ഗസ: ഇസ്രയേൽ-പലസ്‌തീൻ സംഘർഷം തുടർച്ചയായ രണ്ടാം ആഴ്‌ചയിലേക്ക് നീങ്ങുമ്പോൾ ഗസയിൽ മരണസംഖ്യ 200 കവിഞ്ഞു. 1,500ഓളം പലസ്‌തീനികൾക്ക് പരിക്കേറ്റു. 212 പലസ്‌തീനികൾ മരിച്ചതായി അന്താരാഷ്‌ട്ര മാധ്യമം അൽ ജസീറ റിപ്പോർട്ട് ചെയ്‌തു. മരിച്ചവരിൽ 61 കുട്ടികളും ഉൾപ്പെട്ടതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാത്രം 41 പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. എന്നാൽ മരിച്ചവർ തീവ്രവാദികളാണെന്നാണ് ഇസ്രയേലിൻ്റെ വാദം. സംഘർഷത്തിൽ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് മൂവായിരത്തിലധികം റോക്കറ്റുകളാണ് വർഷിച്ചത്. ഇസ്രയേലിൽ രണ്ട് കുട്ടികളും ഒരു ഇന്ത്യൻ പൗരനും ഉൾപ്പെടെ പത്തോളം പേർ കൊല്ലപ്പെടുകയും ചെയ്തു.
ഇടപെട്ട് വൈറ്റ് ഹൗസ്
യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചിരുന്നു. വെടിനിർത്തലിന് പിന്തുണ അറിയിച്ചതായാണ് റിപ്പോർട്ട്. ഇതിനിടെ ബൈഡന്‍ ഇസ്രയേല്‍ പ്രസിഡൻ്റ് ബെഞ്ചമിന്‍ നെതന്യാഹുവിനേയും പലസ്‌തീന്‍ പ്രസിഡൻ്റ് മഹ്‌മൂദ് അബ്ബാസിനേയും ഫോണിൽ വിളിച്ച് സ്ഥിതിഗതികളിലെ ആശങ്കയറിയിച്ചു. മാധ്യമ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ സ്ഥിതി ചെയ്‌തിരുന്ന കെട്ടിടം തകര്‍ത്തതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
പലായനം ചെയ്ത് പലസ്തീനികള്‍
ഇസ്രായേൽ-പലസ്‌തീൻ സംഘര്‍ഷം തുടങ്ങിയതിന് പിന്നാലെ പതിനായിരത്തിലധികം പേര്‍ പലായനം ചെയ്തതായി യുഎന്‍ വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണങ്ങളില്‍ അയല്‍ രാജ്യങ്ങളിലും പ്രതിഷേധം ശക്തമാവുകയാണ്. ലെബനന്‍ അതിര്‍ത്തിയില്‍ രണ്ട് പലസ്‌തീന്‍ അനുകൂലികളെ ഇസ്രയേല്‍ സൈന്യം വെടിവച്ച് കൊന്നതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഓപ്പറേഷൻ ഗാർഡിയൻ ഓഫ് ദി വാളുമായി മുന്നോട്ട് പോകാൻ നെതന്യാഹു ഐഡിഎഫിനോട് നിർദേശിച്ചതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിലെ എല്ലാ നിവാസികൾക്കും സമാധാനവും സുരക്ഷയും പുനസ്ഥാപിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഞങ്ങൾ തുടരുമെന്ന് അദ്ദേഹം അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.