ബാഗ്ദാദ്:സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്‌ദി പാര്‍ലമെന്‍റിന് മുമ്പാകെ സമര്‍പ്പിച്ച രാജി സ്വീകരിച്ചു. പാര്‍ലമെന്‍റ് അംഗങ്ങള്‍ വോട്ടെടുപ്പിലൂടെയാണ് രാജിക്ക് അംഗീകാരം നല്‍കിയത്. രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് രാജി.
വെള്ളിയാഴ്ചയാണ് അബ്ദുല്‍ മഹ്ദി രാജി വെക്കുന്നതായി അറിയിച്ചത്. തുടര്‍ന്ന് അടിയന്തര മന്ത്രിസഭ ചേര്‍ന്ന് പ്രധാനമന്ത്രിയുടെ രാജി ഔഗ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നടപടി ക്രമങ്ങള്‍ അനുസരിച്ച് അടുത്തത് പാര്‍ലമെന്‍റില്‍ രാജി സമര്‍പ്പിക്കുകയാണ് അടുത്ത നീക്കം.
രാജ്യത്ത് മാസങ്ങളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രക്തരൂക്ഷിതമായ സാഹചര്യത്തിലാണ് അബ്ദുല്‍ മഹ്ദിക്ക് പടിയിറങ്ങേണ്ടി വന്നത്. ഒക്ടോബര്‍ മുതല്‍ തുടങ്ങിയ പ്രക്ഷോഭത്തില്‍ 400 ലേറെ പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
രാജ്യത്തെ ഭരണഘടന പ്രകാരം അടുത്ത പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യാന്‍ പ്രസിഡന്‍റ് ബര്‍ഹാം സാലിഹ് പാര്‍ലമെന്‍റിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘത്തോട് ആവശ്യപ്പെടണം എന്നാണ്. അബ്ദുള്‍ മഹ്ദിയുടെ സര്‍ക്കാര്‍ 30 ദിവസത്തേക്ക് സംരക്ഷിത ചുമതല വഹിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. പകരം പുതിയ സ്ഥാനാർഥിയെ പാർലമെന്‍റിലെ ഏറ്റവും വലിയ സംഘം അംഗീകരിക്കുന്നതുവരെയാകും ഇത് തുടരുക.
പ്രധാനമന്ത്രി തന്‍റെ രാജി രാഷ്ട്രപതിക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. വ്യവസ്ഥകള്‍ അനുസരിച്ച് പ്രധാനമന്ത്രി അങ്ങനെ ചെയ്യുകയാണെങ്കില്‍ പാര്‍ലമെന്‍റിലെ ഏറ്റവും വലിയ സംഘം ബദല്‍ നാമനിര്‍ദേശം ചെയ്യുന്നതുവരെ പ്രസിഡന്‍റ് ചുമതലയേല്‍ക്കും. ഭരണഘടന അനുസരിച്ച് രണ്ടാഴ്ചക്കുള്ളില്‍ തീരുമാനം ആവശ്യമാണ്.