.മി. അകലെയുള്ള മിനായില്‍ ചെന്ന് താമസിക്കുക, ഒമ്പതാം നാള്‍ പകല്‍ അറഫാ മൈതാനത്ത് ചെന്ന് പ്രാര്‍ഥിക്കുക, അന്നു രാത്രി അറഫക്കും മിനക്കുമിടയിലുള്ള മുസ്ദലിഫയില്‍ തങ്ങുക, പിറ്റേന്ന് മിനയിലേക്ക് മടങ്ങി വന്ന് ജംറകളില്‍ കല്ലെറിയുക, രണ്ടോ മൂന്നോ നാള്‍ മിനയില്‍ തന്നെ താമസിക്കുക. അതിനിടക്ക് ബലി നടത്തിയ ശേഷം മുടി മുറിച്ചു ഇഹ്‌റാമില്‍ (ഹജ്ജിന്‍റെ പ്രത്യേക വസ്ത്രം) നിന്ന് മുക്തനാവുക - ഇതാണ് ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍.

എന്താണ് ഉംറ?

ഹജ്ജു പോലെത്തന്നെ നിര്‍ബന്ധമാകുന്നു ഉംറയും. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഉംറ ചെയ്യാം. ഹജ്ജിനെ അപേക്ഷിച്ച് ലളിതമാണ് ഉംറയുടെ ചടങ്ങുകള്‍. മക്കയില്‍ ചെന്ന് കഅ്ബ തവാഫ് ചെയ്യുകയും സ്വഫാ - മര്‍വക്കിടയില്‍ നടക്കുകയും ചെയ്യുന്നതോടെ ഉംറ പൂര്‍ത്തിയാകുന്നു.

എന്തുക്കൊണ്ട് ഹജ്ജും ഉംറയും

ഹജ്ജിന്‍റെയും ഉംറയുടെയും ചടങ്ങുകള്‍ ഓരോന്നും ദൈവത്തോടുള്ള ഭക്തിയുടെയും സ്‌നേഹത്തിന്‍റെയും പൈശാചിക ശക്തികളോടുള്ള വിരോധത്തിന്‍റെയും ദൈവത്തിനുള്ള ആത്മസമര്‍പ്പണത്തിന്‍റെയും പ്രതീകങ്ങളും ഇസ്‌ലാമിക ചരിത്രസംഭവങ്ങളുടെ അനുസ്മരണങ്ങളുമാകുന്നു. കാലദേശങ്ങള്‍ക്കതീതമായ വിശ്വാസത്തിന്‍റെയും ആ വിശ്വാസത്തിലധിഷ്ഠിതമായ ധര്‍മവ്യവസ്ഥയുടെയും സാര്‍വദേശീയ സാഹോദര്യത്തിന്‍റെയും പ്രകടനമാണ് ഹജ്ജ്. മുസ്‌ലിം ലോകത്തിന്‍റെ ആത്മീയ കേന്ദ്രത്തില്‍ ചേരുന്ന വാര്‍ഷിക സമ്മേളനവുമാണത്.

അറഫ സംഗമമെന്നാല്‍

അറഫയെന്നാല്‍ അറിവ് എന്നാണര്‍ഥം. വിലക്കപ്പെട്ട കനി കഴിച്ചതിനെ തുടർന്ന്‌ സ്വർഗ ഭ്രഷ്ടനാക്കപ്പെട്ട ആദമും പ്രിയ പത്നി ഹവ്വയുമായി കണ്ടുമുട്ടിയത് ഇതേ സ്ഥലത്തു വച്ചാണെന്നും അതിനാലാണ് അറഫയെന്ന് അതിനു പേരു വന്നതെന്നും ചില മുസ്ലിം പണ്ഡിതർ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഒരു വ്യക്തി മറ്റൊരു വ്യക്തിയെ തിരിച്ചറിയുക എന്നതിനപ്പുറം അറഫയെന്നത് മനുഷ്യന് അവന്‍റെ സൃഷ്ടാവിനെ തിരിച്ചറിയേണ്ടതിനെയാണ് സൂചിപ്പിക്കുന്നത്.

ഹജ്ജിലെ പ്രധാനമായ ചടങ്ങാണിത്. ലോകത്തിന്‍റെ വിവിധ മുക്കുമൂലകളില്‍ നിന്ന് എത്തിച്ചേരുന്ന വിശ്വാസികളെല്ലാം ദേശ, ഭാഷ, വര്‍ഗ, വര്‍ണ വ്യത്യാസങ്ങള്‍ മറന്ന് ഇവിടെ ഒരേ വസ്ത്രം ധരിച്ച് ഒരേ അല്ലാഹുവിന്‍റെ (ഏകനായ ദൈവം എന്നതിന്‍റെ അറബി പദമാണ് അല്ലാഹു) മുമ്പില്‍ കൈനീട്ടി നിന്ന് പ്രാര്‍ഥിക്കുകയും ഒരേ നേതാവിന്‍റെ പ്രഭാഷണം ശ്രവിക്കുകയും ചെയ്യുന്നു. മുസ്ലിം സമൂഹത്തെ പരസ്പരം പരിചയപ്പെടുന്നതിലും ഏകീകരിക്കുന്നതിലും ഹജ്ജിന് മുഖ്യമായ പങ്കാണുള്ളത്.

അറഫ നോമ്പ്

ഹജ്ജ് കര്‍മം നിര്‍വഹിക്കാൻ കഴിയാത്ത ലോകത്തിലെ മറ്റു മുസ്‌ലിങ്ങള്‍ നിര്‍വഹിക്കേണ്ട വ്രതമാണ് അറഫ ദിനത്തിലെ നോമ്പ്. ദുല്‍ഹിജ്ജ മാസത്തിലെ ഒൻപതാം ദിവസമാണ് ഇത് അനുഷ്ഠിക്കേണ്ടത്. അറഫയിൽ ഹാജിമാർ സമ്മേളിച്ചാലും ഇല്ലെങ്കിലും (കൊവിഡ് പോലുളള കാരണങ്ങളാൽ) ഹജജ് തന്നെ ഇല്ലാത്ത അവസ്ഥ വന്നാലും ദുൽഹിജ്ജ ഒമ്പതാം ദിവസം നോമ്പ് അനുഷ്ഠിക്കണം. കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറിയ ദോഷങ്ങൾ പൊറുപ്പിക്കുന്നതാണ് ഈ വ്രതം.

Last Updated : Jul 19, 2021, 1:00 PM IST

ABOUT THE AUTHOR

...view details