ജറുസലേം: ഭൂരിപക്ഷം തെളിയിക്കാനാകാതെ പടിയിറക്കത്തിന്‍റെ വക്കിലെത്തി നില്‍ക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള 28 ദിവസത്തെ കാലപരിധി ഇന്ന് അവസാനിച്ചതോടെയാണ് 15 വര്‍ഷം ഇസ്രയേലിന്‍റെ അധികാരത്തലപ്പത്തിരുന്ന നെതന്യാഹുവിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. അഴിമതിക്കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് പുതിയ പ്രതിസന്ധിയും.
വലിയ രാഷ്ട്രീയ അനിശ്ചിതാവസ്ഥകള്‍ക്കിടയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് തവണയാണ് ഇസ്രയേലില്‍ തെരഞ്ഞെടുപ്പ് നടന്നത്. അവസാന പൊതു തെരഞ്ഞെടുപ്പില്‍ മാര്‍ച്ച് 23ന് ഫലം പ്രഖ്യാപിച്ചപ്പോള്‍ 120 അംഗ കനേസെറ്റില്‍ (ഇസ്രയേല്‍ പാര്‍ലമെന്‍റ്) 61 സീറ്റുകളുമായി കേവലഭൂരിപക്ഷത്തിന് തൊട്ടുതാഴെ നെതന്യാഹുവിന്‍റെ പാര്‍ട്ടിയായ ലികുഡ് നേതൃത്വം നല്‍കിയ വലത് പക്ഷ മുന്നണി വീണു. കൊവിഡ് പ്രതിരോധ വാക്സിനേഷന്‍ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടും തീവ്ര വലത് വിഭാഗങ്ങളിലെ ഭിന്നതയാണ് നെതന്യാഹുവിന് തിരിച്ചടിയായത്. 1996 മുതല്‍ 99 വരെയും പിന്നീട് 2009 മുതല്‍ 21 വരെയും നീണ്ട അധികാര കാലത്തിന്‍റെ അപ്രമാദിത്തം, സൈനികനില്‍ രാജ്യത്തിന്‍റെ പരമാധികാരിയായി വരെ വളര്‍ന്ന ഇസ്രയേല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ അതികായന്‍, എത് തന്ത്രം പ്രയോഗിച്ചാണെങ്കിലും അയാള്‍ അധികാരത്തില്‍ തുടരുമെന്ന് വിലയിരുത്തപ്പെട്ടിരുന്നതിനിടെയാണ് ഈ പടിയിറക്കവും.
കൂടുതല്‍ വായനയ്ക്ക്:ഇസ്രയേൽ തെരഞ്ഞെടുപ്പ്; നെതന്യാഹുവിനെതിരെ പ്രതിഷേധം
യാഥാസ്ഥിതിക മുസ്ലീം രാഷ്ട്രീയ സംഘടനയായ റാം പാര്‍ട്ടിയെയും തീവ്ര ജൂത നിലപാടുകളുള്ള സയണിസം അലയന്‍സിനെയും തമ്മില്‍ ധാരണയിലെത്തിക്കാന്‍ കഴിയാത്തതാണ് നെതന്യാഹുവിന്‍റെ പടിയിറക്കത്തിന് കാരണമായി രാഷ്ട്രീയ കേന്ദ്രങ്ങള്‍ പറയുന്നത്. 20 ശതമാനം വരുന്ന അറബ് വംശജരുടെ ജീവിത നിലവാരം വര്‍ധിപ്പിക്കാന്‍ എന്ത് ധാരണയ്ക്കും തയ്യാറെന്ന് റാം പാര്‍ട്ടി പ്രഖ്യാപിച്ചെങ്കിലും അറബ് വിരുദ്ദ വിദ്വേഷ നിലപാടുകളില്‍ നിന്നും സയണിസം അലയന്‍സ് പിന്നോട്ട് പോകാന്‍ തയ്യാറായിരുന്നില്ല. തീവ്രവാദികളെ പിന്തുണയ്ക്കുന്നവരുമായി ഒത്ത് പോകാന്‍ ആകില്ലെന്ന് അവര്‍ പ്രഖ്യാപിച്ചതോടെ നെതന്യാഹുവിന്‍റെ വിധി ഉറപ്പിച്ചിരുന്നു. പിണക്കത്തില്‍ കഴിയുന്ന മുന്‍ അനുയായിയും തീവ്ര മതദേശീയ വാദിയും കോടീശ്വരനുമായ നാഫ്റ്റലീ ബൈന്നറ്റ്, ലികുഡ് പാര്‍ട്ടി വിട്ട് ന്യൂ ഹോപ്പ് പാര്‍ട്ടിയിലേക്ക് പോയവര്‍ ഇവരെയെല്ലാം തിരിച്ചെത്തിച്ചും അധികാരം നിലനിര്‍ത്താന്‍ നെതന്യാഹുവിന് കഴിയുമായിരുന്നു. പക്ഷെ നെതന്യാഹുവിനെ പുറത്താക്കുകയാണ് തന്‍റെ പാര്‍ട്ടിയുടെ പ്രാഥമിക ലക്ഷ്യമെന്ന് ന്യൂഹോപ്പ് പാര്‍ട്ടി തലവന്‍ ഗിഡിയന്‍ സാറും വലത് പക്ഷ സര്‍ക്കാര്‍ രൂപീകരണത്തിന് നിലനില്‍പ്പുള്ള സഖ്യം രൂപീകരിക്കാന്‍ നെതന്യാഹുവിനാകില്ലെന്ന് ബെന്നറ്റും വ്യക്തമാക്കിയതോടെ ആ വഴികളും അടഞ്ഞു. ബെന്നറ്റിന്‍റെ നേതൃത്വത്തില്‍ തീവ്ര വലത് പക്ഷപാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറെടുക്കുന്നതായും വിലയിരുത്തലുണ്ട്.
കൂടുതല്‍ വായനയ്ക്ക്:ബെഞ്ചമിൻ നെതന്യാഹുവിന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം
സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശേഷിയില്ലെന്ന് നെതന്യാഹു അറിയിച്ചതായി ഇസ്രായേല്‍ പ്രസിഡന്‍റ് റ്യൂവന്‍ റിവ്ളിന്‍റെ ഓഫീസ് പ്രസ്താവന പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയ പ്രതിപക്ഷ നേതാവ് യായില്‍ ലാപിദിനെയും അദ്ദേഹത്തിന്‍റെ മിതവാദി നിലപാടുകളുള്ള യേഷ് അതീദ് പാര്‍ട്ടിയെയും സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്‍റ് ക്ഷണിച്ചേക്കും. പ്രധാനമന്ത്രി സ്ഥാനമടക്കം പങ്കുവച്ച് നാഫ്റ്റലീ ബെന്നറ്റുമായി സഖ്യത്തിന് സന്നദ്ധതയറിയിച്ചു കഴിഞ്ഞു ലാപിദ്. ഇസ്രായേലികളുടെ മനസുകളിലെ അതിര്‍വരമ്പുകള്‍ ഇല്ലാതാക്കാമെന്നാണ് ലാപിദിന്‍റെ പ്രഖ്യാപനം.