ബൈയ്‌ജിങ്: ചാര പ്രവൃത്തി ആരോപിച്ച് തടങ്കലിലാക്കിയ കനേഡിയന്‍ പൗരന് 11 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് ചൈന. 2018ല്‍ ചൈനയില്‍ തടങ്കലിലായ കനേഡിയന്‍ സംരംഭകന്‍ മൈക്കള്‍ സ്‌പാവറിനെയാണ് ലിയൗണിങ് പ്രവശ്യയിലെ കോടതി 11 വര്‍ഷം തടവ് വിധിച്ചത്.
കാനഡയില്‍ അറസ്റ്റിലായ വാവായിയുടെ സിഎഫ്ഒ മെങ് വാന്‍ഷുവിനെ മോചിപ്പിക്കുന്നതിന്‍റെ ഭാഗമായി കാനഡക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള ചൈനയുടെ നീക്കമായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെങ് വാന്‍ഷുവിനെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് കാനഡയിലെ കോടതി അടുത്ത ആഴ്‌ച അന്തിമ വാദം ആരംഭിക്കും.
'ഹോസ്റ്റേജ് ഡിപ്ലൊമസി'
2018 ഡിസംബറിലാണ് സ്‌പവറിനെയും മുന്‍ നയതന്ത്രജ്ഞനായ മൈക്കള്‍ കോവ്‌റിഗിനേയും ചൈന തടങ്കലിലാക്കുന്നത്. വാവായ് സിഎഫ്ഒ മെങ് വാന്‍ഷു അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളിലാണ് ഇരുവരെയും ചൈന ചാര പ്രവൃത്തി ആരോപിച്ച് തടങ്കലിലാക്കുന്നത്. വിദേശ ശക്തികള്‍ക്ക് രാജ്യത്തിന്‍റെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു കേസ്. ചൈന നടത്തുന്നത് ഹോസ്റ്റേജ് ഡിപ്ലൊമസിയാണെന്നാണ് വിമര്‍ശകരുടെ ആരോപണം.