കെയ്‌റോ: ഈജിപ്‌റ്റില്‍ പാസഞ്ചർ ട്രെയിൻ പാളം തെറ്റി 32 പേർ മരിച്ചു. 109 പേർക്ക് പരിക്കേറ്റു. കെയ്‌റോയിൽ നിന്ന് മൻസൂറയിലെ നൈൽ ഡെൽറ്റ നഗരത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന ട്രെയിനാണ് പാളം തെറ്റി അപകടത്തിൽപ്പെട്ടത്. എന്നാൽ അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു. അതേസമയം പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏകദേശം 60 ആംബുലൻസുകൾ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഈജിപ്‌റ്റില്‍ പാസഞ്ചർ ട്രെയിൻ പാളം തെറ്റി ; 32 മരണം - ട്രെയിൻ അപകടം
കെയ്‌റോയിൽ നിന്ന് മൻസൂറയിലെ നൈൽ ഡെൽറ്റ നഗരത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്.
ഈജിപ്‌റ്റില്‍ ട്രെയിൻ അപകടങ്ങൾ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം നൈൽ ഡെൽറ്റ പ്രവിശ്യയായ ഷാർഖിയയിൽ പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് 18 പേർ മരിക്കുകയും കുട്ടികളടക്കം 200 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മാർച്ച് 25ന് നടന്ന അപകടത്തിന് പിന്നിൽ റെയിൽവേ ജീവനക്കാരുടെ അശ്രദ്ധയാണെന്ന് കണ്ടെത്തിയതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.
അതേസമയം റെയില്‍വേയുടെ വിപുലമായ നവീകരണത്തിനും ആധുനികവൽക്കരണത്തിനും തുടക്കമിട്ടതായി ഈജിപ്‌ഷ്യൻ സർക്കാർ അറിയിച്ചു. റൺ-ഡൗൺ റെയിൽ സംവിധാനം ക്രമീകരണത്തിനായി 250 ബില്യൺ ഈജിപ്‌ഷ്യൻ പൗണ്ട് അഥവാ 14.1 ബില്യൺ യുഎസ് ഡോളർ വേണ്ടിവരുമെന്ന് പ്രസിഡന്‍റ് അബ്‌ദേൽ ഫത്താഹ് അൽ സിസി അറിയിച്ചു.