ടെഹ്‌റാൻ: അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങൾക്ക് വേണ്ടി ചാരവൃത്തി നടത്തിയ ആളുടെ വധശിക്ഷ നടപ്പാക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. അമേരിക്കൻ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാൻ മിലിറ്ററി കമാൻഡർ ഖാസിം സുലൈമാനിയെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിക്കൊടുത്തു എന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. മഹമൂദ് മൗസവി മജ്‌ദ് എന്നാണ് ഇയാളുടെ പേര്. ഖാസിം സുലൈമാനിയെക്കുറിച്ചും പര്യവേഷണ യൂണിറ്റായ ഖുഡ്‌സിനെക്കുറിച്ചുമുള്ള സുരക്ഷാ വിവരങ്ങളാണ് ഇയാൾ ചോർത്തിയതെന്ന് ജുഡീഷ്യറി വക്താവ് ഗോലാംഹോസെൻ ഇസ്‌മയിലി ആരോപിച്ചു.
ഖാസിം സുലൈമാനിയുടെ മരണം; ചാരവൃത്തി നടത്തിയ ആളുടെ വധശിക്ഷ നടപ്പാക്കുമെന്ന് ഇറാൻ - ഖാസിം സുലൈമാനി
അമേരിക്കൻ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാൻ മിലിറ്ററി കമാൻഡർ ഖാസിം സുലൈമാനിയെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിക്കൊടുത്തതിനാണ് മഹമൂദ് മൗസവി മജ്‌ദ് എന്നയാൾക്ക് വധശിക്ഷ പ്രഖ്യാപിച്ചത്.
ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയുമായും, സിഐഎയുമായും മജ്‌ദിന് ബന്ധമുണ്ടെന്ന് ഇസ്‌മയിലി പറഞ്ഞു. എന്നാൽ ഏജൻസികളൊന്നും പ്രതികരിച്ചിട്ടില്ല. വധശിക്ഷ എപ്പോൾ നടപ്പാക്കുമെന്ന് അറിയിച്ചിട്ടില്ല. ജനുവരി മൂന്നിന് നടന്ന അമേരിക്കൻ വ്യോമാക്രമണത്തില്‍ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ് ഡെപ്യൂട്ടി കമാൻഡർ അബു മഹ്ദി അൽ മുഹന്ദിസും, എയർപോർട്ട് പ്രോട്ടോക്കോൾ ഉദ്യോഗസ്ഥൻ മുഹമ്മദ് റെഡയും ഉൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനും ഖാസിം സുലൈമാനിയുടെ കൊലപാതകത്തിലും ടെഹ്‌റാൻ പിന്നീട് തിരിച്ചടിച്ചു.