ഫറോവമാരുടെ കാലത്ത് തുടങ്ങിയതാണ് ഈജിപ്തിലെ ഏകാധിപത്യ ഭരണം. എന്നാല്‍ അടിമത്വനുകത്തിനു കീഴില്‍ യാതനകളും വേദനകളും അനുഭവിച്ച ഒരു ജനത അവരുടെ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി കൈ ഉയര്‍ത്തി. സംസ്കൃതിയുടെ കളിത്തൊട്ടില്‍ എന്ന് വിളക്കപ്പെടുന്ന ഈജിപ്തിന്‍റെ മണ്ണിലന്ന് മുല്ലപ്പൂ വിപ്ലവത്തിന്‍റെ വിത്തുമുളച്ചു. പിന്നീട് കണ്ടത് ജനാധിപത്യത്തിന് വേണ്ടി ചരിത്രത്തിലിന്നോളം കണ്ടിട്ടില്ലാത്ത രക്തരൂക്ഷിതമായ മുറവിളികളായിരുന്നു.
മുല്ലപ്പൂ വിപ്ലവം അറബ് ലോകത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. സ്വാന്ത്ര്യം തങ്ങള്‍ക്കേറ്റ മുറിവുകള്‍ ഉണക്കുമെന്ന് കരുതിയ ഈജിപ്ഷ്യന്‍ ജനതക്ക് തെറ്റിയോ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. സംസ്കൃതിയുടെ നഗരം വീണ്ടും ജനാധിപത്യത്തിനായി മുറവിളി കൂട്ടുകയാണ്. ഇതൊരു രണ്ടാം മുല്ലപ്പൂ വിപ്ലവമാകുമൊ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.
മുല്ലപ്പൂ വിപ്ലവത്തിന്‍റെ പ്രതിഫലനമെന്നോണം അധികാരത്തിലെത്തിയ പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച്ച ആയിരങ്ങള്‍ തെരുവിലിറങ്ങി. പ്രസിഡന്‍റിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ ആണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. രാജ്യത്തെ സമ്പന്നനും അഭിനേതാവുമായ മുഹമ്മദ് അലിയാണ് സിസിക്കെതിരെ സാമൂഹ്യ മാധ്യമം വഴി ആരോപണം ഉന്നയിച്ചത്. സിസി ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം അഴിമതി വീരനാണെന്നും അലി പറയുന്നു.
ചൊവ്വാഴ്ച്ചയാണ് വീഡിയോ പുറത്ത് വന്നത്. ബുധനാഴ്ചയോടെ തന്നെ ജനം തെരുവിലിറങ്ങിയിരുന്നു. ജനാധിപത്യം സംരക്ഷിക്കുന്നതില്‍ പ്രസിഡന്‍റ് പരാജയപ്പെട്ടിരിക്കുന്നു എന്ന് ജനം ആവര്‍ത്തിക്കുന്നു. വ്യാഴാഴ്ച പ്രസിഡന്‍റ് ആരോപണം തള്ളുകയും രാജിയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ വെള്ളിയാഴ്ച പ്രതിഷേധം കനത്തു.